2021, സെപ്റ്റംബർ 30, വ്യാഴാഴ്‌ച



വെളിച്ചം
വെളിച്ചമെന്ന് 
പാതിപാടിയൊരീണം
കുടഞ്ഞിട്ട് 
മുടികെട്ടിവെച്ച് 
മഷിയെഴുത്ത് മായ്ക്കുന്നു  
കറുത്ത മേഘങ്ങൾ.




2021, സെപ്റ്റംബർ 29, ബുധനാഴ്‌ച

പൊട്ടിച്ചിതറി
വീണുകിടക്കുന്നു 
വാതിൽപ്പടിയിൽ
നിലാവിന്റെ ചില്ലുകൾ.
മുറിഞ്ഞ കാറ്റിന്റെ 
അടക്കിയ തേങ്ങൽ.
നനഞ്ഞ രാവിന്റെ  
കീറിയ കുപ്പായം
തുന്നിക്കൂട്ടി 
വീണ്ടും തുന്നിക്കൂട്ടി 
പാടിത്തളരുന്നു  
രാക്കിളികൾ.




2021, സെപ്റ്റംബർ 28, ചൊവ്വാഴ്ച

ജനാലയിൽ
വെളിച്ചത്തിന് 
വാതിലുകൾ
വരയ്ക്കുന്നു 
വെയിൽ,
തോരാതെ.
പുകയുണങ്ങിയ 
കറുപ്പിൽ
തെളിഞ്ഞുവരുന്നു   
ഇത്തിരിപ്പോന്ന 
ഒരു വര. 
കിനാവു തൊട്ട് 
ഉടൽ മിനുക്കുന്നു
ചുവരുകൾ
മായാതെ.


2021, സെപ്റ്റംബർ 22, ബുധനാഴ്‌ച

ചിരിച്ചും
പിന്നെ കരഞ്ഞും
പരസ്പരമറിയില്ലെന്ന്
മൗനം പുതച്ച്
വാചാലരായവരുടെ
ഉറങ്ങാനറിയാത്ത
വീടുകൾ.

പല പല
തരംഗാവൃത്തികളിൽ
പലരായ്
പലതായ് വിളിക്കപ്പെട്ട
ചുവരെഴുത്തുകൾ
പതിഞ്ഞ
ദേശവഴികൾ.

ചുണ്ടുകളും
നഖങ്ങളും 
ആഴ്ന്നാഴ്ന്നിറങ്ങി 
ചിറകറ്റുവീഴുന്ന
ഇരവുപകലറുതികൾ.

കനലെരിയുന്ന 
മണ്ണായ്  
എഴുതപ്പെടുന്നു,
ഒരേ ലിപിയിൽ 
ഞാനും നീയുമിരുന്ന
നമ്മളെന്ന രാജ്യം.

2021, സെപ്റ്റംബർ 21, ചൊവ്വാഴ്ച

ഇരുട്ടിനെ 
എഴുതുമ്പൊഴും 
കനലു പോൽ 
അത്രമേൽ  
ചുവക്കുന്നെന്റെ
വിരലുകൾ.
നീയെന്നെഴുതുമ്പൊഴും
തളിർക്കുന്നു
പച്ച ഞരമ്പുകൾ
ഉയിരറ്റയിലകളിൽ.



2021, സെപ്റ്റംബർ 16, വ്യാഴാഴ്‌ച


''വിശക്കുന്നു....
നീ വിയർക്കുന്ന     
പെരുംനുണ.
നിന്റെ അത്താഴത്തിന്   
കറിക്കൂട്ടൊരുക്കെ,
ചെമന്നതാണ് 
നിലാവേ,
എന്റെ രാത്രിയുടെ 
നേർത്ത വിരലുകൾ.

2021, സെപ്റ്റംബർ 14, ചൊവ്വാഴ്ച

കുഴികുത്തി 
മൂടിയിട്ടിരുന്ന   
വെയിലിന്റെയൊരു 
കഷണം
ചികഞ്ഞെടുത്ത്
ചുവരിനൊരു ജനാല 
വരച്ച്.
ഇരുട്ടെത്തും,
ജനലഴികൾക്ക് 
ചായം പുരട്ടാൻ.
വെട്ടം പിടിച്ച്  
കൂട്ടിനിരിക്കുന്ന 
നിലാവിനും കൊടുക്കണം
കോരിവെച്ചിരുന്ന    
കുറുകിയ കിനാവിന്റെ
ഒരു നുള്ളു മധുരം.