2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

പൊളിച്ചെഴുത്ത് / പൊളിയെഴുത്ത്

ഈയിടെ ടാറിട്ട
നാട്ടുവഴി കീറിമുറിച്ച്‌
ഇന്നലെ മൂവന്തിക്ക്
ചീറിപ്പാഞ്ഞൊരു  ഇരുകാലി .

ഇന്ന് പത്രത്താളിലെ 
ചരമക്കോളത്തിൽ
ചിരിച്ച മുഖമായി
ഞാനൊരു  വേറിട്ട വാർത്ത .

മേശപ്പുറത്ത്
നീട്ടി നിവർത്തിയിട്ട്
കീറിമുറിഞ്ഞ ശരീരത്തിൽ
മൂർച്ചയുള്ള കത്തികൊണ്ട്
തലങ്ങനെ വിലങ്ങനെ
വരകൾ .

ശ്വാസകോശം മുറിച്ച്
ശ്വാസമിറങ്ങിപ്പോയ
വഴികളിൽ  ആരൊക്കെയോ
കത്തിയുടെ മുന തൊടുന്ന 
കാൽപ്പെരുമാറ്റം .

നടന്നു ശീലിച്ച കാലുകളുടെ
നീളവും വീതിയും നിറവും
ഇടയ്ക്കിടെ മാറുമ്പോഴും
മേശയുടെ കാലുകൾക്ക്
ഞാനെത്ര കണ്ടിരിക്കുന്നു
എന്ന മട്ട് .

അടർത്തിയെടുത്ത് 
തിരിച്ചും മറിച്ചും നോക്കി
ചില്ലിനുമേലെ കുടഞ്ഞിട്ട
കറുത്തുപോയ കരളിന്റെ
ഒരു കഷ്ണം .

ആമാശയഭിത്തിയിൽ
ഇന്നലെ രാത്രി കുടിച്ചതിൽ
ഒറ്റപ്പെട്ടുപോയ
കഞ്ഞിയിലെ ഒരു വറ്റ്‌
എല്ലാവരും ചേർന്ന്
ഒരു വലിയ മല
താങ്ങിയെടുക്കുമ്പോലെയെടുത്ത്
പലവട്ടം പലതിൽ കുളിപ്പിച്ച്
ഉരുട്ടിയെടുത്ത് 
പുനഃസ്ഥാപിക്കൽ.

ഹൃദയമിരുന്നിടത്ത്
കുടിച്ചു വറ്റിച്ച
വേദനകളുടെ
സഹനത്തിന്റെ
പ്രത്യാശകളുടെ
അടഞ്ഞ വാതിലിന്റെ
നേർത്ത ഞരക്കം .

ചിതറിപ്പോയ ഗർഭപാത്രം
അവരൊരുമിച്ചു ചേർന്ന്
ഒതുക്കിക്കൂട്ടിയെടുക്കുകയാണ് 
എനിക്കൂഹിക്കാൻ കഴിയും
വെളുത്ത കടലാസ്സിൽ
എഴുതി തയ്യാറാക്കപ്പെട്ട 
ഒരു തിരക്കഥ
അടുത്തവൾ എത്തുംമുമ്പേ
എനിക്കിവിടം
ഒഴിഞ്ഞുകൊടുക്കേണ്ടതുണ്ട് .

അനാഥർ  കൊല്ലപ്പെടാറില്ല
ആത്മഹത്യ അവർക്കൊരു
നേരമ്പോക്കാണത്രെ ...!