2019, സെപ്റ്റംബർ 30, തിങ്കളാഴ്‌ച

തിരുമുറിവ്


തോറ്റുപോയ
ഒരുവളുടെ
ചരിത്രപുസ്തകം
ഒരിക്കൽക്കൂടി
മറിച്ചു നോക്കുന്നു.

കെട്ടുപിണഞ്ഞ്
ചിതറിക്കിടക്കുന്ന
ഞരമ്പുകളിൽ
ഉണങ്ങിയ ചോരക്കറ. 
അഴിഞ്ഞുലഞ്ഞ മുടിയിൽ
മഴ കുത്തിവരച്ചിട്ട 
മൺചിത്രങ്ങൾ.
ചുണ്ടുകളിൽ
കനപ്പെട്ടതെന്തോ മുട്ടി
കല്ലിച്ചതിന്റെ പാടുകൾ.
ഉറുമ്പരിച്ചിട്ടും 
എങ്ങോട്ടെന്നില്ലാതെ
നീണ്ടുപോകുന്ന നോട്ടം.
കുത്തിക്കയറിയ
മുനയുടെ പിടിയറ്റത്ത്
ഹൃദയമിരുന്നതിന്റെ ശേഷിപ്പ്.

ഉത്തരത്തിൽ നിന്ന്
ആരും തൊടാതിരുന്നിട്ടും
ഭയപ്പെട്ട്
വാലുമുറിച്ചിട്ടു പോയ
പല്ലിയുടെ നിഴൽ.

ഊതിക്കെടുത്തിയ 
റാന്തൽ വെളിച്ചത്തിൽ
തൂങ്ങിയാടുന്ന കാറ്റ്.

വായനയെ
നാളെയുടെ കൊളുത്തിൽ  
തൂക്കിയിട്ട്
രാത്രിക്കൊരു പായവിരി.

നിലാവ്
തിരി കത്തിക്കുന്നുണ്ട്.
വേണ്ട,
വായിക്കണ്ട
അവളുടെ ചരിത്രം
മറ്റൊരു ദേശം
കടത്തിക്കൊണ്ടുപ്പോയാലോ.

2019, സെപ്റ്റംബർ 29, ഞായറാഴ്‌ച

നീയെന്നൊരൊച്ചയിലൂടെ

പുലരിപോൽ
വിശുദ്ധമായ്
നീ'യെന്നെഴുതി
തിരയെടുക്കാതെ
കൈമറ വെച്ച്,
നിന്നിലുയിർകൊണ്ട്
പറന്നുപൊങ്ങാൻ 
ആകാശത്തിന്
ഞാനൊരു  
ചിറകു വരയ്ക്കുന്നു.

കെടാതിരിക്കാൻ
ഉമ്മറത്തൊരു
നിലവിളക്ക്.
ഒരീയാംപാറ്റയും
പിടഞ്ഞു വീഴരുതേയെന്ന്,
ഒരു കാറ്റും
തച്ചുടയ്ക്കരുതേയെന്ന്
ശേഷമൊരു
നിറകൺ പ്രാർത്ഥന.

ഒരു മുഴം
വരികൊണ്ട്
ഒരു പുഴയെ
നീട്ടിനിവർത്തി
ഒരു കുഞ്ഞു
വരകൊണ്ടതിൽ
ഉതിർത്തിടണമൊരായിരം
പരൽമീനുകൾ.

മഴവില്ലിനെ
വാരിയെടുത്ത്
മടിയിൽക്കിടത്തി 
മുറിയാതേഴെന്നെണ്ണി
വരയായുറക്കണം.

രാവിന്റെ 
മുടിക്കെട്ടിൽ നിന്ന്
ഒരു പൂവടർത്തി
ഞാനായ പാട്ടിന്റെ 
മുടിപ്പിന്നലൊരുക്കണം.

