2020, ജൂൺ 29, തിങ്കളാഴ്‌ച

അനന്തരം
മരണപ്പെട്ട രാത്രിയുടെ 
പൊട്ടിയ ചുണ്ടുകൾ
ചേർത്തുകെട്ടി
വിരലുകളഴിച്ചെടുത്ത്
തോരാനിട്ട് 
പതിവുപോലെ ഞാനെന്റെ
കാലനക്കാതെ
ഭ്രമണപഥത്തിലങ്ങനെ. 

ആരൊക്കെയോ 
വരച്ചിട്ട ഭൂപടങ്ങളെ 
എന്റെയെന്റെയെന്ന്
ചേർത്തു പിടിക്കൽ,
വെടിക്കോപ്പുകൾക്കുള്ളിൽ 
കയറിയിരുന്ന്
ചോരചിന്തുംവരെ അലമുറയിടൽ,
തെരുവിനെയുറക്കാൻ
വിശപ്പിന് 
ലിപിയെന്തിനു വേറേയെന്നൊരു 
പാടൽ,
ചായം തേച്ച ചുവരുകൾക്ക്  
ഇരുട്ടായൊരു കാവൽ, 
കാടിറമ്പിൽ നനഞ്ഞ്
മുറിവുണക്കി
ചുറ്റിത്തിരിഞ്ഞങ്ങനെ.

ഇണയായെത്തുമിപ്പോൾ  
പകലൊരുത്തൻ. 
കുടഞ്ഞു വിരിക്കണം  
വിരലുകൾ,  
ഒരേകകോശജീവിയെപ്പോലെ.







തൊട്ടെന്നൊരു 
വാക്കിൽ
വാൽ മുറിച്ചിടുന്നു 
പല്ലി
എത്രയെത്ര 
ഉത്തരങ്ങൾക്ക്
തലയായിരുന്നത്. 
തലയോ വാലോ 
ഇല്ലാത്തൊരു
വരിപോലെ
വലിച്ചെടുക്കുന്നു
ഞാനെന്റെ
ഇനിയും മുളയ്ക്കാത്ത
വിരലുകൾ.
വിരിഞ്ഞിട്ടില്ലാത്ത
വിരലറ്റങ്ങൾ കൊണ്ട് 
മാറി മാറി വരച്ചിരുന്നു
രണ്ടിലുമവൻ.
ഒരുക്കി വെച്ചിരുന്നു 
ചായമെടുക്കാതെയവന് 
വിശപ്പ് വരയ്ക്കാൻ  
ഞാനെന്റെ ചുണ്ടുകളെയും.
ഒരു ലോകോത്തരകലാകാരന്റെ  
ആദ്യത്തെ കാൻവാസ്.

വിരിഞ്ഞ 
വിരലുകൾകൊണ്ട്   
വെളിച്ചത്തിന്റെ തുണ്ടുകൾ
പെറുക്കിയെടുത്ത്
അവൻ വരയ്ക്കുകയാണ്
ഇന്നിന്റെ ഭാഷയെ 
പല പല ചായങ്ങളെടുത്ത്     
ഒറ്റയ്ക്ക്  
അവന്റെ ലോകത്തെ   
അവന്റെ കണ്ണുകളിലൂടെ. 
മുറി നിറഞ്ഞ കാൻവാസുകളിൽ
വിശപ്പിന്റെ 
ഒഴുക്കുകളുടെ
പറക്കലുകളുടെ
വേദനകളുടെ
സന്ത്രാസങ്ങളുടെ
ഭൂമി ശ്വസിക്കുമിടങ്ങളുടെ
ചായങ്ങൾ.

ചിത്രം(തം)
 
അടയിരിക്കുമാകാശത്തെ
ചിറകനക്കി തൊട്ടുവിളിച്ച്
പാടാത്ത പാട്ടൊന്നു 
പാടണം
മുറിവേന്നു കരയുന്ന
നിലാക്കുരുന്നിനെ  
ഉടലെണ്ണ പുരട്ടി  
ഉയിരു കൊടുത്ത്
ആയത്തിലായത്തിലാട്ടണം 
ഒടുവിൽ
ഒരു രാവിന്റെ മാറിൽ  
കിനാവായ് ചായുറങ്ങണം.

