2010, ജൂൺ 15, ചൊവ്വാഴ്ച

നോവറിവ്

എന്‍റെ പ്രവാസജീവിതത്തിന്‍റെ മറ്റൊരധ്യായം .
കൂടുവിട്ടു കൂട് തേടുന്ന കാറ്റിനെപ്പോലെ , കിളിയെപ്പോലെ കേരളത്തിനുള്ളിലെ
തന്നെ ചക്രവാളങ്ങള്‍ പലയിടത്തുനിന്നു നോക്കിക്കാണാനൊരു പലായനം .

വടക്ക് നാദാപുരത്ത് നിന്ന് മൂന്നു വര്‍ഷത്തെ കൂടുകൂട്ടലിനു ശേഷം ചരിത്രമുറങ്ങുന്ന
കാഞ്ഞങ്ങാട്ടേയ്ക്കുള്ള  പ്രയാണം .കാതുനിറയെ അലിക്കുത്തും കഴുത്തുനിറയെ
പണ്ടങ്ങളും അണിഞ്ഞ മറിയം ഉമ്മയെയും  അവരുടെ നാല് മൊഞ്ചത്തിമാരായ
മരുമക്കളെയും കളിക്കിടയില്‍ കൂട്ടുകാരറിയാതെ അടുക്കളയില്‍ പതുങ്ങിയെത്തി എന്നെ
നുള്ളിനോവിച്ചു ഓടിമറയുന്ന കുഞ്ഞു സദ്ദാമിനെയും അച്ചുവേട്ടനെയും കുടുംബത്തെയും
എന്‍റെ സഹായിയായിരുന്ന ലക്ഷ്മിയെയും മനസ്സില്‍ വഹിച്ചുകൊണ്ട് .

കോരിച്ചൊരിയുന്ന മഴയിലൂടെ ഒരു രാത്രി യാത്ര . കരയിലൂടെയോ കടലിലൂടെയോ
എന്ന് വേര്‍തിരിച്ചറിയാന്‍ പ്രയാസം . പനി തളര്‍ത്തിയിരുന്നതുകൊണ്ട് യാത്ര അല്പം
പോലും ആസ്വദിക്കാനായില്ല . രണ്ടുദിവസം പുറം കാഴ്ചകള്‍ കാണാതെ വീട്ടിനുള്ളില്‍
തന്നെ കഴിച്ചുകൂട്ടി .

മൂന്നാം ദിവസം പുറത്തിറങ്ങി . കണ്ണുനിറയെ കാണാൻ പാകത്തിൽ കാഴ്ചകളുമായി 
ഇടതുഭാഗത്ത് പാടം, പാടത്തിനു അപ്പുറത്തായി  തേരിലേറി വരുന്ന ഉദയസൂര്യൻ . 
കോരിത്തരിച്ചുപോയി .ആ ശോഭയില്‍ കുളിച്ച് നിത്യാനന്ദാശ്രമം , കൂറ്റൻ പാറയുടെ
 മുകളില്‍ അതീവ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നു .

മുന്നില്‍ ചെറിയ മൈതാനം ,അതിനടിയില്‍ വലിയ തുരംഗമാണെന്നും ആ തുരംഗത്തില്‍
നിന്ന് പുറത്തേയ്ക്കുള്ള മാര്‍ഗമായിരുന്നു വീടിനു മുന്നില്‍ കാണുന്ന മൂടപ്പെട്ട വലിയ
കിണര്‍ പോലുള്ള കുഴികളെന്നും പിന്നീടറിഞ്ഞു .മൈതാനം കഴിഞ്ഞുള്ള കാഴ്ച്ചയെ
തടസ്സപ്പെടുത്തിക്കൊണ്ട് വലിയ കോട്ടമതില്‍ , ചെറിയൊരു കോട്ടവാതില്‍ .

വീടിന്‍റെ പിറകുവശത്തും കോട്ടയുടെ അവശിഷ്ടങ്ങള്‍ , പഴംകഥകളും നിറച്ച് മരണവും
കാത്തുകിടപ്പുണ്ട് . ആകെ ഉത്സാഹമായി . പനി  എങ്ങോ മറഞ്ഞിരുന്നു .