ഇടനെഞ്ചിൽ 
കൊളുത്തി വെയ്ക്കുന്നു
നിനക്കു കണികാണാൻ
ഒരായിരം ദീപങ്ങൾ.
____________________________

നീയൊരു
വാക്കായ്
പൂത്തുനിൽക്കുന്ന  
ചില്ലയിൽ നിന്ന്
ഞാനെന്റെ  
ചുണ്ടിലേയ്ക്ക് 
പകർന്നെടുക്കുന്നു
നിന്റെ
ഉലയാത്ത
ശ്വാസത്തിന്റെ ഇതൾ.

_______________________

നീ
അടയിരുന്ന  
കൂടു നിറയെ
വിരിഞ്ഞ     
വരിയൊലികളുടെ
നിരന്ന
പൊൻതൂവൽ.

വാക്കേ,

ഞാൻ
നിന്നിൽ കുറുകി 
ഒച്ചയില്ലാതെ
ചുണ്ടുരുമ്മുന്ന
പതിഞ്ഞൊരു പദം.

2019, സെപ്റ്റംബർ 28, ശനിയാഴ്‌ച

വാക്കിന്റെ തച്ചൻ

നിറമറ്റ 
ഋതുവിനെ,
വേരറ്റ
ഒഴുക്കിനെ,
വിരലറ്റ
തിരയെ,
വരച്ചു നീറ്റി  
നീയെന്തിനാ-
ണെന്റെ കണ്ണിൽ
പുഴ കുത്തുന്നത്.

2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

നുണയൊരു നേരാകുന്നേരം

 
ആകാശം
പറിച്ചെടുത്ത്
ഒരിലത്തുമ്പ് 
വരഞ്ഞ ചിറകിൽ
മുറിഞ്ഞ വാക്കിന്റെ
നനഞ്ഞ ഗന്ധം.
തളിരായ്,
തണലായെരിഞ്ഞ്
കാടിന്റെ പച്ച.

വരക്കൂട്ട്

കാത്തുനിന്നു 
മടുത്ത്
എങ്ങോട്ടോ
മറഞ്ഞിരിക്കുന്നു
കുളിച്ചൊരുങ്ങിവന്ന
കാറ്റ്.
  
മേശമേൽ
മണം പോകാതെ 
മൂടിവെച്ചിരിക്കുന്ന
ഉച്ചനേരത്തിന്റെ  
രുചിക്കൂട്ടുകൾ.

നിരയായ് നിന്ന 
തണലിപ്പോൾ
മരങ്ങളിലേയ്ക്ക് 
ചേക്കേറിയിരിക്കും.
 
മണ്ണോടു ചേർന്ന്
ചിറകെന്നാർത്തു
കരയുകയാവും
കൊഴിഞ്ഞു വീണ
തൂവൽ.

സന്ധ്യയുടെ
മടിയിലിരുന്ന്    
മാമുണ്ടിട്ടുണ്ടാവും
കാത്തു നിന്ന്
വിശന്നു തളർന്ന 
ഇടവഴി.

ഞാനെന്റെ 
ഒറ്റജാലകം
പതിയെ തുറന്ന്  
പാഞ്ഞടുക്കുന്ന 
തിരയിലേയ്ക്ക്
വിരൽത്തുമ്പു നീട്ടി 
കടലിനെ രുചിക്കുന്നു.
 
നീയെഴുതിയ  
വരിയിൽനിന്നൊരു
വാക്കഴിച്ചെടുത്ത്      
എന്റെ വരിയിൽ
കോർത്തുവെയ്ക്കുന്നു.

ഉടയാത്ത 
സാരിഞൊറികളും
അഴിയാത്ത 
ചുണ്ടുകളും 
ഒന്നുകൂടി ഭംഗിയാക്കി  
നിലാവു കുടഞ്ഞ് 
മേലാകെ പുതച്ച്
വരികളുടെ ചുമലിൽ 
ചാരിയിരുന്ന് 
ഞാനൊരു കിനാവിനെ
വരയ്ക്കാൻ തുടങ്ങുന്നു.

