2024, ഏപ്രിൽ 2, ചൊവ്വാഴ്ച

കാടകം
കരിയിലകൾക്കു മുകളിലൂടെ 
ഇഴഞ്ഞുപോകുന്ന കാറ്റ്
മരപ്പൊത്തിൽ 
ഇരുട്ടുമായിണചേരുന്ന 
നിലാവ്
ഞെട്ടറ്റ് കൊഴിഞ്ഞുവീഴുന്ന
തണുപ്പ്
ദിശയറിയാതെ പറന്നുപോകുന്ന 
പാട്ട്........
മഷി പടർന്ന താളിൽ 
മെഴുകുതിരിവെട്ടംപോലെ 
തെളിഞ്ഞുകാണുന്ന വാക്കുകൾ 
ചില്ലക്ഷരങ്ങളിൽ കുടുങ്ങി 
വാതോരാതലയ്ക്കുന്ന 
ചീവീടുകളുടെ പൊട്ടിയൊഴുകുന്ന 
കൂർത്ത ഒച്ച.
 
പതഞ്ഞൊഴുകിപ്പരന്നടങ്ങിയ 
കാടിന്റെ ഗന്ധം
മഷിപ്പൊട്ടുകൾക്കു മേലെ 
ചിതറിത്തെറിക്കുന്ന 
ചൂടണയാത്ത തുള്ളിപ്പെയ്ത്ത്.

അറ്റുപോയിരിക്കുന്നു 
രണ്ടു വിരലുകളെന്ന് 
തുറന്നുപിടിച്ച അരണ്ട മാറിൽ
വെളുത്ത ചിരികൊണ്ടെഴുതുന്നു 
എന്നോ മരിച്ചുപോയൊരു നക്ഷത്രം.

2024, മാർച്ച് 26, ചൊവ്വാഴ്ച

സമയം സന്ധ്യ 
മുറ്റത്തെ മാവിൽനിന്ന് 
കൊഴിഞ്ഞു വീഴുന്ന 
ജലകണങ്ങൾ 
തുറന്നുകിടക്കുന്ന ജനാല 
കൈയെത്തുംദൂരത്ത് 
ഇന്നലെയും കേട്ട ഒരുവൾ 
മുഖത്തു പടർന്നുകയറിയ 
ശാന്തത.
കഴുത്തിനു താഴെ 
നെഞ്ചിനു മുകളിലായ് 
നീലിച്ചു കറുത്തൊരടയാളം. 

മരിച്ചുകിടക്കുകയാണെന്ന് 
തോന്നുകയേയില്ല 
മുറിഞ്ഞുപോയൊരു പാട്ടിനെ 
തുന്നിച്ചേർത്തെടുക്കാൻ 
ചുണ്ടൊരുക്കുന്നതു പോലെ..!

2024, മാർച്ച് 23, ശനിയാഴ്‌ച

വെയിലിനെ നേർപ്പിച്ചെടുത്ത്
മടമടാന്ന് വയറുനിറയെ കുടിച്ച് 
വരിവരിയായ് വരുന്നുണ്ട്
നിറഞ്ഞ കുടങ്ങളുമേന്തി 
കറുമ്പിപെണ്ണുങ്ങൾ. 
എന്തൊരു ചന്തംന്ന് തുളുമ്പീട്ട് 
ഓടിപ്പോയി തൊടീന്ന് ഞാനൊരു
പാള മുറിച്ചെടുത്ത് തലേൽവെച്ച്.
ഒരു തുടമെങ്കിലും ഒഴിച്ചുതന്നാലോ 
വീതംവെച്ച് കൊടുക്കണം 
ഓരോരുത്തർക്കും ഓരോതുള്ളി 
വിരൽമടക്കി കണക്കുകൂട്ടി 
തികയാതെ വന്ന വിരലിനെ 
രണ്ടിരട്ടിയാക്കി മൂന്നിരട്ടിയാക്കി.......
കള്ളികൾ....!
ദൂരെയെവിടെയോ പെരുമ്പറകൊട്ടുന്ന മേളം. 
പാള ഒടിച്ചുകുത്തി 
ഞാനൊരൊറ്റ നടത്തം.
കിണറ് അടിത്തട്ട് കാട്ടി ചിരിക്കുന്നുണ്ട്
നിന്നെയും കാത്തെന്നപോലെ. 