2020, ജൂൺ 26, വെള്ളിയാഴ്‌ച

നിന്റെ പേർ
കൊത്തിവെയ്ക്കു-
ന്നോരോ തുള്ളിയിലും  
ചാറ്റൽമഴയറ്റത്തിരുന്ന്
ചാഞ്ഞു പെയ്യുന്ന 
വെയിൽ
തൊട്ടു നോക്കുന്നു
ചോപ്പായ് തെളിയുന്ന
മുക്കുറ്റിച്ചുണ്ടിനെ 
നനുത്ത കാറ്റിന്റെ
വിരിഞ്ഞ തുള്ളി
ഊർന്നു വീഴുന്നു പച്ചയായ് 
വിരൽത്തുമ്പു നനയുന്ന വാക്ക്.


2020, ജൂൺ 23, ചൊവ്വാഴ്ച

നേരമായെന്ന്
ദൂരെയൊരു പയ്യിന്റെ 
കരച്ചിൽ
കുടമുടയ്ക്കുന്നു മേഘങ്ങൾ
രാ മുറിക്കുന്നു ചില്ലകൾ
ചിറകേ,
കുടഞ്ഞുടുക്ക് വേഗം
തെളിയുന്നു 
കടൽക്കോളിനക്കരെ
ഞാനില്ലാത്തൊരു ഭൂവിടം.

2020, ജൂൺ 22, തിങ്കളാഴ്‌ച

ചീവീടുകളുടെ
ഒച്ചയ്ക്കിടയിലമർന്ന് 
എനിക്കു മാത്രം
കേൾക്കാനാവുന്ന
ശോഷിച്ച കരച്ചിൽ.

വിലങ്ങു വെച്ച
വാതിലിനുള്ളിൽ നിന്ന്
ചിലമ്പിച്ച ശബ്ദം.

കടുകുമണികൾ 
തീ ചവയ്ക്കുന്നതിന്റെ 
ഈണങ്ങൾ 
അരകല്ലനക്കങ്ങളിലെ 
കുപ്പിവളത്തുള്ളലുകൾ  
കരിക്കലത്തിൽ നിന്ന് 
കണ്ണാടിത്തുണ്ടിൽ തെളിയുന്ന  
മറുകിന്റെ വട്ടം    
എത്ര അടക്കിപ്പിടിച്ചാലും പറന്നുപോകുന്ന
പാകമായ മണങ്ങൾ 
അടുപ്പിൽ തിട്ടയിൽ 
രാത്രിക്കു കാവലിരിക്കുന്ന
തീക്കണ്ണുകളിലെ കനൽ
എന്റെ വിയർപ്പുതുളളികളിൽ  
ഉപ്പു നോക്കി നോക്കി  
പാകപ്പെട്ട നേരങ്ങൾ.  

പുറംകൈ നുള്ളി
ജീവന്റെയൊച്ചയെന്ന്  
ഓരോന്നും കുടഞ്ഞിട്ട് 
തിരയുന്നേരം   
പലവ്യഞ്ജനപ്പെട്ടിക്കു മേലേ
'നീ' ഇന്നലെ മരിച്ചവളെന്ന് 
 ചാടി മറയുന്നു
ചിറകു മുറിഞ്ഞൊരു പാറ്റ.

2020, ജൂൺ 21, ഞായറാഴ്‌ച

ആകാശത്തിന്
ഒരേ നിറം
കിളിയൊച്ചകൾക്ക്
ഒരേ രാഗം
കണ്ണുകളിരുട്ടിന് 
ദാനം ചെയ്ത്
വെളിച്ചപ്പെടാത്ത
വിരലുകളായത്  
അളവുകളറിയാതെ  
പറക്കാൻ 
ഒരൊറ്റത്തൂവൽ വര
ഞാൻ 
ഭൂപടം വരയ്ക്കാത്ത  
ഒരു ദേശം.

വാതിലിനപ്പുറം
നീയുണ്ടെന്നൊരുറപ്പിൽ
പായ വിരിച്ച് 
മറ നീക്കിവെയ്ക്കുന്നു
വിരലിന്റെ സാക്ഷ.
താക്കോൽപ്പഴുതിലൂടി-
ഴഞ്ഞു വരുന്ന 
നിലാവിന്റെ കുരുന്നിനെ 
മടിയിൽക്കിടത്തി 
മഷിയെഴുതുന്നിരുട്ടിന്റെ 
കണ്ണുകൾ    
പെയ്യാതിരിക്കുന്നതെങ്ങനെ  
വെളിച്ചത്തിന്റെ കീറിൽ
മണമായ്
ഒരു തുള്ളി വാക്ക്.


