2020, ജൂലൈ 15, ബുധനാഴ്‌ച

സാരിത്തലപ്പിൽ വിയർപ്പു തുടച്ച്
അടുക്കളവാതിൽ ചാരിനിന്ന്
ഞാനിടയ്ക്കിടെ 
ജീവിതത്തെയങ്ങനെ 
അത്ഭുതത്തോടെ നോക്കി നിൽക്കും.
ഒരു കീറാമുട്ടിയായി 
എന്നെയും ചുമന്നുനടക്കാൻ തുടങ്ങീട്ട്  
കാലമേറെയായില്ലേ 
മടുക്കുന്നില്ലേന്ന് 
ഒച്ചയില്ലാതെ ചോദിക്കും
കൂനിപ്പോയ ചുമലിൽ നിവർന്നു- നിന്നവൾ
കവിളിൽ തട്ടും
പിന്നെ 
അത്രമേലെന്ന് നെറ്റിയിലൊരുമ്മ.
മതി
ബാക്കി നാളെയെന്ന്
തോരാൻ വെച്ചിരിക്കുന്ന
ചീരത്തലപ്പിലേയ്ക്ക്
ഞാൻ വീണ്ടും മുറിവായ്.......

2020, ജൂലൈ 7, ചൊവ്വാഴ്ച

തട്ടിൻ പുറത്ത്
ഇരയെപ്പിടിക്കാനോടുന്ന
എലികളുടെ
താളമില്ലാത്ത ഒച്ചകൾ.
വാതിലിനിടയിൽ
ചതഞ്ഞുമരിച്ച പല്ലിയുടെ
ഉണങ്ങിയ ശരീരത്തിൽ
ഉറുമ്പിൻ കൂട്ടത്തിന്റെ  
നിലച്ച വേഗത.
ഓടിക്കൊണ്ടിരിക്കുന്ന  
സൂചികൾക്കു മീതേ
തുന്നൽനിർത്തിയ 
ചിലന്തിക്കാലുകൾ.
പൊട്ടിവീണ വാച്ചിന്റെ
വെളുത്ത അടയാളത്തിൽ
എന്റെയിടം കൈയിൽ
തെളിഞ്ഞു കിടക്കുന്ന 
കറുത്ത കാക്കപ്പുള്ളി.
നമ്മൾ
ഒരു സൂചിമുനയുടെ അറ്റത്തെ 
രണ്ടു മുറിവുകൾ.

2020, ജൂലൈ 3, വെള്ളിയാഴ്‌ച

ചില ചില നേരങ്ങൾ
ചിറകൊടിഞ്ഞ ആകാശം
നിറഞ്ഞു തൂവും
ഇരുകരകളിലുമൊരുപോലെ
വിരിഞ്ഞു വരുന്ന 
മണങ്ങളെ നൂർത്തെടുത്ത്
മണ്ണു പുരട്ടി
മേഘങ്ങൾ തുന്നും
വിയർത്തെത്തുന്ന  കാറ്റിന്റെ
ഉള്ളം കൈയിൽ വെച്ച് വഴി കാട്ടും
അവരങ്ങനെ പെറ്റു പെരുകി
കറുത്തു തുടുത്ത്
താഴേക്കിറങ്ങി വരുമ്പൊ
മുഖമുയർത്തി നിൽക്കാനെന്തു
രസാണ്
നനുനനുത്തൊരു വാക്കിനെ
എന്റേതെന്റേതെന്നടക്കിപ്പിടിച്ച് 
അതിലലിഞ്ഞലിഞ്ഞില്ലാതാവും
പോലെ.


2020, ജൂലൈ 2, വ്യാഴാഴ്‌ച

കാറ്റെടുത്ത 
താക്കോൽക്കൂട്ടത്തി-
ലൊന്നിലുണ്ടാവും 
ഞാൻ വരച്ചു തീർത്ത
മുറിയുടെ
മഴകൊണ്ടു നിന്നിരുന്ന 
ജനാല
മാഞ്ഞുപോയിട്ടുണ്ടാവും
ചുവരിൽനിന്ന്
വസന്തത്തിന്റെ വിരലുകൾ 
കാടിനു ചായമിട്ട മേശമേൽ  
അടർത്തിയിട്ട്  
പറന്നുപോയിട്ടുണ്ടാവും 
കിളിയതിന്റെ ചില്ല
കുലയായ് പൂത്തിട്ടുണ്ടാവും
പൂപ്പാത്രത്തിൽ 
ശലഭങ്ങളുടെ പൊഴിഞ്ഞ 
ചിറകുകൾ
പകലിരവറിയാതെ 
തൂങ്ങി മരിച്ചിട്ടുണ്ടാവും
ഒരേയൊരോടാമ്പൽ
കെട്ടുപോയിട്ടുണ്ടാവുമിപ്പോൾ
മൂലപ്പലകയിൽ
ഞാൻ കൊളുത്തിവെച്ച
മൺചെരാത്.