2019, സെപ്റ്റംബർ 26, വ്യാഴാഴ്‌ച

അഴിമുഖം

വറച്ചട്ടിയിൽ നിന്ന്
കനലിലേക്ക് തെറിച്ചുവീഴുന്ന
കടുകുമണി.
കുളിച്ചിട്ടേറെയായി,
നനഞ്ഞെന്നൊതുക്കുന്ന  
അരകല്ല്.
കരച്ചിലും ചിരിയുമൊന്നായ്
ചോർന്നൊലിക്കുന്ന
കരിപുരണ്ട ചുവര്.
_______________________________

2019, സെപ്റ്റംബർ 25, ബുധനാഴ്‌ച

മഹായാനം

തുടക്കവും
ഒടുക്കവും
നിന്നിലാണെന്ന 
യാത്രയുടെ വട്ടം.

പെയ്യുന്ന
കാടിറമ്പിൽ നിന്ന്
ചൂടാൻ
ഒരു തുടം പൂവ്,
രാവടുപ്പിലെ
ഓട്ടുരുളിയിൽനിന്ന്
കണ്ണെഴുതാൻ
ഒരു വിരൽ കരി,
ചക്രവാളത്തിന്റെ 
ചെപ്പിൽ നിന്ന് 
പൊട്ടുകുത്താൻ 
ഒരു നുള്ളു ചുവപ്പ്.

ശ്വാസത്തിനും
ശ്വാസമായവനേ,

അത്രമേൽ
മിഴിവോടെയാണ്
ഞാൻ നിന്നിലൊരു
ചെറുകണമായ് ചേർന്ന്
ഒരു കാഴ്ചവട്ടം
പൂർണ്ണമാക്കുന്നത്.
__________________________


2019, സെപ്റ്റംബർ 24, ചൊവ്വാഴ്ച

അവൾ ഞാനാണെന്നിരിക്കെ

കവലയിലെ
പീച്ചിമരത്തിന്റെ ചില്ലയിൽ
ചടഞ്ഞിരുന്ന്
ഓരോ ഇലയും തിരഞ്ഞുപിടിച്ച്
കാതുകുത്തുന്നു
ഉച്ചിയിൽ പൂക്കുന്ന വെയിൽ.

വിജനമായിരുന്നു വഴി.

ചുരം കയറിപ്പോയപ്പോൾ
ഒന്നായൊരു ഗസൽ മൂളിയിരുന്നെന്ന്
വഴി കാണിച്ചു കൂടെപ്പോയ കാറ്റ്.

കോടിമുണ്ടിനുള്ളിലാണെങ്കിലും
മുറുകെപ്പിടിച്ചിട്ടുണ്ടവൾ,
തെറിച്ചു വീണിട്ടും
കൊഴിയാത്തൊരു ചുവന്ന പൂവ്.
___________________________________

2019, സെപ്റ്റംബർ 22, ഞായറാഴ്‌ച

നീയെന്നിൽ
ആരുമറിയാതെ
പാർത്തിരുന്ന 
പെയ്ത്തുകാലത്തെ
നുണകളാണ്
എന്റെ ചരിത്രം
അഥവാ
എന്റെ ചാരിത്ര്യം.
__________________

പച്ചയിൽ നിന്ന്
ഊർന്നു വീഴുന്ന
കാടിനെ
കിളിയൊച്ചയുടെ
നേർത്ത തൂവലാൽ
അടക്കിപ്പിടിച്ച്,
നിന്നോളമില്ല
മറ്റൊരു രാഗവുമെന്ന്
മഴവില്ലു കടഞ്ഞ്
ഉയിരാഴംകൊണ്ടൊരു
മഴക്കൂടു വര.
______________________

പോക്കുവെയിൽ


സൂര്യനെ
എഴുതിയെഴുതി
വിരൽത്തുമ്പു
ചുവപ്പിക്കുന്നു
രണ്ടിലകൾ.

