2021, ഡിസംബർ 28, ചൊവ്വാഴ്ച

നീ കോറിയിട്ട 
കിനാവിന്റെ നഖപ്പാടുകൾ
കൊണ്ട് 
കറുത്തതാണ്
ഇരുട്ടിന്റെ കവിൾത്തടം.
ഹാ !
എന്തൊരിരുട്ടാണെന്റെയീ 
ഇരുട്ടിന്.


2021, ഡിസംബർ 27, തിങ്കളാഴ്‌ച

തിളമാറാത്ത 
കടലിന്റെ ഉപ്പുപാകം 
നോക്കാൻ  
പോയിരിക്കുന്നു സന്ധ്യ.
സാരിത്തുമ്പിൽ 
താക്കോലും കെട്ടിയിട്ട് 
അടുക്കളയ്ക്ക് കൂട്ടായ് 
കുളക്കടവിലേയ്ക്ക് 
ഞാനും.
വിരലിൽതൂങ്ങി കൂടെവന്ന് 
ഇളകിയ ഒതുക്കുകല്ലിനെ
മറിച്ചിട്ട്,
കൂടെവീണ്,
കുടഞ്ഞെണീറ്റ്,
വീണ്ടും 
ഒപ്പമെത്തിനിന്ന് കിതയ്ക്കുന്നു
കുഞ്ഞനിരുട്ട്.
കടുകു താളിച്ചതിന്റെ മണം 
ഊക്കോടെ ചെന്നുതട്ടി
ശ്വാസമെടുത്തത് 
വഴിയിൽ നിന്ന കുരയുടെ 
തെറിച്ചുവീണ മൂക്കിൽ.
ഞെട്ടിത്തരിച്ച്, 
അടർന്നുവീണപ്പാടെ 
ചിതറിത്തെറിച്ചു
ഉയരത്തിൽനിന്നൊരു 
ചില്ല.
പേടിക്കാതിരിക്കാൻ
ചുണ്ടിലൊരു മൂളിപ്പാട്ടും
കൊളുത്തിപ്പിടിച്ച്    
ഞങ്ങള് കൈകോർത്ത്
വേഗം കൂട്ടി.
കറന്നെടുത്ത 
ചൂടാറാത്ത പാലിന്റെ കുടവും 
ചുമന്നതാ  
നിലാവൊരുത്തി.
ചൂളം വിളിച്ച് 
കൽപ്പടവ് ചൂണ്ടി 
ഇത്തിരിനേരമെന്ന്
ഞാൻ.
അടുക്കള മുങ്ങിനിവർന്ന്  
തലതോർത്തുന്നതും കാത്ത് 
ഞാനുമവളും 
ഒഴുകിത്തീരാത്ത കഥകളിൽ 
കാലും നനച്ചങ്ങനെ.
തിടുക്കത്തിൽ
വിടർന്ന കാതുമായെത്തിയ
നക്ഷത്രത്തിന്റെ കൈക്കുമ്പിളിൽ
കിനാവൊരുക്കാൻ 
മഞ്ഞു കൊടുത്തയച്ചിരിക്കുന്നു 
നിറയെ പിച്ചകമൊട്ടുകൾ..!

2021, ഡിസംബർ 23, വ്യാഴാഴ്‌ച

കടലും ആകാശവും 
പോലെ
അവളും നീലയായ് 
വരയ്ക്കപ്പെട്ട്.....
മുഖം ചെരിച്ച്,
കരയോട് രഹസ്യമായെന്തോ 
പറഞ്ഞതുപോലെ. 
കാൽവിരലുകളിറക്കിവെച്ച്
പുഴയിലെന്തോ 
ബാക്കിവെച്ചതുപോലെ.

കിനാക്കൾ
മരവിച്ചതിന്റെ തിണർപ്പ്
കണ്ണുകൾക്കുമീതെ.
ചുണ്ടുകൾ വിട്ട് 
വേദന പിന്നിട്ടു പിന്നിട്ടൊരു  
വാക്ക്
മലമുകളിലെത്തി,
മഴയെത്തുന്നതുവരെ 
അഴിയാതിരിക്കാൻ  
മരപ്പൊത്ത് തേടുകയാവും.

തൊട്ടുനോക്കുന്നാരോ,
നീന്താനറിയാതെ
'ആഴമാകാനിറങ്ങിയവൾ'
എന്നൊരു വരി
ദീർഘമായ നിശ്വാസവും ചുമന്ന്  
പുഴ മുറിച്ചുകടന്ന്
മറഞ്ഞു പോകുന്നു.

