2015, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ഉള്ളാലെ , ഉയിരാലെ ...

എത്ര നന്നായി
അടുക്കിയടുക്കിവെച്ചാലും
ചിതറപ്പെടുന്ന മുറികളുണ്ട് .

വലിച്ചുതാഴ്ത്തിയിടപ്പെട്ട
കർട്ടനുകൾ
ഊർന്നുവീണു ചിതറിയ
കുന്നിമണികൾ
മുഖചിത്രമടർന്ന്
നിര തെറ്റിയ പുസ്തകങ്ങൾ
ഉരുകിയൊലിച്ചുതീർന്ന
മെഴുകുതിരികൾ
തുറന്നു വെച്ച
മഷിക്കുപ്പിയും പേനകളും.

ചിക്കിചികഞ്ഞിടുന്ന നഖങ്ങൾ
എന്റേതു തന്നെയാണെന്ന്
വിരലുകളിൽ അമർത്തിച്ചുംബിച്ച്
നീ വീണ്ടുമോർമ്മപ്പെടുത്തുന്നു .

ഒരു ശ്വാസത്തിനുപോലും
കടന്നിരിക്കാനാവാത്ത വിധം
ഓരോ മുറിയുടെ മുക്കും മൂലയും
ഒരു തുള്ളി വാക്കിന്റെ മണംകൊണ്ട് 
നിറ നിറേ നിറച്ചുവെയ്ക്കുന്നു .

ഞാനീ മുറികൾ തഴുതിട്ടു പൂട്ടുന്നു .

ഇന്നലെ പെയ്ത പെരുമഴയുടെ
വിത്തിൽനിന്ന്
ഞാനൊരു കരിമേഘത്തെ
മുളപ്പിച്ചെടുക്കട്ടെ ....!
2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

നിർവ്വാത


നഖം
കൂർപ്പിച്ചൊരുക്കി
കുറിമാനം കൊണ്ടുവരും
ആടിയുലഞ്ഞൊരു 
വൻ തിര .
അടർത്തിയെടുത്ത്
ചെറു മറുകായ്
ഉടലാഴത്തിലെന്നെ
അടരാതെ പതിച്ചുവെയ്ക്കാൻ .

ഒരു മാത്ര ....
മണമായ് 
നിറമായുണരുന്ന
പൂവിതളിൽ നിന്നൊരു
സൂര്യകണമടർത്തിയെടുക്കാൻ ,
ഉയിരാഴത്തിലൊരു തുള്ളിയായ് 
എന്റേതെന്റേതെന്ന്
കൊളുത്തിവെയ്ക്കാൻ
എനിക്കൊരു ചെറു വിരൽ .

മതി ....
ഞാനൊരു
നേർത്ത വരയാവും.
നീയെന്നിൽ
നിന്റെ നഖപ്പാട് ചേർക്കുക .


2015, ഒക്‌ടോബർ 8, വ്യാഴാഴ്‌ച

വെളിപാട്

നിന്റെ അനാഥത്വമായിരുന്നു
എന്റെ പിറവി
നിന്റെ വേദനകളായിരുന്നു
എന്റെ വിശപ്പ്‌
ഉറങ്ങാതിരുന്നു കാക്കണമെന്ന്
നിന്റെ നിയമം
നിന്റെ സനാഥത്വത്തിൽ
ഉപേക്ഷിക്കപ്പെടണമെന്ന്
വിധിയെഴുത്ത് .

ചിത്രങ്ങളിലും
കല്ലുകളിലും ചിരിച്ച്
എന്റെ വേഷം മുഷിഞ്ഞിരിക്കുന്നു .

എന്റെ പേരിൽ
രക്തം ചിതറിത്തെറിക്കുന്ന
വാക്കും നോക്കും
ക്രൂശിക്കപ്പെടുന്ന മനുഷ്യർ
വാഴ്ത്തപ്പെടുന്ന മൃഗങ്ങൾ
നീ തന്ന പേര്
ഞാൻ വെറുത്തിരിക്കുന്നു.

എനിക്കു പണിയെടുക്കണം
കയ്പ്പും മധുരവുമുണ്ട്‌
എനിക്കൊരു മനുഷ്യനാകണം 
നേരും നെറിയുമുള്ള ' മനുഷ്യൻ '.
------------------------------------

2015, ഒക്‌ടോബർ 5, തിങ്കളാഴ്‌ച

തുടിക്കുന്നുണ്ടുള്ളിലിന്നുമെന്ന് ...

