തിളമാറാത്ത
കടലിന്റെ ഉപ്പുപാകം
നോക്കാൻ
പോയിരിക്കുന്നു സന്ധ്യ.
സാരിത്തുമ്പിൽ
താക്കോലും കെട്ടിയിട്ട്
അടുക്കളയ്ക്ക് കൂട്ടായ്
കുളക്കടവിലേയ്ക്ക്
ഞാനും.
വിരലിൽതൂങ്ങി കൂടെവന്ന്
ഇളകിയ ഒതുക്കുകല്ലിനെ
മറിച്ചിട്ട്,
കൂടെവീണ്,
കുടഞ്ഞെണീറ്റ്,
വീണ്ടും
ഒപ്പമെത്തിനിന്ന് കിതയ്ക്കുന്നു
കുഞ്ഞനിരുട്ട്.
കടുകു താളിച്ചതിന്റെ മണം
ഊക്കോടെ ചെന്നുതട്ടി
ശ്വാസമെടുത്തത്
വഴിയിൽ നിന്ന കുരയുടെ
തെറിച്ചുവീണ മൂക്കിൽ.
ഞെട്ടിത്തരിച്ച്,
അടർന്നുവീണപ്പാടെ
ചിതറിത്തെറിച്ചു
ഉയരത്തിൽനിന്നൊരു
ചില്ല.
പേടിക്കാതിരിക്കാൻ
ചുണ്ടിലൊരു മൂളിപ്പാട്ടും
കൊളുത്തിപ്പിടിച്ച്
ഞങ്ങള് കൈകോർത്ത്
വേഗം കൂട്ടി.
കറന്നെടുത്ത
ചൂടാറാത്ത പാലിന്റെ കുടവും
ചുമന്നതാ
നിലാവൊരുത്തി.
ചൂളം വിളിച്ച്
കൽപ്പടവ് ചൂണ്ടി
ഇത്തിരിനേരമെന്ന്
ഞാൻ.
അടുക്കള മുങ്ങിനിവർന്ന്
തലതോർത്തുന്നതും കാത്ത്
ഞാനുമവളും
ഒഴുകിത്തീരാത്ത കഥകളിൽ
കാലും നനച്ചങ്ങനെ.
തിടുക്കത്തിൽ
വിടർന്ന കാതുമായെത്തിയ
നക്ഷത്രത്തിന്റെ കൈക്കുമ്പിളിൽ
കിനാവൊരുക്കാൻ
മഞ്ഞു കൊടുത്തയച്ചിരിക്കുന്നു
നിറയെ പിച്ചകമൊട്ടുകൾ..!