2017, ജൂലൈ 30, ഞായറാഴ്‌ച

എത്ര നീട്ടിയെഴുതിയാലും ഒരു വിരാമചിഹ്നത്തിൽ
അവസാനിപ്പിക്കാനാവില്ല 'എന്റെ അച്ഛൻ' എന്ന
ഓർമ്മക്കുറിപ്പ് .

എന്റെ രുചികളിൽ എന്നും ഒപ്പമിരിക്കുന്നൊരാളിന്
ശ്രാദ്ധമൂട്ടുന്നതിലെന്ത് പ്രസക്തി .

ഒരു നിറസാന്നിധ്യത്തിന് ശരീരമാവശ്യമില്ലെന്നറിയാൻ
അവസാനമായിക്കേട്ട ആ ഒരു മൂളൽ മാത്രം മതിയാവും
എനിക്ക്.

വിരൽ പിടിച്ച് ഇന്നും മുന്നിലുണ്ടെന്ന അറിവ് ,അത്
മതിയെനിക്ക് ഈ  വഴിയിലെ ചൂണ്ടുപലകയായി .

വെട്ടംവെയ്ക്കാൻ തുടങ്ങുന്ന നേരത്തുള്ള റേഡിയോ
വാർത്തയും ഉച്ചത്തിലുള്ള പത്രവായനയുമായാണ്
അച്ഛനെക്കുറിച്ചുള്ള ഓർമ്മയുണരുക .
ഉച്ചത്തിൽ വായിക്കുകയെന്നാൽ അടുക്കളയിൽ
ഉണർന്നുപ്രവർത്തിക്കുന്ന അമ്മ  കൂടി കേൾക്കുക
എന്നാണർത്ഥം.ഒരുമിച്ചിറങ്ങി രണ്ടിടങ്ങളിലേയ്ക്ക് ,
കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപകരായി കടന്നു
ചെല്ലേണ്ടവർ .

അനുഗ്രഹിക്കപ്പെട്ടവളായിരുന്നെന്റെ അമ്മ .എല്ലാ
കൂടിച്ചേരലുകളിലും ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ്
അച്ഛൻ .അച്ഛന്റെ ചെറുപ്പകാലം കണ്ടറിഞ്ഞവരുടെ
സാക്ഷ്യപ്പെടുത്തലുകൾ .എത്ര കേട്ടാലും വീണ്ടുംവീണ്ടും
കേൾക്കാൻ കൊതിയാണ് .അഞ്ചു മാസങ്ങൾക്കു മുൻപ്,
കേട്ടിരുന്ന സ്ഥിരം വർത്തമാനങ്ങൾക്കിടയിലേയ്ക്കു
കയറിവന്നു അച്ഛന്റെ പഴയകാല ജീവിതത്തിന്റെ
കേൾക്കാതിരുന്ന ഒരേട് .നാടകാഭിനയത്തിന്റെ കാലം .
ശരിക്കും ഞാൻ ഞെട്ടുകയായിരുന്നു .അച്ഛനിൽ ഒരു
കലാകാരൻ ,അതിശയപ്പെട്ടുപോയി .
കുട്ടിക്കാലത്ത്, കൂടിച്ചേരലിന്റെ സായാഹ്നങ്ങളിൽ
തിരുവായ്‌ക്കെതിർവായില്ലെന്ന മട്ടിലെതിർചേരിക്കാർ
മുട്ടുമടക്കുന്നതു അഭിമാനത്തോടെ  കണ്ടുനിന്നിട്ടുണ്ട്.
അപ്പോൾ ഒരു തികഞ്ഞ രാഷ്രീയക്കാരന്റെ വേഷം .
അതല്ലാതെ ആരും പറഞ്ഞുകേട്ട അറിവുപോലുമില്ല
ഇത്തരത്തിലൊരു ..........

പാടാനും പറയാനും നാടകം കളിക്കാനും ഒരു പിന്തുണ
തരാതിരുന്നപ്പോഴൊക്കെ അച്ഛനെന്താണിങ്ങനെയെന്ന്
ചിന്തിച്ചിച്ചിട്ടുണ്ട് , വേദനിച്ചിട്ടുണ്ട് .സ്റ്റേജിൽ കയറരുതെന്ന
ഉഗ്രശാസനത്തിനു മുന്നിൽ തല കുമ്പിട്ടു നിന്നിട്ടുണ്ട് .
ചെറിയ കുറിപ്പുകളെഴുതി കവിതയെന്ന് കാണിക്കുമ്പോൾ
ആ നോട്ടത്തിലെ ഇഷ്ടക്കേട് ... എഴുതിയില്ല പിന്നീടൊന്നും .
അച്ഛനായിരുന്നു മുന്നിൽ കണ്ട ഏറ്റവും വലിയ ശരി .
അച്ഛൻ കാട്ടിത്തന്ന വഴി തന്നെയാണ് ശരിയെന്ന് അന്നും
ഇന്നും വിശ്വസിക്കുന്നു .
ഏതൊരു മകളും കൊതിച്ചുപോകുന്ന വാത്സല്യത്തിന്റെ,
കരുതലിന്റെ ആൾരൂപം ,അതായിരുന്നെന്റെ  അച്ഛൻ .

പാട്ടിലോ പറച്ചിലിലോ എഴുത്തിലോ ഒന്നിലും എനിക്ക്
ഒന്നുമാവാനാവില്ലെന്ന് അച്ഛൻ അന്നേ അറിഞ്ഞിരുന്നു .

അച്ഛനിപ്പോൾ ചാരുകസേരയിൽ കിടന്നുകൊണ്ട്
ഇത് വായിച്ചു മടക്കി ,നെഞ്ചിൽ ചേർത്തുവെച്ച്
കറുത്ത തടിച്ച  ഫ്രെയിമുള്ള കണ്ണടയ്ക്കിടയിലൂടെ
നോക്കുകയാവും .ഓർത്തെടുക്കുകയാവും വേഷമിട്ട
കഥാപാത്രങ്ങളെ .

(ഇന്നേക്ക് 8 വർഷം, അച്ഛന്റെ ശരീരം മണ്ണിൽ ലയിച്ചിട്ട് )