വടക്കോട്ട് പാഞ്ഞുപോയ കാറ്റ്
ഒരിലയും നുള്ളി
തിരികെ വന്ന്
അവളെ കോരിയെടുത്ത്
തെക്കോട്ട് പറന്നുപോകുന്നു.

2021, ഡിസംബർ 22, ബുധനാഴ്‌ച

"എത്രയും പ്രിയപ്പെട്ടവളേ,"
പാതിരാവിൽ
കത്തു കിട്ടുമ്പോൾ 
പനിച്ചൂടിൽ വെന്തുപാകമായിരുന്നു.
വിറയ്ക്കുന്ന വിരലുകളിൽ
വിറതീണ്ടിയിട്ടില്ലാത്ത അക്ഷരങ്ങൾ.
"പൂർത്തിയായിരിക്കുന്നു,
നീ പറഞ്ഞതുപോലെ,എല്ലാം.
നക്ഷത്രങ്ങൾ വിരിയുന്നതും പൊഴിയുന്നതും
അടുത്തുകാണണമെന്ന മോഹം,
അങ്ങനൊരിടം,
നിനക്കേറെയിഷ്ടമാകും.
നാലു ജനാലകൾ,
ചുവരിനെ 
കണ്ണാടിയോ കലണ്ടറോ
ഘടികാരമോ കുത്തിനോവിച്ചിട്ടില്ല.
നിനക്ക് നിന്നിലേയ്ക്കെത്തിനോക്കാൻ
തെളിനീരുപാകിയ കിണർവട്ടം,
അതും നീ പറഞ്ഞിരുന്നു.
പിന്നെ................."
അടഞ്ഞുപോകുന്ന കണ്ണുകളിലേക്ക്
ഒഴുകിവരുന്ന വരികളിൽ
നിവർത്തിവെച്ചിരിക്കുന്ന 
ഇഷ്ടങ്ങളുടെ പട്ടിക.
അക്ഷരത്തെറ്റില്ലാത്ത 
അതിമനോഹരമായ കൈപ്പട,
ഒരിക്കൽമാത്രം പറഞ്ഞുകേട്ടതിൽ
ഒരു തരിപോലും 
ഊർന്നുപോകാത്ത ഓർമ്മ.  
പണിതീർത്തിരിക്കുന്നു,
എന്റെ ഒറ്റമുറി മേട.
സംശയമൊട്ടുമില്ല,
പഠിച്ച ക്ലാസ്സുകളിലെല്ലാം
ഒന്നാമനായിരിന്നിരിക്കുമിവൻ,
ദൈവം.



2021, ഡിസംബർ 15, ബുധനാഴ്‌ച

പൊട്ടിവീണ 
ഊഞ്ഞാലിന്
ആയം തുന്നുന്ന- 
റ്റുപോയ വിരലുകൾ.
പൊഴിഞ്ഞുവീണ 
നിഴലുകളിൽ 
നിവർന്നു നിൽക്കുന്നാകാശം.
നിലംപറ്റിയ ഓർമ്മയുടെ
മുറിവൂതിയൂതി 
മണ്ണു കുടഞ്ഞുകളഞ്ഞ് 
കുരുക്കിടുന്നു കാറ്റ്.

2021, ഡിസംബർ 13, തിങ്കളാഴ്‌ച

സ്വന്തം 
കണ്ണുകളെപ്പോലും
വിശ്വസിക്കരുതെന്ന്.

കണ്ടതാ,
ആ വട്ട മുഖം.
ആരും കാണാതെ
മൂടി വെച്ചു.
ആദ്യം വീഞ്ഞപ്പെട്ടി 
പിന്നെ
ക്രമത്തിലോരോന്ന്.
എന്തു ചെയ്തിട്ടെന്താ.
ഭാരം കുറഞ്ഞുപോയോ-
ന്നോർത്ത്  
തട്ടിൻ പുറത്തൂന്ന്
പുളിയിട്ടു മിനുക്കാൻ
താഴേക്കെടുത്തു വെച്ച 
ഓട്ടുരുളിയും.

ഓ..
കറുമ്പിക്കു വിളിക്കാൻ 
കണ്ട നേരം.
വയ്ക്കോൽ വലിച്ചുവെച്ച്‌
പുറത്തുതട്ടി പുന്നാരിച്ച്‌
രണ്ടു കാലികൾക്ക്
ഒരുമിച്ചു കാടി കുടിക്കാൻ 
തികയുന്ന
ചരുവവുമെടുത്തു 
വന്നപ്പോഴേക്ക്
കാണാതായിരിക്ക്ണു.

