2017, ജൂലൈ 30, ഞായറാഴ്‌ച

എത്ര നീട്ടിയെഴുതിയാലും ഒരു വിരാമചിഹ്നത്തിൽ
അവസാനിപ്പിക്കാനാവില്ല 'എന്റെ അച്ഛൻ' എന്ന
ഓർമ്മക്കുറിപ്പ് .

എന്റെ രുചികളിൽ എന്നും ഒപ്പമിരിക്കുന്നൊരാളിന്
ശ്രാദ്ധമൂട്ടുന്നതിലെന്ത് പ്രസക്തി .

ഒരു നിറസാന്നിധ്യത്തിന് ശരീരമാവശ്യമില്ലെന്നറിയാൻ
അവസാനമായിക്കേട്ട ആ ഒരു മൂളൽ മാത്രം മതിയാവും
എനിക്ക്.

വിരൽ പിടിച്ച് ഇന്നും മുന്നിലുണ്ടെന്ന അറിവ് ,അത്
മതിയെനിക്ക് ഈ  വഴിയിലെ ചൂണ്ടുപലകയായി .

വെട്ടംവെയ്ക്കാൻ തുടങ്ങുന്ന നേരത്തുള്ള റേഡിയോ
വാർത്തയും ഉച്ചത്തിലുള്ള പത്രവായനയുമായാണ്
അച്ഛനെക്കുറിച്ചുള്ള ഓർമ്മയുണരുക .
ഉച്ചത്തിൽ വായിക്കുകയെന്നാൽ അടുക്കളയിൽ
ഉണർന്നുപ്രവർത്തിക്കുന്ന അമ്മ  കൂടി കേൾക്കുക
എന്നാണർത്ഥം.ഒരുമിച്ചിറങ്ങി രണ്ടിടങ്ങളിലേയ്ക്ക് ,
കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകരായി കടന്നു
ചെല്ലേണ്ടവർ .

അനുഗ്രഹിക്കപ്പെട്ടവളായിരുന്നെന്റെ അമ്മ .എല്ലാ
കൂടിച്ചേരലുകളിലും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്
അച്ഛൻ .അച്ഛന്റെ ചെറുപ്പകാലം കണ്ടറിഞ്ഞവരുടെ
സാക്ഷ്യപ്പെടുത്തലുകൾ .എത്ര കേട്ടാലും വീണ്ടുംവീണ്ടും
കേൾക്കാൻ കൊതിയാണ് .അഞ്ചു മാസങ്ങൾക്കു മുൻപ്,
കേട്ടിരുന്ന സ്ഥിരം വർത്തമാനങ്ങൾക്കിടയിലേയ്ക്കു
കയറിവന്നു അച്ഛന്റെ പഴയകാല ജീവിതത്തിന്റെ
കേൾക്കാതിരുന്ന ഒരേട് .നാടകാഭിനയത്തിന്റെ കാലം .
ശരിക്കും ഞാൻ ഞെട്ടുകയായിരുന്നു .അച്ഛനിൽ ഒരു
കലാകാരൻ ,അതിശയപ്പെട്ടുപോയി .
കുട്ടിക്കാലത്ത്, കൂടിച്ചേരലിന്റെ സായാഹ്നങ്ങളിൽ
തിരുവായ്‌ക്കെതിർവായില്ലെന്ന മട്ടിലെതിർചേരിക്കാർ
മുട്ടുമടക്കുന്നതു അഭിമാനത്തോടെ  കണ്ടുനിന്നിട്ടുണ്ട്.
അപ്പോൾ ഒരു തികഞ്ഞ രാഷ്രീയക്കാരന്റെ വേഷം .
അതല്ലാതെ ആരും പറഞ്ഞുകേട്ട അറിവുപോലുമില്ല
ഇത്തരത്തിലൊരു ..........