2020, ജൂൺ 19, വെള്ളിയാഴ്‌ച

മുങ്ങിമരിച്ചതിന്റെ   
മൂന്നാം നാൾ
നമ്മളാദ്യമായ് കാണുന്നു
വീശിയടിച്ച്
എന്റെ മുടിയിഴകൾകൊണ്ട്
നിന്നെ മറയ്ക്കാൻ
പാടുപെടുന്ന കാറ്റ്
നീലിച്ച താളിൽ നിന്ന്
തിണർത്ത ഞരമ്പുപോലെ
വരികളുടെ തിരപ്പച്ച 
നാവിനുള്ളിൽ നുരയുന്ന  
ആദ്യമായ് രുചിച്ച
ഉപ്പിന്റെ നനവ്.

വായിച്ചു തീരും മുമ്പേ
മരണപ്പെട്ട വരികൾക്ക്
എത്ര വിരലുകളുണ്ടായിരുന്നിരിക്കും.

2020, ജൂൺ 18, വ്യാഴാഴ്‌ച

മോഹങ്ങൾക്ക് 
പിന്നിലും
കിനാവുകൾക്ക് 
മുന്നിലും
നിന്നെയെഴുതുന്നു
കാറ്റു കൊഴിഞ്ഞുവീണ
ജനലഴികളിൽ
ഇരുട്ടു വലിച്ചുകെട്ടിയ   
വയലിൻ തന്ത്രികളിലെന്ന
പോലെ   
നിശ്വാസങ്ങളുടെ
വിരൽത്തുമ്പുകളോടിച്ച് 
നിന്നെ വായിക്കുന്നു
നിറഞ്ഞ മഴയിലേയ്ക്ക് 
കൈവെള്ളയിൽ നിന്ന് 
വട്ടമിട്ടു മറഞ്ഞുപോയ 
ചെറു കല്ലു പോലെ
തിരികെയെത്താത്ത
ഒരു തുള്ളി
ഉയിരാകെ പെയ്തു നിറയുമ്പൊഴും
ഊർന്നു വീഴാതെ
നിന്നെ 
ഞാൻ മൂടിവെയ്ക്കുന്നു 
വെറുതെ'.


2020, ജൂൺ 16, ചൊവ്വാഴ്ച

നിന്നെയൂട്ടുന്ന  
നേരങ്ങളിലൊക്കെയും 
ഞാൻ മറക്കുന്ന 
എന്റെ വിശപ്പ്
പൊട്ടിത്തെറിയിലും 
മറുകായ് തെളിയുന്ന 
വറവ് 
ഓരോ മൂർച്ചയിലും
രുചിയായ് പൊന്തുന്ന 
മണങ്ങൾ
പാട്ടിൻ മൂളലിൽ
ഒന്നായലിയുന്ന വിയർപ്പ്
എത്ര നിറമാണ്   
ഓരോ ചുവടിനുമെന്ന്
ജനലരികത്തിരുന്ന് 
കാറ്റും വെളിച്ചവും.

ഞാനണഞ്ഞാൽ
നീയെങ്ങനെയെന്ന്
ഉള്ള് കുറുകുന്നൊരാന്തൽ.

2020, ജൂൺ 13, ശനിയാഴ്‌ച

വിട്ടുപോരുമ്പോൾ
ചേർത്തുപിടിച്ചു കരഞ്ഞില്ല
കാണാമെന്നൊരു വാക്ക്
പറഞ്ഞതുമില്ല
ഇനിയുമേതോ വിരലുകൾ
മുട്ടിവിളിച്ചേക്കുമെന്ന
വെളിച്ചം കൊണ്ട് 
വാതിലടച്ചു തഴുതിട്ടിട്ടുണ്ടാവും
കുടിയേറിയ ഭൂമിക.
വരയ്ക്കാനാവാത്ത ചിത്രമില്ലെന്ന് 
ചുമടിറക്കിവെച്ച്
ഒരു രാജ്യനിർമ്മിതിക്കു വേണ്ടുന്ന
അസംസ്‌കൃത വസ്തുക്കൾ
മണ്ണിനുള്ളിൽ തിരയുന്നു
കുടിയിറക്കപ്പെട്ട വിരലുകൾ.