വീടിനു മുന്നില്‍ നിന്നുകൊണ്ട്  ഉദയാസ്തമയങ്ങളിലെ സൂര്യതേജസ്‌  കാണാൻ
കഴിയുക .എനിക്കെന്നും അതൊരു അനുഭൂതിയാണ് , പ്രാർത്ഥനായാണ്‌ .
മതിലുകള്‍ കെട്ടി വേര്‍തിരിക്കാത്ത മൂന്നു വീടുകളില്‍ മധ്യത്തെ വീട്ടില്‍
അങ്ങനെ പുതിയ ജീവിതം ആരംഭിക്കുകയായിരുന്നു .

 നാട്ടുവിശേഷങ്ങള്‍ അറിയാനും ചെറിയ സഹായത്തിനുമായി ഒരാളെ കിട്ടി .
ചിന്താമണി . തമിഴ് നാട്ടുകാരനായ രാജുവിന്‍റെ ഭാര്യ . മൂന്ന് ആണ്‍കുട്ടികളുടെ അമ്മയായ
ചിന്താമണി നാലാമതൊരു പെണ്‍കുട്ടിയെ ദത്തെടുത്ത് വളര്‍ത്തുന്നു എന്നറിഞ്ഞപ്പോള്‍
അവരോട് സ്നേഹത്തോടൊപ്പം ബഹുമാനവും തോന്നി .നാടൻ   പച്ചക്കറികളും
 ഉപ്പിട്ട് കഴുകി വൃത്തിയാക്കിയ പുഴമീനുമായാണ് ചിന്താമണിയുടെ വരവ് .

വീട്ടില്‍ തനിച്ചാവുമ്പോള്‍ പുറത്തിറങ്ങി കാഴ്ചകള്‍ക്കായി പരതും.
എല്ലാ ദിവസവും കോട്ടവാതിലിലൂടെ കടന്നുവരുന്ന ഒരു സ്ത്രീരൂപത്തില്‍ കണ്ണ്
പതിയും .ഏകദേശം അമ്പതു വയസ്സ് പ്രായം തോന്നും . അവരെക്കുറിച്ച്
 ചിന്താമണി വാചാലയായി ..........
'ഭ്രാന്തിയാണ് , എപ്പോഴാണ് ചീത്ത പറയുക , കല്ലെടുത്ത്‌ എറിയുക , ഉപദ്രവിക്കുക
എന്നൊന്നും പറയാന്‍ പറ്റില്ല , ചീത്ത സ്ത്രീയാണ് , രാത്രി ലോറിക്കാരന്മാരുടെ കൂടെ
ആണ് ഉറക്കം ..അങ്ങനെ അങ്ങനെ ......

എന്തുകൊണ്ടോ എനിക്കവരെ അടുത്ത് കാണണമെന്ന് തോന്നി . മുന്നിലെ അരമതിലില്‍
ചാരി  അവരെയും കാത്ത് ഞാൻ നിന്നു . തലയിലെ ഭാണ്ഡമാണ്  ആദ്യം പ്രത്യക്ഷമായത് ,
പിന്നാലെ അവരും .അടുത്തെത്തിയപ്പോള്‍ ഞാനൊന്നു ചിരിച്ചു . ആ ചിരി പണ്ടേ
ആഗ്രഹിച്ചിരുന്നപോലെ അവര്‍ അടുത്തേയ്ക്ക് വന്നു .

