2018, ജനുവരി 11, വ്യാഴാഴ്‌ച

അപരാജിതയുടെ കുറിപ്പ് (19)

താഴേത്തൊടിയിലെ
കിളിമരച്ചില്ലയിൽ
വിരുന്നുവന്നിന്നലെ
വിയര്‍ത്തുകുളിച്ച്
ആകാശത്തിന്റെ
ഒരു നുള്ള്

കോരിവെച്ച
നിറമായ നിറമൊക്കെയും
മണമായ മണമൊക്കെയും
പകർന്നുപകർന്ന്
തൂശനിലയിട്ട് വിളമ്പി
മാമൂട്ടിയതാണ്

തിരികെ,
പറയാനൊന്നും
ബാക്കിവെച്ചിട്ടില്ല
വാ തുറക്കെന്ന്
കനിവോടൊരുരുളയും
നിറയെ പൂത്ത്
നിറവാകുമെന്നൊരു
വാക്കും.

ഓർമ്മയിലുണ്ടാവും വഴിയും
തൊടി മേയുന്ന പൈക്കളും

മഴവില്ലൊടിച്ച്
ഒരു ചീന്തൊരുക്കിവെച്ചിട്ടുണ്ട്

ഇരുട്ട് പൂക്കുന്ന
മാമരച്ചില്ലയിൽ നിന്ന്
അടർത്തിയെടുക്കണം
വെളുക്കെച്ചിരിക്കുന്നൊരു
നനവാർന്ന പിച്ചകമൊട്ട്.