കൊല ചെയ്യപ്പെട്ട ഒരരുവിയുടെ
നെഞ്ചിനു മുകളിലൂടെയാണ്‌
ഞാനിപ്പോൾ നടന്നുപോകുന്നത് .

ചിതറിക്കിടക്കുന്ന അസ്ഥികൾക്കു മേലെ
പൂത്തുനില്ക്കുന്ന ആറ്റുവഞ്ഞിപ്പടർപ്പ് .

വേരാഴ്ന്നിറങ്ങിയ ചില്ലകളിലിപ്പൊഴും
പച്ചപ്പിന്റെ നിറഞ്ഞ ചിരിയിലകൾ .

ഇവിടെയൊരുവൾ  സ്വച്ഛമായൊഴുകി
ദൂരേയ്ക്കൊരു  വിരൽ നീട്ടിയിട്ടുണ്ടാവും .

ആരൊക്കെയോ മുഖം നോക്കാൻ
ഒരു കുമ്പിൾ വെള്ളം കോരിയെടുത്തിട്ടുണ്ടാവും .

ഇരുകരകളിലുമൊരു  വസന്തം തീർത്ത്
ഏതോ പൂക്കൾ മഴകൊണ്ടു നിന്നിട്ടുണ്ടാവും .

'ഞാൻ കണ്ടു ' എന്ന് ഏതോ ഒരു പക്ഷി
ചിറകു കുടഞ്ഞ് , പറന്നുപോയിട്ടുണ്ടാവും .

അന്ന് കൊതിയോടെ ,കാൽനഖം പോലും
തോരാതെ കാത്തുവെച്ചൊരു നനവ്‌ .

ഓരോ യാത്രയുമവസാനിക്കുന്ന തുരുത്തിൽ
ഒന്നും കേൾക്കാനില്ല ,പറയാനുമില്ലെന്ന്
വീടുകളുടെ അടഞ്ഞുകിടക്കുന്ന ജനാലകൾ..!


2015, ഒക്‌ടോബർ 3, ശനിയാഴ്‌ച

രാജ്യം എന്നത് ഒരു സ്വപ്നമാണ്

പാൽ ചുരത്താതിരുന്ന
മുലകളിലായിരുന്നു
അമൃതെന്നറിയുമ്പോഴൊക്കെയാണ്
രാധേയാ ,
ഞാനാദ്യമായി കേട്ട യുദ്ധത്തിലൂടെ
പിച്ചവെച്ച്  നടക്കാൻ തുടങ്ങുന്നത് .

അന്ന്,
നീയും കണ്ണനുമൊന്നാണെന്ന്  
യുദ്ധം കാണാത്ത ആരോ ഒരാൾ
പറഞ്ഞ് , കോട്ടുവായിട്ടു.

അക്ഷരം പഠിച്ച്
കൂട്ടിവായിക്കാൻ തുടങ്ങിയപ്പോഴാണ്
കർണ്ണാ ,
നിന്റെ നിഴലിൽ ചേർന്ന്
നടക്കാൻ തുടങ്ങിയത് .

മന്ത്രസിദ്ധിയാൽ പിറക്കാതിരുന്നിട്ടും 
ഒറ്റപ്പെട്ടു പോയതാണ്  ഞാനെന്നു
പരിചയപ്പെടുത്തിയ ദിവസമാണ്
കർണ്ണാ ,
നീയും ഞാനും
അമ്മയെന്ന് തിരിച്ചും മറിച്ചും പറഞ്ഞ്
രാധയെന്ന ഒറ്റവാക്കെഴുതിയത് .

കണ്ണിലെ കൃഷ്ണമണിപോലെ
കാത്തുകൊള്ളുമെന്ന്
ബോധ്യപ്പെടുത്തിയിട്ടുമേന്തേ
രാധേയാ ,
അവർ എനിക്കൊരു രാജ്യം
കനിവോടെ വെച്ചുനീട്ടിയില്ല .. ?

നിസ്സംഗതയിൽ മരവിച്ചിരിക്കുമ്പോൾ
ഹൃദയത്തിലൊരു പുഴ കുത്തുന്ന
വണ്ടേ ,
രഥവേഗം മുറിയുന്ന വഴികളിൽ
ആരോ ഒരു വിരൽ നീട്ടുന്നതും മോഹിച്ച്
കാത്തിരിപ്പാണ് ഞാൻ .
-----------------------------------------