ആരോ  
കൂട്ടിക്കൊണ്ടു പോയീന്ന് 
സാരിത്തുമ്പു വലിച്ചു പിടിച്ച്
പിറകേ സുന്ദരിപ്പൂച്ച.

ഉണക്കാനിടുന്ന
നെല്ലിനും കൊപ്രയ്ക്കും 
നിഴലു വിരിക്കാൻ 
മുടീം അഴിച്ചിട്ടു 
വരുമ്പൊഴൊക്കെ
പായ മടക്കി,
പത്തായപ്പുരയിൽ വെച്ച്, 
എത്ര ലോഹ്യത്തിലാരുന്നു
മുറ്റത്തെ പടിക്കെട്ടിൽ
ഞങ്ങള് 
മിണ്ടിപ്പറഞ്ഞിരിക്കാറ്.

കൊണ്ടുപോയതാ,
തലമുടിക്കുള്ളിലൊളിപ്പിച്ച്. 
പണ്ടാരോ പറഞ്ഞത്,
എത്ര നേരാ..!

2021, ഡിസംബർ 10, വെള്ളിയാഴ്‌ച

കളിക്കാൻ   
ആകാശത്തിന് 
പമ്പരമുണ്ടാക്കി,
കഴിക്കാൻ  
ഭൂമിക്ക് 
മണ്ണപ്പവും ചുട്ടുവെച്ച്,  
മുഖം നോക്കാൻ 
പുഴയിലിറങ്ങിയ  
നേരത്താണ്
പുഴയ്ക്ക് ദാഹിച്ചതും
അവൾ
എന്നെയങ്ങപ്പാടേ  
കോരിക്കുടിച്ചതും.
മുറ്റം നിറഞ്ഞ്
വെയിൽ പെറ്റുകൂട്ടിയ
നിഴൽക്കുഞ്ഞുങ്ങൾ,
അലിഞ്ഞു മായാൻ 
മഴയെത്തുന്നതും
കാത്തു കാത്ത്.
പൊള്ളുന്ന വെയിലുടുത്ത
നേരത്താവാം 
അമ്മയെന്നെ പെറ്റിട്ടത്,
അതുകൊണ്ടുതന്നെയാവാം 
തിരിച്ചറിയാനാവാത്ത വിധം
അത്രമേൽ
ഞാനുമിവരെപ്പോലെ
മണ്ണിലിങ്ങനെ.

2021, ഡിസംബർ 9, വ്യാഴാഴ്‌ച

സ്വപ്നമായ് 
നീ മായ്ച്ചുകളഞ്ഞത്,
കാണാത്തൊരിടമായിരുന്നു  
ഓർക്കുന്നില്ലെന്ന്    
പകലിനോടാണയിട്ട്  
ഇരുട്ടെന്നു പേരുവിളിച്ചത്.
മുറിഞ്ഞ രേഖകൊണ്ട്
ഞാനെന്റെ പുറംകൈയിൽ
പതിയെ നുള്ളിനോക്കുന്നു.



2021, ഡിസംബർ 3, വെള്ളിയാഴ്‌ച

അടുക്കളയിലെ
പല പല നിറങ്ങളിട്ടുവെച്ച
ചില്ലുഭരണികളിൽ,
മുറ്റത്തെ
നിറഞ്ഞുകവിയുന്ന
മണങ്ങളിൽ,
വെയിൽ 
ചുണ്ടു നനയ്ക്കുന്ന 
വിയർപ്പുതുള്ളികളിൽ,
നിരത്തിവെച്ച
വാക്കിന്റെ കൂട്ടങ്ങളിൽ,
കാറ്റൂയലാടുന്ന ജനാലക്കൊളുത്തുകളിൽ,
കാണുന്നില്ലയെന്നെ.
അത്രയും ഇഷ്ടത്തോടെ
നീ 
ഉമ്മവെച്ചുപോയ നെറ്റിയിൽ
തരിശായിക്കിടക്കുന്നു 
ഞാനെന്ന ഭൂമിക.


2021, ഡിസംബർ 1, ബുധനാഴ്‌ച

പലവട്ടം 
വരച്ചു മരിച്ചിട്ടും
ഒരു 'വട്ടം
വരയ്ക്കാൻ കഴിയാത്ത
ജീവിതം, 
ഇല്ലാതെപോയ  
വിരലുകൾ വിടർത്തി
പതിയെ
മറ്റാരും കേൾക്കാതെ
മരണത്തോട് ചോദിക്കുന്നു,
'ഞാൻ മരിച്ചാൽ നീ കരയുമോ?'