പാടാനും പറയാനും നാടകം കളിക്കാനും ഒരു പിന്തുണ
തരാതിരുന്നപ്പോഴൊക്കെ അച്ഛനെന്താണിങ്ങനെയെന്ന്
ചിന്തിച്ചിച്ചിട്ടുണ്ട് , വേദനിച്ചിട്ടുണ്ട് .സ്റ്റേജിൽ കയറരുതെന്ന
ഉഗ്രശാസനത്തിനു മുന്നിൽ തല കുമ്പിട്ടു നിന്നിട്ടുണ്ട് .
ചെറിയ കുറിപ്പുകളെഴുതി കവിതയെന്ന് കാണിക്കുമ്പോൾ
ആ നോട്ടത്തിലെ ഇഷ്ടക്കേട് ... എഴുതിയില്ല പിന്നീടൊന്നും .
അച്ഛനായിരുന്നു മുന്നിൽ കണ്ട ഏറ്റവും വലിയ ശരി .
അച്ഛൻ കാട്ടിത്തന്ന വഴി തന്നെയാണ് ശരിയെന്ന് അന്നും
ഇന്നും വിശ്വസിക്കുന്നു .
ഏതൊരു മകളും കൊതിച്ചുപോകുന്ന വാത്സല്യത്തിന്റെ,
കരുതലിന്റെ ആൾരൂപം ,അതായിരുന്നെന്റെ  അച്ഛൻ .

പാട്ടിലോ പറച്ചിലിലോ എഴുത്തിലോ ഒന്നിലും എനിക്ക്
ഒന്നുമാവാനാവില്ലെന്ന് അച്ഛൻ അന്നേ അറിഞ്ഞിരുന്നു .

അച്ഛനിപ്പോൾ ചാരുകസേരയിൽ കിടന്നുകൊണ്ട്
ഇത് വായിച്ചു മടക്കി ,നെഞ്ചിൽ ചേർത്തുവെച്ച്
കറുത്ത തടിച്ച  ഫ്രെയിമുള്ള കണ്ണടയ്ക്കിടയിലൂടെ
നോക്കുകയാവും .ഓർത്തെടുക്കുകയാവും വേഷമിട്ട
കഥാപാത്രങ്ങളെ .

(ഇന്നേക്ക് 8 വർഷം, അച്ഛന്റെ ശരീരം മണ്ണിൽ ലയിച്ചിട്ട് )2017, ജൂലൈ 28, വെള്ളിയാഴ്‌ച

അപരാജിതയുടെ കുറിപ്പ് (5)

മഞ്ഞുപാളി
മുറിച്ചെടുത്ത് 
മുത്തുമണികൾ
ഞാത്തിയിട്ട്
പകൽ തുന്നിയ
ദാവണി
അരപ്പട്ടയ്ക്ക്
മഴവിൽത്തുണ്ട്
മുടിമാലയ്ക്ക്
കാട്ടുപൂക്കൾ
കണ്ണെഴുത്തിന്
കരിമേഘച്ചീന്ത് 

പൊട്ടുകുത്താൻ
സന്ധ്യയെത്തണം

പാട്ടഴിക്കുന്നു
പറവകൾ
ഊയലാടുന്നു
ഇളം തെന്നൽ
കൊലുസ്സിളക്കുന്നു
തെളിനീർപ്പുഴ
തിരതുള്ളുന്നു
കരകാണാക്കടൽ

മിന്നുകെട്ടാൻ
നീ വരുമെന്നു കാത്ത്
അഴിച്ചുവെച്ചില്ല
ചമയങ്ങളിതുവരെ .

2017, ജൂലൈ 25, ചൊവ്വാഴ്ച

അപരാജിതയുടെ കുറിപ്പ് (4)

കാൽനഖത്തിന്
കുളിരാൻ തോന്നുമാറ്
തണുപ്പൊതുക്കിവെച്ച്
വിറകൊള്ളുന്ന
പുൽക്കൊടിത്തുമ്പ്

ഇനിയുമെന്തേ
തുറക്കാത്തതെന്ന്
പിൻവാതിലിലേയ്ക്ക്
കഴുത്തില്ലാത്തല
നീട്ടിപ്പിടിച്ച്
മൂക്കുത്തിയിട്ട
മുക്കുറ്റിപ്പെണ്ണുങ്ങൾ

പാടപ്പച്ചയെ
വെള്ളപൂശി
തിടുക്കത്തോടെ
മഞ്ഞിന്റെ കുട്ടികൾ

ചില്ലയിൽ നിന്ന്
ചില്ലയിലേയ്ക്ക്
മാറിമാറിയിരിക്കുന്ന
കിളിയൊച്ച

മുറ്റംനിറയെ പിച്ചകമണം

അക്കരെ നിന്ന്
ചൂളംവിളിച്ചെത്തുന്ന
കുരുത്തംകെട്ട കാറ്റ്

ഒരു മൊട്ട്
ഇതൾവിരിയുംപോലെ
ഞാനിപ്പോൾ
നിന്റെ വിരൽത്തുമ്പിൽ
ഒരു കവിതയായ്
തുടിക്കുന്നുണ്ടാവും

ഉമി തിരുമ്മി മിനുക്കിയ
ഓട്ടുവിളക്കിന്
പൊന്നിന്റെ തിളക്കം

ആരാണെന്റെ മുഖത്ത്
കോടിമുണ്ടിന്റെ മറ വിരിക്കുന്നത് !