2020, ജൂൺ 12, വെള്ളിയാഴ്‌ച

 
വിളിപ്പാടകലെ  
നീയുണ്ടായിരുന്നന്ന്.
കാൽ നനച്ചു പാടാൻ
പൂത്തു നിന്നു കടവ്. 
കേട്ടിരിക്കാൻ,
കുറുകുന്ന ചില്ല
മേയുന്ന പച്ച
വീശുന്ന കുളിര്.
നീ മരിച്ചതിൽപ്പിന്നെ
പാടീട്ടില്ല ഞാനിതേവരെ.

2020, ജൂൺ 11, വ്യാഴാഴ്‌ച

കരിപുരണ്ട പാത്രങ്ങൾ   
നിശബ്ദതയിലേക്ക്
മോറിക്കമഴ്ത്തി 
മടിയിലുറങ്ങുന്ന രാത്രിയെ
ശ്വാസം മുറിയാതെ 
മാറ്റിക്കിടത്തി 
ഇരുട്ടു ചായുന്ന മുറിയിലേക്ക്
പതിയെ. 

നിലാവു കത്തിച്ചുപിടിച്ച് 
നിലക്കണ്ണാടിയിൽ 
നോക്കി നിൽക്കും.
ഒതുക്കിക്കെട്ടിയ തലമുടി 
വകഞ്ഞു മാറ്റി 
പുറത്തിറങ്ങുമപ്പോൾ   
നക്ഷത്രങ്ങൾ.
ആകാശം പിൻകഴുത്തിൽ 
ചുണ്ടുരുമ്മി നിൽക്കും 
മുറിവു തുന്നുന്ന   
അവന്റെ വിരലുകൾ
ഓരോ ഋതുവിലും പൂക്കുന്ന 
ഓരോരോ മണങ്ങൾ.
ഞാനപ്പോൾ 
കാണാത്ത ഭൂമികയിൽ 
തളിർക്കുന്ന പച്ച.

ഉരുകിത്തീരാറായ 
വെട്ടത്തിലൂടെ
താഴേക്ക്. 
വരച്ചിട്ടും വരച്ചിട്ടും
കടലും കരയും തെറ്റിക്കുന്ന   
ഭൂപടത്തിനെയെന്നപോലെ
നിലക്കണ്ണാടിയുടെ  
നെഞ്ചിനു മീതേ 
കറുത്ത രണ്ടു കുത്തിവരകൾ.

നിലാവതിന്റെ 
അവസാനശ്വാസവുമെടുത്ത്
മരണപ്പെട്ടിരിക്കും.
പുറത്തു വീണ്ടും 
വെളിച്ചം വെളിച്ചമെന്ന്
ചൂലിൻ തുമ്പത്ത് 
അനങ്ങാതിരിക്കുമൊരു തൂവൽ.

2020, ജൂൺ 9, ചൊവ്വാഴ്ച

മരണപ്പെട്ട വീടിന്റെ
പൂമുഖമാകെ 
തോരണങ്ങൾ തൂക്കുന്നു 
വെയിൽ.
ചുവരിലാടുന്ന
നീലിച്ചയീരടികളിൽ 
ചുണ്ട് നനച്ചിടുന്നു മഴ.
കുഴഞ്ഞു വീണുകിടക്കുന്ന
നിലാവിന് 
ശ്വാസം കൊടുക്കുന്നു കാറ്റ്.
കൊത്തിപ്പെറുക്കി  
നിരത്തിവെച്ച വിത്തുകൾ   
വിരലുകളായിരിക്കുന്നു. 
മുറ്റത്ത് പാകാം,
ഒരു വാക്കിന്റെ നനവിൽ. 
വരികളായ് മൊട്ടിട്ട് വിരിഞ്ഞേക്കും 
നമ്മളൊളിപ്പിച്ചു വെച്ച 
കിനാവിന്റെ മണം.

2020, ജൂൺ 8, തിങ്കളാഴ്‌ച

ഒറ്റയായൊരിരുട്ടാകുന്ന 
നേരങ്ങളിലാണ് 
വേദനകളുടെ
കറുത്ത നൂലുകോർത്ത്
തുന്നാനിരിക്കുക.
മുറിയുന്ന വിരലറ്റങ്ങളിലെ
പൊടിയുന്ന ചോര മുക്കി
ചുവന്ന കുപ്പായം 
തുന്നിയെടുക്കുക 
ജനലഴികളിൽ നിന്ന്  
നിലാവിനളവെടുക്കും 
ഒരു പദചലനംകൊണ്ട്
കറുപ്പിനെ വെളുപ്പാക്കുന്ന
കാറ്റിന് 
വിശറി തുന്നാൻ.