വീടിനു പുറകുവശത്തെ വരാന്തയില്‍ ഒരു ചിരപരിചിതയെപ്പോലെ അവരിരുന്നു ,
തൊട്ടടുത്ത പടിയില്‍ ഞാനും .കുളിച്ച് , വൃത്തിയായി പൌഡര്‍ പൂശിയ മുഖം ,
തലമുടിയില്‍ , ആശ്രമത്തില്‍ നിന്നു കിട്ടിയ മഞ്ഞപ്പൂക്കള്‍ തിരുകിവച്ചിരിക്കുന്നു.
ഭാണ്ഡം അഴിച്ചു വച്ചു . സോപ്പ് , ചീപ്പ് , കണ്ണാടി , പൊട്ട് എല്ലാമുണ്ട് അതിനുള്ളില്‍ .
ഭാണ്ഡം മുറുക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു എന്തു വിളിക്കണം എന്ന് .
ഇഷ്ടമുള്ളത് എന്തുമാകാം എന്ന് ഞാനും പറഞ്ഞു .
എന്തൊക്കെയോ പതുക്കെ പറഞ്ഞുനോക്കി , അതൊന്നും  പോരാ എന്ന്
പറഞ്ഞ് , എന്‍റെ പേരിനെ ഒരു മൂളലായി ചുരുക്കി .ഇപ്പോള്‍ വരാമെന്ന് പറഞ്ഞ്
ഭാണ്ഡക്കെട്ടും എന്നെ ഏല്‍പ്പിച്ചു മടങ്ങി , തലയില്‍ കുറെ ഉണങ്ങിയ
ചുള്ളിക്കമ്പുകളുമായി വീണ്ടുമെത്തി . പുറത്തെ കത്തിക്കാത്ത അടുപ്പില്‍ നിര്‍ബന്ധപൂര്‍വ്വം
തീയ് കൂട്ടി വെള്ളം തിളപ്പിച്ചു. രാത്രി ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കുന്നത്
നല്ലതാണെന്ന ഉപദേശവും തന്നു തിരികെപ്പോയി .
കുറെക്കഴിഞ്ഞ് വീണ്ടുമെത്തി , നിത്യാനന്ദാശ്രമത്തില്‍ നിന്ന് ദാനമായി കിട്ടുന്ന
അന്നവും കൊണ്ട് . തൈരോ അച്ചാറോ ഞാന്‍ കൊടുക്കണം എന്ന ആവശ്യവുമായി .
പേപ്പര്‍ വിരിച്ചിട്ട നിലത്ത് ഇലയില്‍ വിളമ്പുന്ന ആവി പറക്കുന്ന വെളുത്ത ചോറിന്
പുറത്ത് തിളയ്ക്കുന്ന സാമ്പാര്‍ ഒഴിക്കുമ്പോള്‍ വരുന്ന മണം ഞാനും അവിടെപോയി
പലതവണ ആസ്വദിച്ചിട്ടുണ്ട് പിന്നീട് .

അമ്മിണി എന്‍റെ ജീവിതത്തിന്‍റെ ഭാഗമായി മാറുകയായിരുന്നു ,
ഊണിനിടയില്‍ അമ്മിണി പറയുന്ന പഴം കഥകളും പാടിപ്പതിഞ്ഞ പാട്ടുകളും
പുരാണകഥകളും. പിന്നെ കാഞ്ഞങ്ങാടിന്റെ ചരിത്രം ഒരു യക്ഷിക്കഥയുടെ
കെട്ടും മട്ടുമായി പറയും , മൂടിയ കിണറുകളില്‍ നിന്ന് അടക്കം ചെയ്യപ്പെട്ട
ശവങ്ങള്‍ എഴുന്നേറ്റു വരുമെന്നും അമ്മിണി എന്നും അവരെ കാണുമെന്നും.....
ഒടുവിൽ ,ഒരേയൊരു മകന്‍ കല്യാണത്തിനുശേഷം അവരെ വീട്ടിനു പുറത്താക്കിയ
കാര്യം പറഞ്ഞ് കരയും . ഇപ്പോള്‍ സര്‍ക്കാരാപ്പീസിന്‍റെ മുന്നിലെ വെളിച്ചത്തിലാണ്
രാത്രിയുറക്കം എന്നും .
അമ്മിണി പറയുന്നതൊന്നും ഭ്രാന്തായി എനിക്ക് തോന്നിയില്ല .
ഒരിക്കല്‍പോലും അവര്‍ എന്നെ ചീത്ത വിളിക്കുകയോ ഉപദ്രവിക്കുകയോ
ചെയ്തില്ല .