2017, ജൂലൈ 24, തിങ്കളാഴ്‌ച


''When love beckons to you , follow him ,
Though his ways are hard and steep.
And when his wings enfold you yield to him ,
Though the sword hidden among his pinions may wound
you .
And when he speaks to you believe him,
Though his voice may shatter your dreams as the north wind
lays waste the garden.

For even as love crowns you so shall he crucify you .Even as
he is for your growth so is he for your pruning.
Even as he ascends to your height and caresses your tenderest
branches that quiver in the sun,
So shall he descend to your roots and shake them in their
clinging to the earth.
Like sheaves of corn he gathers you unto himself .
He threshes you to make you naked.
He sifts you to free you from your husks.
He grinds you to whiteness.
He kneads you until you are pliant ;
And then he assigns you to his sacred fire, that you may
become sacred bread for God's sacred feast.''
------------------------------
' The Prophet ' by Khalil Gibran

2017, ജൂലൈ 19, ബുധനാഴ്‌ച

അപരാജിതയുടെ കുറിപ്പ് (3)


മടങ്ങിവരാനിടയില്ലാത്ത
നനഞ്ഞ പകലിനെ
ഉയിരാഴത്തിൽ നിന്ന്
ചിക്കിച്ചികഞ്ഞെടുത്ത്
കണ്ണിലൊരു പുഴകുത്തി
മുന കൂർപ്പിക്കുന്നിരുട്ട്

കാലൊച്ച കൊണ്ടുപോലും
കിളിയുറക്കമുണർത്താതെ
കണ്ണീർകൊണ്ടൊരോർമ്മയെ
തേയ്ച്ചുമിനുക്കി തിരിതെറുക്കുന്നു
പാതിയടർന്ന ചന്ദ്രൻ

വായനയ്ക്കും
കേട്ടിരിപ്പിനുമിടയിലെന്നോ
മുറിഞ്ഞുപോയൊരു കഥ
ഇരുട്ടിൽ പരതുന്നു നക്ഷത്രങ്ങൾ

നിനക്കുമേലെ
എനിക്കൊരാകാശമില്ലെന്ന്
ഒരിളം തൂവലടർത്തി
ഇലപ്പച്ചയിലെഴുതിവെച്ച്
കാറ്റിന്റെ വിരൽപിടിക്കുന്നു
ഇന്നലെ'യെന്ന കവിത

ഋതുവേതെങ്കിലുമൊന്നിൽ
ഒരിലയനക്കമായെങ്കിലും
നീയെന്നെ അടയാളപ്പെടുത്തുക .

2017, ജൂലൈ 17, തിങ്കളാഴ്‌ച


''കണ്ട് കൗതൂഹലം പൂണ്ട്
തണ്ണീർ കുടിച്ചിണ്ടലും തീർത്തു
മന്ദം നടന്നീടിനാർ ..........

വസന്തേ ,
സുശീതളേ ,
ഭൂതലേ .........''

എഴുത്തിന്റെ അച്ഛൻ ..!!!

നടക്കുകയാണ് ഞാനും
ഇവിടെയുണ്ടിവിടെയുണ്ടെന്ന്
ഓരോ തിരച്ചിലിനും കാട്ടിക്കൊടുത്ത്
ഇല്ലാത്തതായി ആരുമില്ലൊന്നുമില്ലെന്നറിഞ്ഞ്
വീണ്ടും തുറക്കാനായ്
മടക്കിവെച്ച് .........

വാക്കെനിക്കില്ലാ വിഭോ
അങ്ങയെ പ്രണമിക്കുവാൻ
ധ്യാനമാണിന്നും പൊരുൾ
പാതിയാമുടൽ പോലെ .

