2020, ജനുവരി 30, വ്യാഴാഴ്‌ച

പല പല 
ആവൃത്തികളിൽ
വന്നു പോകുന്ന
ചിരിയും കരച്ചിലും 
തൊട്ടെടുത്ത്,
ഞാനൊരു നാടകത്തിന്റെ
ശബ്ദരേഖ 
കേട്ടിരിക്കുകയാണെന്ന് 
ഭാഷയറിയാത്തൊരു കാത്.
പിടഞ്ഞു വീണ
ആകാശത്തിനടിയിൽ
ശ്വാസമറ്റുപോയ ചിറകിനെ
അടക്കിപ്പിടിച്ച്,
ഒന്നും ഒന്നുമല്ലെന്ന്
വീണ്ടുമൊരാളലിൽ
തൂവിയൊലിച്ചുപോകുന്ന
ഓർമ്മയുടെ തിള.

2020, ജനുവരി 26, ഞായറാഴ്‌ച

പൂത്തുലഞ്ഞ കാടും
തെളിഞ്ഞൊഴുകിയ പുഴയും
പടിയിറങ്ങിപ്പോയതിന്റെ
മഞ്ഞിച്ച അടയാളങ്ങൾ.
മരണത്തിനും ജനനത്തിനും
പാലം പണിഞ്ഞ് 
മുങ്ങിത്താഴ്ന്നുപോയ ശ്വാസം.
എന്നോ മരിച്ചൊരെന്നെ
പുതപ്പിച്ചു കിടത്തിയിരിക്കുന്ന
വാക്കിന്റെ വെള്ള.
നെഞ്ചിന്നിടത്ത് 
തുന്നിപ്പിടിപ്പിച്ച ചുവന്ന പൂവ്.
ഇതളിലിനിയുമടർന്നു വീഴാത്ത
മഞ്ഞുതുള്ളിയിൽ
ഭൂമിയെ പൊതിഞ്ഞുപിടിക്കുന്ന
സൂര്യന്റെ വിരലുകൾ.

2020, ജനുവരി 20, തിങ്കളാഴ്‌ച

പേടിച്ചുണരാതെ 
തലയണയ്ക്കടിയിൽ
തിരുകിവെച്ച 
ആകാശത്തിന്റെ 
താക്കോൽക്കൂട്ടം,
തിരി താഴ്ത്തിവെച്ച 
നക്ഷത്രപ്പാതി,
മഴച്ചുളിവുകളില്ലാത്ത   
വർണ്ണപ്പുതപ്പ്.
വിരൽത്തണുപ്പേറ്റ്
വിരിഞ്ഞ നെറ്റി,
ശ്വാസതാളമിറ്റിറ്റു- 
മിനുങ്ങിയ ചുണ്ടുകൾ.

കാവലായ് 
നിലത്തുണർന്നിരിക്കുന്ന
പുൽപ്പായ.

മരിച്ച നിലാവിനെന്തിന്  
കണ്ണെഴുത്തെന്ന്,
രാവുണ്ണാൻ പറന്നു പോകുന്നവളുടെ
കിളിപ്പാട്ട്.



2020, ജനുവരി 18, ശനിയാഴ്‌ച

ആകാശമൊന്നാകെ
നിവർത്തി വിരിച്ചിരുന്നു.
മഴമണികൾ തൂക്കിയിട്ടിരുന്നു
ജനാലകളൊന്നാകെ.
നട്ടു നനച്ചിരുന്നു
ഋതുവറിയാതെ പൂത്തുലയുന്ന  
മുറ്റം.

നിഴൽ മെടഞ്ഞോർമ്മ മേയുന്ന 
തൂവൽത്തുഞ്ചത്തിപ്പൊഴും
തെളിഞ്ഞുകാണാം,
മഴവില്ല്  ചുണ്ടു കുടഞ്ഞിട്ടതിന്റെ 
നനവ്.