നെഞ്ചിനുള്ളിൽ
കടൽ തിരഞ്ഞ്
തിര പെറുക്കി
ചിതയൊരുക്കാൻ
കനലൂതിയിരിക്കുന്നു
വിയർപ്പുണ്ടു നിറഞ്ഞ്
വിശപ്പാറ്റിയ ഉച്ച.
_____________________

2019, സെപ്റ്റംബർ 21, ശനിയാഴ്‌ച

ഉറങ്ങാതിരുന്നിട്ടും
തോർന്നുപോയ
ഉത്സവം,
വളപ്പൊട്ടുകളുടെ
അണമുറിയാത്ത
നിറപ്പെയ്ത്തിൽ
കൈത്തണ്ട നനച്ച്
കണ്ടുകൊണ്ടിരിക്കുന്നു
മുറിഞ്ഞ രാവ്.
____________________
നിഴലായ്
പൂത്തു നിൽക്കാൻ
ഒരു ചില്ലയെന്ന്,
കവിത മുറുക്കി
ചുണ്ടു ചുവന്ന
മരത്തിന്റെ
വേരിനെ ചുംബിച്ച്
നീ മാത്രം'
എന്നൊരു വരി.
______________________

2019, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

കുടിവെപ്പ്

കുമ്പസാരക്കൂട്ടിൽ
ചോര ഛർദ്ദിച്ച്
കുഴഞ്ഞു വീണ 
വാക്കുകളെ
പെറുക്കിയെടുത്ത്
പുറത്തിറങ്ങുന്നു.

മുളപൊട്ടാൻ 
കണ്ണും കാതും
പറിച്ചെടുത്ത്
വെയിലിൽ നനച്ച്
വഴിവക്കിൽ
കുഴിച്ചിടുന്നു.

ഒരു വരിയെങ്കിലും
നീ
വായിച്ചിരുന്നെങ്കി-
ലെന്ന മോഹത്തെ
താഴേയ്ക്കുരുട്ടി വിട്ട്,  
കുടഞ്ഞെറിയുന്നു
ഞാനെന്ന ഭാരം.
____________________

2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

പച്ചമഷിയടയാളങ്ങൾ

എത്ര പെട്ടെന്നാണ്
കടന്നുപോയ ബസ്സിന്റെ
അരികു സീറ്റിൽ
വിടർന്ന കണ്ണുകളോടെ
നോക്കിയിരിക്കുന്ന
പെൺകുട്ടിയിലേയ്ക്ക്
മെടഞ്ഞിട്ട തലമുടി
മുന്നിലേയ്ക്കിട്ട്
ഞാനോടിക്കയറിയത്.

പായുന്ന കാഴ്ചകളിൽ
കണ്ണുകൾ നട്ടുവെച്ചത്.

പിൻസീറ്റിലിരുന്ന്
കവിളറ്റത്തെ
നുനുത്ത രോമങ്ങളുടെ
ചുഴിയിലേയ്ക്ക്
പേനകൊണ്ടു വരഞ്ഞവനെ
രൂക്ഷമായൊന്നു നോക്കിയത്.

ഒരേ വരികൾ വായിച്ച്
ഒരേ ചുഴിയിലെറിയപ്പെട്ട്
വായനകൾ കൈമാറിയത്.

ക്ളാസ്സ് മുറിയുടെ
നിര തെറ്റാത്ത വിശാലതയെ
മുറിയാത്ത വാക്കുകൾകൊണ്ട്
വിടർന്ന കണ്ണുകളും
കാതുകളുമാക്കി മാറ്റുന്നവനെ 
ദൂരെ മാറി നിന്നു കണ്ടത്.

അകന്നു നിൽക്കുന്ന
നക്ഷത്രങ്ങളെക്കുറിച്ചു പറഞ്ഞും  
നിഴലിനെ മറികടന്നാൽപ്പോലും
വീടിനു നോവുമെന്നു കരഞ്ഞും
നിശബ്ദനാക്കിയത്.

കാറ്റാടിയിലകളോട്
കേട്ടതൊക്കെ മറക്കണമെന്ന്
ഒറ്റയ്ക്കുനിന്നു പറഞ്ഞത്.

എത്ര പെട്ടെന്നാണ്
തിരക്കു വകഞ്ഞുമാറ്റി
ഞാനെന്റെയിടത്തിലേയ്ക്ക്
ചാടിയിറങ്ങിയിരുന്ന്
ഒക്കയുമേറെ
മാറിയിരിക്കുന്നെന്ന്
നരവീണ തലമുടിയിഴകളോട്
സ്വകാര്യമായി പറയുന്നത്.
_____________________________

2019, സെപ്റ്റംബർ 16, തിങ്കളാഴ്‌ച

എന്നുമതേ...