പല രാത്രികളിലും ഞാന്‍ സ്വപ്നം കണ്ടു . വീടിനു മുന്നിലെ മൂടിയ വലിയ
കിണറുകളില്‍നിന്ന് ആളുകള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നതും മൈതാനത്തിനടിയിലെ
ഭീമാകാരമായ തുരംഗത്തിലൂടെ ആയുധങ്ങളുമായി സൈനികര്‍ പാഞ്ഞടുക്കുന്നതും
കുതിരകളുടെ കുളമ്പടി ശബ്ദവും ഒക്കെ .
ഉണര്‍ന്നു കിടക്കുമ്പോള്‍ അതേ ശബ്ദങ്ങള്‍ കാതില്‍ അലയടിക്കുന്നതായി തോന്നും .
എന്നിട്ടും കഥകള്‍ കേള്‍ക്കാനും സ്വപ്നം കാണാനും അമ്മിണിയെ വീണ്ടും
കാണാനും ആഗ്രഹിച്ചുകൊണ്ടേയിരുന്നു .

ഉദയാസ്തമയങ്ങളുടെ സുന്ദരമായ കാഴ്ചയും കോട്ടയും കോട്ടയുടെ തകര്‍ന്ന
ഭാഗത്ത് വളര്‍ന്നു നില്‍ക്കുന്ന ആല്‍മരവും നന്നായി കാഴ്ചയ്ക്ക് എത്തിപ്പെടാനാവാത്ത
ചെറിയ കാട്ടുചെടികളും പാടവും കോട്ടവാതിലിലൂടെ പ്രത്യക്ഷയാവുന്ന
അമ്മിണിയും എനിക്ക് നഷ്ടപ്പെടാന്‍ പോകുന്നു .

പിരിയാന്‍ നേരം അവരുടെ ഭാണ്ഡക്കെട്ടിൽ ഞാന്‍ നിര്‍ബന്ധപൂര്‍വം തിരുകിവച്ചു ,
എന്‍റെ അന്നുവരെയുള്ള സമ്പാദ്യം , ഒരു ചില്ലറ തുട്ടുപോലും ബാക്കിവയ്ക്കാതെ .
കൈയിലേയ്ക്ക് കൊടുത്ത സാരി പുത്തനാനെന്നു തിരിച്ചറിഞ്ഞ് , പഴയത്
ആവശ്യപ്പെട്ടു . ഞാന്‍ മടിച്ചു നിന്നപ്പോള്‍ , എന്‍റെ മണം എന്നും അതിലൂടെ
അറിയാനാണെന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു . അവരുടെകണ്ണുകളിൽ നിന്ന്
 പ്രവഹിച്ച സ്നേഹത്തിന്റെ  കണ്ണുനീര്‍ ഉരുണ്ടുകൂടി ഒരു വേദനയായി ,
ഒരു ഭാരമായി , ഒരു വലിയ ഭാണ്ഡക്കെട്ടായി ,ഒരു നോവറിവായി ഇന്നും
എന്റെ നെഞ്ചിനകത്ത് ..............................................!
*************************

2010, ജൂൺ 6, ഞായറാഴ്‌ച

' മാനസ '


ഒരുപാടൊരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ പുതിയ മേല്‍വിലാസത്തില്‍
എത്തിയ കത്ത് ...
മാനസയുടെ കത്ത് .
വെള്ള കടലാസ്സില്‍ നീല അക്ഷരങ്ങളില്‍ ....
ഒരിഞ്ചുസ്ഥലം പോലും വെറുതെ കളയാതെ സ്നേഹം കുത്തിനിറച്ച പോലെ .
എന്‍റെ പ്രിയപ്പെട്ട മനുവെന്ന പതിനഞ്ചുകാരി മാനസയുടെ കത്ത് .

