2023, ഫെബ്രുവരി 28, ചൊവ്വാഴ്ച

പണ്ടു പണ്ട്
വളരേ പണ്ടൊരിക്കൽ
പുൽപ്പായ നീട്ടിവിരിച്ചിട്ടിരുന്ന് 
(ഞാൻ)
നേരിയ വെട്ടം തൊട്ട്
പേന തുറന്നുപിടിച്ച് 
കടല് നിറച്ച് 
തിരിച്ചും മറിച്ചും
ആകാശമെന്നെഴുതാനെടുത്ത- 
നേരം.
കാറ്റിന് കലിയിളകി.
മണല് പറന്നുകളിച്ചു.
കൂട്ടംതെറ്റി നക്ഷത്രങ്ങൾ.
കാൽവഴുതിവീഴാതെ
അവർ
മേഘച്ചീളുകൾ കടന്ന്
ചാടിവന്നൊളിച്ചത് 
മീനുകളുടെ കണ്ണിൽ.
തിരക്കിട്ടോടിവന്ന പകൽ  
അവരെ കണ്ടെടുത്ത്  
ഒക്കത്തിരുത്തി 
കൊണ്ടുപോയതിൽപ്പിന്നെ
മീനുകളൊന്നും കണ്ണടച്ചുറങ്ങീട്ടില്ല.!
ഞാനുമതേ............

2023, ഫെബ്രുവരി 19, ഞായറാഴ്‌ച

മുഷിഞ്ഞ രാവിന്റെ കറുത്ത കമ്പളം 
നിലാവലക്കല്ലിലലക്കി വെച്ചിട്ട് 
നനുത്ത പൂഞ്ചേലയഴകിനാൽ ചുറ്റി
വെളിച്ചം തൊട്ടങ്ങ് മഷിയെഴുതണം.


2023, ഫെബ്രുവരി 17, വെള്ളിയാഴ്‌ച

മിഴി നട്ട് കരിഞ്ഞൊരു പെണ്ണിന് 
മഴയെന്ന് വരച്ച് കിളിർക്കാൻ 
മലമേട്ടിലിരുന്നൊരു കനവ്
നിറക്കുപ്പി മറിക്കണ്...കണ്ടാ.!!

2023, ഫെബ്രുവരി 16, വ്യാഴാഴ്‌ച

വിളിക്കുമ്പൊ 
ഓടിവന്ന് മുന്നിൽ നിക്കും.
അവളുടെ വിരൽ 
പതിയുമ്പൊ 
തലമുടിയിഴകൾ, 
കാറ്റിനെയഴിച്ചുവിട്ട് 
ഒതുങ്ങിക്കിടക്കും.
കണ്ണുകൾ, 
കണ്ടിട്ടില്ലാത്ത 
ഒരു സ്വപ്നത്തിലേക്ക് 
ആ വിരലുകൾക്കൊപ്പം 
പതിയെ നീന്താൻ 
തുടങ്ങും.
ചുണ്ടുകൾ, 
ഒരു പൂവ് 
അത്രയുമത്രയും 
മനോഹാരിതയോടെ 
ആ വിരൽത്തുമ്പിൽ  
വിടരുന്നതുപോലെയും.
 
മരിച്ചവളുടെ 
വിരലുകൾക്കെന്തൊരു തണുപ്പാണ്.

2023, ഫെബ്രുവരി 4, ശനിയാഴ്‌ച

ഒര് 
കിനാവെടുത്ത് 
രാത്രിയെ 
തുഴഞ്ഞു തുഴഞ്ഞ് 
മറുകരയെത്തിച്ച്,
കടവിലൊറ്റക്കിരിക്കുന്ന
പകലിന്റെ 
കുപ്പായമഴിച്ചുമാറ്റി 
ചൂടുകായാനിരുത്തി,
വെയിലിന്റെ വിയർപ്പാറ്റി 
കഞ്ഞി പകർന്ന്,
സിന്ധൂരച്ചെപ്പിൽ-
നിന്നൊരു നുള്ളെടുത്ത്
ആകെ ചുവന്ന്,
വീണ്ടുമൊരു കിനാപ്പെയ്ത്തിനെ 
കിനാവുകണ്ട്......................



2023, ഫെബ്രുവരി 2, വ്യാഴാഴ്‌ച

മുറ്റത്തു നിക്കുന്ന-
മാവിന്റെ കൊമ്പില് 
പൊതിഞ്ഞുവെച്ചിരുന്ന- 
കാറ്റിനെ 
ആരോ 
അഴിച്ചെടുത്തിരിക്കുന്നു.
കൂടെയുണ്ടായിരുന്ന 
മണങ്ങൾ 
വഴി മറന്നിട്ടാവും 
പൂക്കളുടെ നെറുകയിൽ 
പറ്റിപ്പിടിച്ചിരിപ്പുണ്ട്.
അവളറിഞ്ഞിട്ടുണ്ടാവില്ല.
കറുത്ത കുപ്പായങ്ങളും 
തുന്നിക്കൂട്ടിയെടുത്ത് 
പോയിട്ടുണ്ടവൾ,
മേഘങ്ങളെയണിയിച്ച് 
അവരെ കൂടുതുറന്നുവിടാൻ.
അവൾ.......
പണ്ടേക്കു പണ്ടേ
മഴതീണ്ടി മരണപ്പെട്ടതാത്രെ.