(രാ' മായണെയെന്ന് ചൊല്ലാൻ തുടങ്ങുന്നു കർക്കിടകം)

2017, ജൂലൈ 11, ചൊവ്വാഴ്ച

അപരാജിതയുടെ കുറിപ്പ് (2)

ഇക്കണ്ട
കാലമത്രയും
അടിതെറ്റിപ്പോയവളെന്ന്
ഒരു കാറ്റും
പറഞ്ഞുപരത്തിയില്ല

രണ്ടുനേരം ആകാശം
ചുവക്കുന്നതു കാണാതെ
കിളികളുണർന്ന്
ചിറകുകുടയുന്നതറിയാതെ
ജലമെന്നാർത്ത്
ഇരുട്ടറകളിലേയ്ക്ക്
നീ വിരൽ പരതുന്നത്
എനിക്കായ് മാത്രമെന്ന്
തീ തുപ്പുന്ന വെയിൽ
നിഴലുകളെ ചാരിനിന്ന്
അടക്കം പറയുന്നുണ്ട്

നമ്മൾ വരയ്ക്കുന്ന കാടിന്
എന്നും തണുപ്പാണ്
അല്ലെങ്കിൽ തന്നെ
കാടല്ലാതെ മറ്റെന്താണ്
നമ്മൾ വരയ്ക്കുക

നീ നനയുന്ന മണ്ണ്
ഞാൻ മണക്കുന്ന വിണ്ണ്

നാളെ പെരുമഴ
എന്നിൽ മരണം
വരച്ചു വെയ്ക്കും

നിന്നെ ശ്വസിച്ച്
നിന്റെ ശ്വാസമായ്
കരിമൊട്ടിലും
ഞാനിതൾവിരിയും

ഒരുവേള
നിന്നിൽ ഞാൻ
വീണ്ടും കിളിർക്കും
വാക്കിനു പൊരുളെന്നപോലെ .

2017, ജൂലൈ 6, വ്യാഴാഴ്‌ച

അപരാജിതയുടെ കുറിപ്പ് (1)

ഒരു കരയായ്
വിരൽകോർത്തിരുന്ന്
പുഴതൊട്ടു നനഞ്ഞത്‌

വാക്കു പൂത്ത
പാടവരമ്പിലൂടെ
അങ്ങറ്റമിങ്ങറ്റം നടന്നത്

വാക്കായ് മുളച്ച്
വരിയായ് പടർന്ന്
പൊരുളായ്‌ നിറഞ്ഞത്

ഒരുരുളച്ചോറിനാൽ
ഭൂമിയെയൊന്നാകെ
ഉള്ളിൽ നിറച്ചത്

രാപ്പാട്ടിലൊരുയിരായ്
നമ്മൾ മാത്രമെന്ന്
നിറഞ്ഞുതൂവിയത്

ഉണർത്തുപാട്ടിൽ
ഒരു കിനാക്കണമായ്
തുളുമ്പി നിന്നത്

വസന്തത്തിൽ
ചേമന്തിയായ് വിരിഞ്ഞ്
ഋതുക്കളാറിലും
ഒന്നൊന്നായ്
വിരിഞ്ഞു കൊഴിഞ്ഞ്
നിന്നെ പുണർന്ന്
നിന്നിൽ  മണമായുലഞ്ഞ്
അടയാളപ്പെട്ടതാണ്

എന്നിട്ടുമെന്റെ പ്രണയമേ
നീയെന്നെയൊരിക്കലും
ഋതു'വെന്ന് വിളിച്ചില്ല .


2017, ജൂലൈ 5, ബുധനാഴ്‌ച

അപരാജിത


തിളങ്ങുന്ന ചട്ടയിലെ
പൊട്ടാത്ത കുടുക്കുകൾ
ഒന്നൊന്നായഴിച്ച്
കാരണമേതുമില്ലാതെ
നീ തിരികെ വാങ്ങുന്നു

സ്വപ്നത്തിന്റെ
തൂവലിലേയ്ക്ക്
ഒരു തുള്ളിക്കണ്ണീർ

വരികളിറങ്ങിപ്പോയ
വരയുടെ വെള്ളയിൽ
നീ തന്ന വാക്കിന്റെ തിരി

കറുത്ത പൂക്കളിൽ
അതിലും കറുത്ത
ചുണ്ടുകൾ ചേർത്ത്
മരണം വരിച്ചവളുടെ
അന്ത്യചുംബനം

ഇനി ഞാനിരുട്ടിന്റെ കുഞ്ഞ്
ഭ്രമണപഥത്തിന് പുറത്തായവൾ.

നല്ല തുന്നൽക്കാരാ , ഞാൻ ......