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് ശബ്ദത്തിലൂടെ എന്‍റെ കൂട്ടുകാരിയുടെ കൂട്ടുകാരിയെ
ഞാനും സ്വന്തമാക്കി . അവളുടെ മകള്‍ എന്‍റെ മകളായി . പിന്നീട് ഞങ്ങള്‍
തമ്മിലായി ഫോണിലൂടെ വിശേഷങ്ങള്‍ കൈമാറല്‍ . അങ്ങനെ ഞാന്‍ അവളുടെ
മാത്രം അമ്മായിയായി . അവളുടെ അമ്മായിയായി ഞാന്‍ മാറുന്നത് കാണുമ്പോള്‍
എന്‍റെ ആണ്‍കുട്ടികള്‍ക്ക് അസൂയയും അവരുടെ അച്ഛന് അതിശയവും
തോന്നിയിരുന്നു എന്നതും ഒരു സത്യം .

എല്ലാ ആധുനിക സൌകര്യങ്ങളും അനുഭവിക്കാന്‍ ഭാഗ്യം സിദ്ധിച്ച കുട്ടി ,
തിരുവനന്തപുരത്തെ പ്രശസ്തമായ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളില്‍
പഠിക്കുന്ന കുട്ടി ,
അവള്‍ക്ക് ഒരു കത്ത് എഴുതാന്‍ തോന്നുക ...എനിക്ക് അത്ഭുതം തോന്നി ,
സ്നേഹബന്ധങ്ങള്‍ക്ക്‌ ആധുനികതയുടെ പുതപ്പണിയിക്കുന്ന ഈ കാലത്ത് ...
അന്യം നിന്നുപോയ ഒരു ആശയവിനിമയത്തിന്റെ പുനരാവിഷ്ക്കാരമായി
എനിക്ക് ആ കത്ത് .

മനുവിന്‍റെ കത്ത് എന്‍റെ ഓര്‍മകളെ പിറകോട്ടു മെല്ലെ നടത്തി .
ഹോസ്റ്റല്‍ ജീവിതത്തിന്‍റെ ഇടനാഴിയിലൂടെ ...
കോളേജില്‍ നിന്ന് ഉച്ചഭക്ഷണത്തിന് എത്തുമ്പോഴാണ് ലെറ്റര്‍ ബോര്‍ഡില്‍
നിന്ന് എല്ലാവരും അവരവരുടെ അവകാശങ്ങള്‍ ആര്‍ത്തിയോടെ
കയ്യടക്കുന്നത് . എന്നാലും ഒന്നുരണ്ടെണ്ണം അവശേഷിക്കും അവകാശികളില്ലാതെ .
മരവിച്ചു മരിച്ച അക്ഷരങ്ങളായിരുന്നിരിക്കാം അവയ്ക്കുള്ളില്‍ .
ലെറ്റര്‍ ബോര്‍ഡില്‍ ഇടം പിടിക്കാനാവാതെ കുറെയേറെ കത്തുകള്‍
മേട്രന്റെ മേശവലിപ്പിനുള്ളില്‍ വിശ്രമിക്കും . കോളേജ് ജെങ്ങ്ഷനില്‍ കാത്തുനിന്ന്
മടുത്ത് ഒരക്ഷരവും സംസാരിക്കാന്‍ അവസരം കിട്ടാതെ അവസാനം അജ്ഞാതന്‍
എന്ന പേരില്‍ എത്തുന്ന കത്തുകളും പിന്നെ പ്രണയിനികള്‍ക്ക് ദൂരെയെവിടെ
നിന്നൊക്കെയോ പറന്നെത്തുന്ന വിരഹത്തിന്‍റെ സ്പര്‍ശമുള്ള കത്തുകളും .
ആദ്യ വിഭാഗത്തില്‍പ്പെട്ടവ അപ്പോള്‍ തന്നെ ചാരമായിത്തീരും .
രാത്രി ഭക്ഷണ സമയത്ത് എല്ലാപേരോടുമായി, മര്യാദയ്ക്ക് നടന്നാല്‍ കൊള്ളാം
എന്ന താക്കീതും പിറകെയെത്തും.
രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നവയുടെ അവകാശികളുടെ വീട്ടിലേയ്ക്ക്
അറിയിപ്പ് കൊടുക്കും , ഉടനെ എത്താനും മകളുടെ 'കൊള്ളരുതായ്മകള്‍ '
ചെവി നിറയെ കേട്ടുകൊണ്ടു മടങ്ങാനും .

