2017, ഓഗസ്റ്റ് 6, ഞായറാഴ്‌ച

കാറ്റേന്നിളകി
മഴയേന്നൊലിച്ച്
മലമേലെന്റെ പുര

ഓർമ്മ തെറുത്ത്
തിരി തെളിയിക്കാൻ
വള്ളിച്ചെടിത്തുഞ്ചത്തെ
പൂപോലൊരു
തൂക്കുവിളക്ക്

വേലിയില്ലാമുറ്റം
നിറയെ കായ്ച്ച്
കിളിയിരിക്കും ചില്ലകൾ

അകം ചുവരാകെ
വരച്ചുവെച്ചിട്ടുണ്ട്
പല പല പ്രായത്തിലുള്ള
മഴയുടെ ചിത്രങ്ങൾ

കടലിന്റെ വിരിയിട്ട
മേശപ്പുറത്ത്
കരകവിഞ്ഞൊഴുകാൻ
നിവർത്തിവെച്ച
പുഴയെന്ന പുസ്തകം

നിലാവായ് പൂത്തിറങ്ങി
ഉടൽ കുടഞ്ഞിടുന്ന
കാട്ടിലഞ്ഞി

ഇരുട്ടിനു പായവിരിക്കാൻ
ചൂട്ടു കത്തിച്ചു പിടിച്ച്
വട്ടമിട്ടു പറക്കുന്ന
മിന്നാമിനുങ്ങുകൾ

കാറ്റിന്റെ വിരൽപിടിച്ച്
പാട്ടിന്റെ വരിശകൾ

നിശയേ ,
കണ്ണുപൊത്തിക്കളിച്ച്‌
അറിയാതുറങ്ങിയപ്പോയ
നീയാണോ
എന്റെ മൺകൂരയുടെ
മഞ്ഞുപെയ്‌തൊലിക്കുന്ന
പൂമുഖപ്പലകയിൽ
'കിനാവെന്നെഴുതിവെച്ചത് .