2020, ജനുവരി 17, വെള്ളിയാഴ്‌ച

തട്ടിക്കൂട്ടി
ഉണക്കിവെയ്ക്കും,
രാവും പകലും
മുറതെറ്റാതെ.
പതിരല്ല പതിരല്ലെന്ന്
തൂവൽ പൊതിയും
മുറ്റം കാക്കുന്ന 
കിളയനക്കങ്ങൾ.
തീയും പുകയും തുപ്പി   
പൊട്ടിയൊലിക്കാൻ
ഒരൊറ്റച്ചുവട്.
നീയാണെന്റെ രാജ്യമെന്ന്
മുന കൂർപ്പിച്ച്  
വരഞ്ഞു വരഞ്ഞ്
മൂർച്ചപ്പെട്ടതാണെന്റെയീ  
മുറിവടയാളങ്ങൾ.

പൊട്ടിവീണ
ഊഞ്ഞാലിന്
ആയം തുന്നുന്നു 
ഒടിഞ്ഞ വിരലുകൾ.
നീട്ടിത്തരുന്നില്ല,
കാറ്റുമൊരു വേഗം.
പൊഴിച്ചിടുന്നു നിഴലുകൾ,
നിവർന്നു നിന്നൊരു 
ചില്ല.
നിലംപറ്റിയ ഓർമ്മയുടെ
മുറിവൂതി,മണ്ണു കുടഞ്ഞ്
കുരുക്കിടുന്നൊരു വരി.


2020, ജനുവരി 14, ചൊവ്വാഴ്ച

വിരിഞ്ഞത്
പൂക്കളല്ല,നക്ഷത്രങ്ങൾ.
വരച്ചതു മേഘങ്ങളല്ല
പടർന്നേറിയ ചില്ലകൾ.
കണ്ണിനുള്ളിലൊരു കുറുകൽ.
ചേക്കേറിയ കിനാവ്
തൂവൽ മിനുക്കുന്നതാവാം.

2020, ജനുവരി 13, തിങ്കളാഴ്‌ച

പലയാവർത്തി
ഓർമ്മപ്പെടുത്തിയും
വീണ്ടുമെഴുതിയും
രസക്കൂട്ടിലഴിഞ്ഞ്, 
ഒരുച്ചവെയിലോർമ്മ.
ഓരോ കിതപ്പിനും
കൂനെന്ന പോലെ.
മുറിഞ്ഞുപോകുന്നെന്റെ
നടത്തമെന്ന്
വഴിയോടോരോ കാലടിയും.
വെയിൽ മടക്കിവെച്ച്, 
ഇല തോർത്തി വിരിച്ച്,
ഒറ്റയ്ക്കൊരോർമ്മയുണ്ണുന്ന
നേരങ്ങളിലാണ്
ഞാൻ നിന്റെ വിരലിൽ
പറ്റിപ്പിടിച്ചിരിക്കാറ്.

2020, ജനുവരി 12, ഞായറാഴ്‌ച

ചിറകൊന്നേ
വരച്ചുള്ളു.
ഒറ്റക്കുതിപ്പായിരുന്നു,
പ്രകാശവേഗതയിൽ.
നക്ഷത്രക്കുളങ്ങളെല്ലാം
കുടിച്ചു വറ്റിച്ച്
കട്ടപിടിച്ചുപോയ  
ഇരുട്ടിന്റെ വേരുകൾ.
മുറിഞ്ഞു വീണിരിക്കുന്നു,
ചന്ദ്രനിരുന്ന ചില്ല.
കേൾക്കുന്നുണ്ട്,
ആരോ അവനെ വിഴുങ്ങി 
വയറു വീർപ്പിച്ച്
കൂർക്കംവലിച്ചുറങ്ങുന്നതിന്റെ  
ഒച്ച.
കൊണ്ടു വരേണ്ടതായിരുന്നു,
ഒരു നിറമെങ്കിലും.
വിരൽത്തുമ്പു തെളിയിച്ച് 
പച്ചകുത്താമായിരുന്നു, 
ആകാശമേടയുടെ നെറ്റിയിൽ
ഒരു മിന്നാമിനുങ്ങിനെ.