എനിക്ക് സ്ഥിരമായി കിട്ടിയിരുന്നത് രണ്ടുപേരുടെ കത്തുകളാണ് . ചേട്ടന്റെയും
അമ്മാവന്റെയും. എന്‍റെ കൂട്ടുകാരികള്‍ക്കെല്ലാം അസൂയ ഉണ്ടാക്കുന്നതായിരുന്നു
എന്‍റെ അനുജത്തി വേഷം . അവരും ഒരുപാടാഗ്രഹിച്ചിരുന്നു അങ്ങനെ ഒരു വേഷം
അണിയാന്‍ .

അമ്മാവന്റെ ആദ്യകത്ത് വായിച്ചു കേള്‍ക്കാന്‍ ഭാഗ്യം കിട്ടിയവര്‍ പിന്നീടൊരിക്കലും
എനിക്ക് വരുന്ന കത്ത് ആദ്യം വായിക്കാന്‍ അവസരം തന്നില്ല .മേട്രനാണ് ആദ്യ
വായനക്കാരി എന്ന സത്യവും അവര്‍ വിസ്മരിക്കും . എന്‍റെ അരിശം പിച്ചിയും
മാന്തിയുമൊക്കെ ഞാന്‍ അവരില്‍ തീര്‍ത്തിരുന്നു .
ഞാനിന്നുവരെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായതാണ് എന്‍റെ അമ്മാവന്റെ
കൈയക്ഷരം .
ഞങ്ങളെ പുസ്തകങ്ങളുടെ ലോകത്തേയ്ക്ക് കൊണ്ടുപോയ ആള്‍ .
ഒരു കഥയുടെ ഭംഗിയോടെ വിവരിച്ചിരിക്കും നാട്ടുവിശേഷങ്ങള്‍ .
വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ , പിന്നെ സ്വപ്നലോകത്തുകൂടിയുള്ള
സഞ്ചാരവിശേഷങ്ങള്‍ , അങ്ങനെ കണ്ടതും കേട്ടതുമായ ഒത്തിരി കാര്യങ്ങള്‍ .
കഥകളിലും കവിതകളിലും ജീവിച്ച് , മനസിനെ അലയാന്‍ വിട്ട് , ബിരുദം നേടാന്‍
മിനക്കെടാതിരുന്ന അമ്മാവന്റെ വഴിയെ ഞാനും നടക്കുമെന്ന് വീട്ടുകാര്‍ ഭയപ്പെട്ടു .
ജീവിക്കാന്‍ മറന്നുപോയവനെന്ന പേര് ചാര്‍ത്തിക്കൊടുത്തു ആ പാവത്തിന് . ഹോസ്റ്റല്‍
ജീവിതം അവസാനിച്ചതോടെ അമ്മാവന്റെ കത്തുകള്‍ എനിക്ക് നഷ്ടമായി ,എന്‍റെ
ഏറ്റവും വലിയ നഷ്ടവും , എന്നിട്ടും അമ്മാവനെപ്പോലെ സ്വപ്നം കാണാനുള്ള
അവകാശം മാത്രം ഞാനാര്‍ക്കും വിട്ടുകൊടുത്തില്ല .