നന്നായ്
മോറിയിട്ടും
വക്കുപൊട്ടാതെ.

പൊന്തിമറിയുന്ന
തിളയിൽനിന്ന്
ഊതിയാറ്റിയെടുത്ത 
ഉള്ളംകൈയിലെ
വര മായാത്ത 
വറ്റിന്റെ തണുപ്പ്.

കണ്ണിന്നോരത്ത്
പറ്റിപ്പിടിച്ചിരിക്കുന്ന
ഭൂമിവലിപ്പമുള്ള
ഒരോർമ്മ പോലെ.

2019, സെപ്റ്റംബർ 10, ചൊവ്വാഴ്ച

മരണവൃത്തം

കേൾക്കാത്ത 
നനഞ്ഞ പാട്ടിന്റെ
ശവമഞ്ചവും ചുമന്ന്
ദിശയറിയാതെ
തുഴഞ്ഞുപോകുന്ന പുഴ.

അടർന്നുവീണ
മണ്ണടരുകളിൽ തൂങ്ങി
കാട്ടുപൂവിന്റെ
ചോരയൊലിക്കുന്ന
വിരൽത്തുമ്പുകൾ.

വെയിലുറങ്ങിയ
ഓർമ്മകൾ താങ്ങി
കൂനിക്കൂടിയ നിഴലിന്റെ
മാഞ്ഞൊലിച്ചുപോയ
വെളുത്ത വരകൾ.

കാറ്റഴിഞ്ഞുവീണ
ചില്ലയുടെ തുഞ്ചത്ത്
മല കയറിപ്പോയ മഴയുടെ
ഇറ്റുവീഴുന്ന തുള്ളി.

ഇനിയെത്ര ദൂരമെന്ന്
പ്രാണന്റ മിടിപ്പുകളെണ്ണി
വട്ടം വരയ്ക്കുന്നു മായ്ക്കുന്നു  
കണക്കു തെറ്റുന്ന ആഴം.

2019, സെപ്റ്റംബർ 4, ബുധനാഴ്‌ച

വരൂ,
നമുക്കൊരു യാത്ര പോകാം
കടലുകണ്ട്,കാൽ നനച്ച്,തിരകളെണ്ണി.
കൊറിക്കാൻ ഒരു പിടി കിനാക്കൾ
പൊതിഞ്ഞെടുക്കാൻ മറക്കണ്ട.നമുക്ക്,
ചക്രവാളത്തിൽ ചാരിവെച്ചിരിക്കുന്ന
മുളയേണിയിൽ ചവിട്ടി മറുകരയെത്താം.
നടന്നു നടന്ന് ആകാശച്ചെരുവിലെത്തി
സന്ധ്യയുടെ തൊടിയിൽ നിറയേ 
പൂത്തുനിൽക്കുന്ന ചെമ്പകമരത്തിൽനിന്ന്
ഓരോ പൂവിറുത്തു മടങ്ങാം.

നീ കാണുന്നില്ലേ,
നമ്മുടെ മുറ്റങ്ങളെ നനച്ച് പൂമണവും
കൊണ്ടൊരു പുഴ! നീയാ ചന്ദ്രനെയും നക്ഷത്രങ്ങളെയും തൊട്ടുവിളിക്കാൻ
പോകണ്ട.അവർ,അവളുടെ മടിയിൽ ഉറങ്ങാൻ തുടങ്ങിയിരിക്കുന്നു.

നീയൊരു പാട്ട് നന്നായി കുടഞ്ഞുവിരിക്ക്.
ഞാനൊരിത്തിരി നേരം മയങ്ങട്ടെ.

നോക്ക്,
ഒന്നായിരിക്കുന്നു നമ്മുടെ പുരകൾ.
ആരോ ചുവരിൽ സൂര്യനെ വരച്ചിരിക്കുന്നു.!