2023, മേയ് 19, വെള്ളിയാഴ്‌ച

ജനലിനപ്പുറമൊരു 
വിശാലമായ മുറ്റമുണ്ട്
ഞാൻ 
നനച്ചുവളർത്തിയത് 
പൂക്കളുണ്ട് 
ശലഭങ്ങളുണ്ട് 
കിളികളുണ്ട് 
കൊഞ്ചിക്കാൻ കാറ്റുമുണ്ട് 
കയ്യെത്തുംദൂരത്ത് പെയ്യുന്നു 
നനുനനുത്ത മഴ 
തൊടാനാവുന്നില്ലെങ്കിലും 
അറിയാനാവുന്നുണ്ട് 
ഉള്ളം കുളിർക്കുന്ന തണുപ്പ് 
കാണാമറയത്തിരുന്ന് 
നീയെന്നെ തൊടുന്നതുപോലെ. 


2023, മേയ് 15, തിങ്കളാഴ്‌ച

കുളിരുപുതപ്പ് 
നന്നായ് മടക്കിവെച്ച് 
നടക്കാനിറങ്ങുന്നു 
രാത്രി.
ഇടവഴിനീളേ
തളർന്നുറങ്ങുന്നു
കൂട്ടമായും ഒറ്റതിരിഞ്ഞും
പല പ്രായത്തിലുള്ള 
നിഴലുകൾ.
ഒതുക്കുകല്ലുകളുടെ 
കയറ്റത്തിനൊടുവിൽ  
പഴയൊരു വീടിന്റെ പൂമുഖം. 
കത്തിച്ചുവെച്ചിരിക്കുന്ന 
റാന്തലിനു ചുറ്റും
തുള്ളിച്ചാടി ആത്മഹത്യചെയ്ത 
ഈയാംപാറ്റകളുടെ 
മരിച്ചിട്ടും ശവമാകാത്ത 
ശരീരങ്ങൾ.
തുറന്നുകിടക്കുന്ന വലിയ 
മരവാതിൽ.
താളംമുറിയാത്ത 
സമയസൂചികളുടെ 
ചുവര്.
വരച്ചുവെച്ചിരിക്കുന്ന 
ഛായാചിത്രങ്ങളിൽ
മരിച്ചുപോയവരുടെ മായാത്ത 
ചിരി.
ചാറ്റൽമഴയുടെ വിരിയിട്ട 
മേശമേൽ 
മൂടിയുള്ളൊരു മൺപാത്രം.
നിറച്ചുവെച്ചിട്ടുണ്ടതിൽ 
പാകമായ് പഴുത്ത വാക്കുകളുടെ 
മധുരം. 
ഉള്ളം നിറച്ചെടുത്ത്
ഒതുക്കുകളിറങ്ങുന്നവളുടെ  വിരലുകളുരുമ്മി 
കട്ടെടുത്തിട്ടില്ലെന്നു ചിരിച്ച്
പറന്നു മറയുന്നു കാറ്റ്.




2023, മേയ് 6, ശനിയാഴ്‌ച

ഉള്ളകത്ത് 
തോർന്നിട്ടില്ലിതുവരെ, 
കുടയെടുക്കാതെ
വിരുന്നുവന്ന് 
പുരനിറച്ചുപോയൊരു 
പെരുമഴക്കാലം.
മെഴുകിമിനുക്കിയ നിലത്ത്
കാറ്റുമ്മവെച്ചിടങ്ങളിലൂടെ 
തെളിഞ്ഞുവരും 
ഒരുനൂറ് സൂര്യന്മാർ. 
ഇരുളുമ്പൊഴും വെളിച്ചമാണുളളിൽ, 
കനലെരിയുന്നതിന്റെ. 

2023, മേയ് 1, തിങ്കളാഴ്‌ച

പലരോടും
പറഞ്ഞിരുന്നു 
പല പല നേരങ്ങളിൽ,
മരിക്കുമ്പൊ കരയരുതെന്ന്. 
കേട്ടും കണ്ടുമറിഞ്ഞ ചിരി 
ഓർത്തെടുത്ത് പടർത്തണമെന്ന്. 
പറഞ്ഞിരുന്നു 
നോക്കിനിൽക്കരുതെന്ന് 
ചോരവറ്റിയ 
ചുണ്ടുകളിലേക്കും 
നിറംമങ്ങിയ  
വിരൽനഖങ്ങളിലേക്കും.
കാണുന്നുണ്ട് 
അടുക്കളച്ചുവരിൽ 
രണ്ടു നേർത്ത ജലരേഖകൾ.
സാരിത്തലപ്പുകൊണ്ടത് 
തുടച്ചുകൊടുക്കുന്ന, 
എന്റെയതേ ജന്മനക്ഷത്രമുള്ള 
ഒരുവളെയും. 
പറഞ്ഞിരുന്നതാണ് 
ഊട്ടിനിറച്ച രുചിഭേദങ്ങളോട്.....
ഒരു ചിരിയിലൂടെനിക്ക് തിരിച്ചുപോകണം