വിവാഹത്തോടെ വിശേഷം പറച്ചിലെല്ലാം ഫോണിലൂടെമാത്രമായി ഒതുങ്ങി .
അപ്പോഴും ഒരു കത്ത് പൊട്ടിച്ചു വായിക്കുന്ന സുഖം അനുഭവിക്കാന്‍ പലപ്പോഴും
കൊതി തോന്നിയിട്ടുണ്ട് .ഒരു വിരലിന്‍റെ സ്പര്‍ശനമാത്രയില്‍ മാഞ്ഞു പോകുന്ന
കത്തുകള്‍ ഇപ്പോഴും കിട്ടാറുണ്ട് . 'എത്രയും പ്രിയപ്പെട്ട ചേച്ചിയ്ക്ക് ' എന്നുതുടങ്ങുന്ന
എന്‍റെ അനുജന്‍ ഗോപന്‍റെ കത്തുകള്‍ പലപ്പോഴും പഴയ കാലസ്മരണകളിലേയ്ക്ക്
കൂട്ടിക്കൊണ്ടു പോകാറുണ്ട് . കണ്ടിട്ടില്ലാത്ത , കേട്ടിട്ടില്ലാത്ത ഞങ്ങള്‍ അക്ഷരങ്ങളിലൂടെ
മാത്രം വര്‍ഷങ്ങളായി സംവദിക്കുന്നു . ഒഴുകിയെത്തുന്ന ആ പ്രിയമുള്ള വാക്കുകള്‍
എന്നും അവന്‍റെ ചേച്ചിയായിരിക്കാനുള്ള പ്രാര്‍ഥനയിലും എത്തിക്കുന്നു .

മാനസയുടെ കത്ത് ഒരിക്കല്‍ക്കൂടി വായിക്കാനെടുത്തു .
ഓരോ വാക്കിനുള്ളിലും അവള്‍ സ്നേഹം നിറച്ചു വച്ചിരിക്കുന്നു .
ശബ്ദത്തിലൂടെ അവള്‍ അറിഞ്ഞ അമ്മായിയെ ഒരു മാസം മുന്പ് കണ്ടപ്പോള്‍
തോന്നിയ ആഹ്ലാദം ...
അമ്മായി അവള്‍ക്ക് കൊടുത്ത സമ്മാനം അവള്‍ വളരെ ആഗ്രഹിച്ചിരുന്ന
ഒന്നായിരുന്നു എന്നതിന്‍റെ സന്തോഷം ..
അവള്‍ മേശപ്പുറത്തു സൂക്ഷിച്ചിരിക്കുന്ന സമ്മാനത്തിലൂടെ അമ്മായിയെ കാണുന്നു
എന്ന തോന്നല്‍ ...
കാണണമെന്ന് തോന്നുമ്പോഴൊക്കെ ആ സമ്മാനത്തിലെയ്ക്കുനോക്കുമെന്ന് ...അങ്ങനെ
ഒരുപാട് കാര്യങ്ങള്‍ ....എഴുതി അവസാനിപ്പിക്കും മുന്പ് മഷികൊണ്ട് അവളുടെ
ഹൃദയത്തെ ആ താളില്‍ പകര്‍ത്താനും അതിനുള്ളില്‍ സ്നേഹം നിറയ്ക്കാനും
അവള്‍ മറന്നില്ല
ഞാന്‍ ആ കത്ത് നെഞ്ചോട്‌ ചേര്‍ത്തുപിടിച്ച് ഇരുന്നു , കുറെ നേരം ...ഉള്ളില്‍
നിറഞ്ഞു കവിഞ്ഞ സന്തോഷം കണ്ണുകളിലൂടെ പെയ്തിറങ്ങി കവിളുകള്‍ക്ക്
കുളിര് പകരുന്നതും അറിഞ്ഞുകൊണ്ട് ...
നേരത്തെ കൊടുത്തിരുന്ന ഒരു അപേക്ഷയിന്മേല്‍ ദൈവം ഒപ്പുവച്ചതാവാം .

ഒരു നിധിപോലെ സൂക്ഷിക്കണം അവള്‍ എനിക്ക് തന്ന ഈ സമ്മാനം .
യാത്ര അവസാനിക്കുന്നിടം വരെ കൊണ്ടുനടക്കണം ..

ഇനി ഞാന്‍ പേനയെടുക്കട്ടെ ...
എന്‍റെ മാനസയ്ക്ക് മറുപടി എഴുതാനായി .....
അവള്‍ അക്ഷമയായി കാത്തിരിക്കുകയാണ് .

**************