ഒറ്റയായൊരൊച്ചയാകും
നേരത്താണ്
ഞാനുറക്കെ പാടുക
കിളികളതേറ്റു പാടും
കാറ്റ് കരിയിലകൾ കുടഞ്ഞിട്ട്
അല്പനേരമിരിക്കും
മഞ്ഞുതുള്ളി പുൽക്കൊടിയെ
വരയ്ക്കാൻ തുടങ്ങും
ആകാശം 
ചിറകെന്നാർത്തിറങ്ങി വരും
മേഘങ്ങളിൽ വിയർത്ത്
ഞാനൊരു മഴത്തുള്ളിയായ്
മണ്ണിലേയ്ക്കടർന്നു വീഴും
വേരിന്നറ്റത്ത് കുടിയിരിക്കാൻ
ഉറവപൊട്ടി 
എന്റെയാകാശമേയെന്ന് 
വീണ്ടുമൊരു പാട്ടിൽ മുളയ്ക്കാൻ.


2020, ജൂൺ 6, ശനിയാഴ്‌ച

കൂട്ടിക്കെട്ടിയ 
കാൽവിരലുകളിൽ
ഇനിയുമെന്നു മുറുകുന്ന
വഴികൾ.
മൂടി വെച്ച ചുണ്ടിനുള്ളിൽ
അലിഞ്ഞു തീരാത്ത മധുരം
മരിച്ചുപോയവളെന്ന്
അലമുറയിടുന്നാരൊക്കെയോ 
കാറ്റ് കാവലിനുണ്ട് ചുറ്റും
കറുത്തു കനത്ത് 
ചുരത്താനെത്തും വരെ
മേഘങ്ങൾക്കായ്  
കണ്ണുകളടയാതിരിക്കണം
പറന്നു പോകാതെയടക്കിപ്പിടിക്കണം
ആകാശം കണ്ടൊരൊറ്റച്ചിറക്.

കിനാവിന് 
വാലിട്ടു കണ്ണെഴുതി 
ഇരുട്ടിനു മറുകും വരച്ച്
ഞാനൊന്ന്  
വിരൽ മടക്കുന്നേരം
മഞ്ഞുതുള്ളളിക്ക് 
മഴവില്ലു തൊട്ട്
പൂവിന് നിറവും വരച്ച് 
നീ,വിരൽ കുടയും.
നമ്മൾ   
വിരലടയാളം കൊണ്ട്
പണ്ടേയ്ക്കു പണ്ടേ 
ഒന്നെന്നു വെളിച്ചപ്പെട്ടവർ.


ഓരോ തൂവലിലും
ഞാൻ പറന്ന നീയാകാശം.
മാഞ്ഞുപോയിട്ടില്ലിപ്പൊഴും 
ശ്വാസവേഗത്തിന് 
മണമായ് തുന്നിയ പുള്ളികൾ.
പൊതിഞ്ഞു പിടിച്ചിരിക്കുന്ന 
ഓരോ മണൽത്തരിക്കുമിപ്പോൾ  
ഭൂമിയോളം വലിപ്പം.
അലിഞ്ഞുപോയിരിക്കുന്നു 
നഖങ്ങളും 
വടിവായ് മിനുക്കിയ ഉടലും.
തുടിക്കുന്നുണ്ടിപ്പൊഴും 
ചുണ്ടിന്റെയോരത്ത്,
ഓരോ പറക്കലിന്റെയുച്ചിയിൽനിന്നും 
ഞാൻ കൊത്തിയെടുത്ത നിന്റെ പേര്.

സ്കൂളിൽ നിന്നു കിട്ടിയ
ഉരുണ്ട ഭൂമിയെക്കുറിച്ച്
വീട്ടിലെ മേശയ്ക്കു മുകളിൽ
അമ്മ, തിയറികൾ നിരത്തുമ്പോൾ
ഞാനുമച്ഛനും 
പരന്ന ഭൂമിയിലൂടെ നടന്നു.
ഭൂമിയെ ഉരുട്ടി വരയ്ക്കാനറിയാത്ത
അച്ഛന്റെ മേശപ്പുറത്തെ ചായങ്ങളിൽ
വിരൽ മുക്കിയെടുത്ത് 
ഞാനിരുട്ടിനെ വെളുപ്പിച്ചുകൊണ്ടിരുന്നു.
മുറുക്കാൻചെല്ലത്തിൽ നിന്ന്
നാലുംകൂട്ടി മുറുക്കാൻ
ഒരിക്കൽ മാത്രമെന്നൊരു 
രഹസ്യധാരണയിൽ
അപ്പൂപ്പനുമായി ഒപ്പുവെച്ച ദിവസമാണ്
ഭൂമി ഉരുണ്ടതു തന്നെയാണെന്നും
ഒരു സംശയവുമില്ലെന്നും
അമ്മയോട് അടിയറവു പറഞ്ഞത്.
അച്ഛനുമ്മയും
ഒരുമിച്ചു ചിരിച്ച ആ നിലാവെട്ടത്തിലാണ്
ഞാനാദ്യമായ് ഭൂമിയെ വരച്ചത്.

നിറയെ പൂവിടുന്ന
പേരറിയാത്ത മരത്തെ
പല പേരുകളിട്ടു വിളിച്ചിരുന്ന 
അച്ഛമ്മ
കനിവില്ലാത്തവനെന്ന്
ദൈവത്തെ വിളിച്ചു.
കാലം പഴകീട്ടും
മണം മാറീട്ടില്ലാത്ത 
തുണിത്തരങ്ങളും
തിളക്കം മാഞ്ഞിട്ടില്ലാത്ത 
പണ്ടങ്ങളും
മടിയിൽ വെച്ച് 
പിന്നാപ്പുറത്തിരുന്ന്
പൊന്നുപോലെ 
നോക്കിയവനെക്കുറിച്ചാ 
മരത്തോടു പറയും.
പുറപ്പെട്ടു പോയവളെന്ന്
എഴുതിത്തള്ളിയവൾ 
വൈക്കോൽക്കുനയ്ക്കുള്ളിൽനിന്ന് 
കുഞ്ഞുങ്ങളെയും കൂട്ടി 
ചികയാനെത്തുന്നതു കണ്ട്
അന്തംവിട്ട് ചിരിക്കുന്നത്,
നക്കിത്തുടച്ച മീൻചട്ടിയുമെടുത്ത് 
നന്ദികെട്ടവളെന്ന് പൂച്ചയെ 
ആട്ടിയോടിക്കുന്നത്,
തൊഴുത്തിലെ പെണ്ണുങ്ങൾ
പെറുന്നതെല്ലാം ആൺതരികളെന്ന് 
ഉച്ചത്തിൽ നിശ്വസിക്കുന്നത്,
ഒക്കെയും കണ്ടിട്ട്,കേട്ടിട്ട്  
പൂവടർത്തിയും
ചില്ല വിതിർത്തിട്ടും 
പച്ചയായ് ചേർന്നു നിൽക്കുമാ മരം.

വീടിനെ നോവിക്കാതെ
കനൽകെടാത്ത ചിതയിലേയ്ക്ക്
അച്ഛമ്മയെ ചേർന്നുകിടക്കാൻ
വേരോടെയവളും വീണുപോയ
ദിവസം. 
അന്നാണ്
ഒരു കവിത വായിച്ച്
ഞാനാദ്യമായ് പച്ചയ്ക്ക് കത്തിയത്.




അണമുറിഞ്ഞി-
രമ്പുന്നാകാശം
ചോർന്നൊലിച്ചു പെയ്യുന്നു 
കടൽ.
കിനാവരമ്പത്ത് 
കാറ്റു മുറിച്ചിട്ട്   
വെയിലേന്ന് പാട്ടും കോർത്ത്  
മഴവിരലുള്ളൊരു തുന്നൽക്കാരി.


 
നീ'യെന്ന വാക്കിൽ 
പെയ്തിറങ്ങുന്നു     
ഞാനെന്ന വരി
തോർത്തി നിൽക്കെ   
ആകാശമേടയിൽനിന്നി-
റങ്ങി വന്ന് 
കടലിനെ മിന്നുകെട്ടുന്നു 
തണുത്ത കാറ്റ്
നനഞ്ഞ സന്ധ്യയ്ക്ക്    
ചേല മാറ്റാൻ
മറപിടിച്ചോടിയെത്തുന്നിരുട്ട്
മുടിക്കെട്ടിലഴിഞ്ഞ് 
ഞാനൊരു പുഴ
നക്ഷത്രങ്ങളതിലൂർന്നുവീണ
പൂക്കൾ
ചിറകായൊരു വാക്ക് 
മൂടി വെച്ചേക്കും, 
കടലാഴത്തിൽ മുങ്ങി മരിച്ച
എന്റെ അടയാത്ത കണ്ണുകൾ.