2024, മാർച്ച് 12, ചൊവ്വാഴ്ച

വളർന്നു വളർന്ന് 
മാനംമുട്ടിയൊരു മരമുണ്ടെന്റെ
പുരയ്ക്ക് മേലെ. 
വെള്ളകീറുമ്പൊ കണ്ണിലേയ്ക്കിറങ്ങി-
വരും, കൂട്ടമായി കിളികൾ. 
കാതിന്റെയോരത്തിരുന്നവർ 
മധുരമധുരമായ് പാടും.
മേഘമിരുണ്ടുകൂടിയൊരു ദിവസം 
കാറ്റെഴുതി തുളകളായെന്റെ കൂര.
അന്നാണ്.... 
അന്നാണെന്റെ കണ്ണിലെ കിളികൾ 
കടലിലേയ്ക്കൊലിച്ചുപോയത്. 

2024, ഫെബ്രുവരി 29, വ്യാഴാഴ്‌ച

മെല്ലെയിറങ്ങിവരും
ഉറക്കത്തിന്റെ ഇടനാഴിയിലേക്ക്
പലപലയിടങ്ങളിൽനിന്ന്
പലപല നേരങ്ങളിൽ
അവരവരുടെ നാളെകളിൽ നിന്ന്
മരണത്തിന്റെ തണുപ്പിലേക്ക്
മാഞ്ഞുപോയവർ. 
തെളിഞ്ഞ മുഖങ്ങളിലൊരേ ചിരി 
ചോദിക്കാനേറെയുണ്ടെനിക്ക്.
ഞാൻനനഞ്ഞ പുഴയും 
ഞാൻതഴുകിയ പാടങ്ങളും 
അവിടെയെത്തിയിട്ടുണ്ടെന്ന് 
അവർ പറയും 
എന്നെ കൊതിപ്പിക്കാൻ 
അവർക്ക് നാവ് നൂറ്. 
ചോദിക്കാൻ ഒന്നുമില്ലാത്തവരുടെ
എല്ലാം കാണുന്ന കണ്ണുകൾ 
എന്നെ അതിശയത്തിന്റെ 
പരകോടിയിലെത്തിക്കും. 
അവർക്ക് കാണാനാവാത്ത 
പലകാലങ്ങളിലെ അവരുടെ
മുഖങ്ങൾ 
എനിക്ക് കാണാനാവുമെന്ന് 
ഓരോരുത്തരോടും വീമ്പിളക്കും. 
അപ്പോഴും 
ചെറുചിരിയുടെ താലംകൊണ്ട്
തരാനാവാത്ത ഒരേയൊരുത്തരം
അവർ  മൂടിവെക്കും.
ഇരുട്ടിലെന്റെ കണ്ണുകൾ 
അവരറിയാതെ ഞാൻ തുടയ്ക്കും. 
അച്ഛൻ 
അമ്മ 
വല്യച്ഛൻ 
യമുനേടത്തി 
എന്റെ ചോദ്യം മുന്നിലെത്തുംമുൻപ് 
അവർ കാതുകൾ കൊട്ടിയടയ്ക്കും 
കാട്ടിത്തരാമോ'എന്നൊരു വാക്കായ് 
ഭൂമിപിളർന്ന് 
അതങ്ങിറങ്ങി പോകും.
കാണിച്ചുതന്നിട്ടില്ലാരും അവരുടെ നാട്,
എന്റെ അമ്മമ്മ പോലും. 





2024, ഫെബ്രുവരി 23, വെള്ളിയാഴ്‌ച

തികച്ചും തരിശായ 
പകലിന്റെ ചോട്ടിലിരുന്ന് 
ഇനിയും മുളയ്ക്കാത്ത 
മാവിൻ കൊമ്പിലേയ്ക്ക് 
വറ്റിവരണ്ട നോട്ടമെറിഞ്ഞ് 
പാതിവേവായൊരുടൽ.
പരോളിലിറങ്ങിയ 
കുറ്റവാളികളെപ്പോലെ 
വട്ടമിട്ടു പറക്കുന്ന 
ശേഷിച്ച കിനാവുകൾ. 
വരും ജന്മത്തിൽ 
നിങ്ങൾക്കു വിരുന്നൊരുക്കി
പൂമെത്ത വിരിച്ചിടുമെന്ന് 
നിഴലിൽ നിന്നൊരുവൾ 
പതിയെ പറഞ്ഞത്
കേട്ടതുപോലെ. 
ഒരു മാത്ര.........
പതിരാണ് പതിരാണെന്ന് 
വിരൽകുടഞ്ഞാണയിട്ട് 
വഴിതെറ്റിവന്ന കാറ്റ്.
പതിരല്ല കതിരാണെന്ന് 
കനലായ മണ്ണിലുടനെ
മുളച്ച ചുണ്ടിനെ 
അലിവൊരു തരിമ്പില്ലാതെ, 
തൊട്ടുനോക്കി പാകമായിട്ടില്ലെന്ന്
ഉച്ചിയിൽ പൂക്കുന്നു വെയിൽ. 


2024, ഫെബ്രുവരി 5, തിങ്കളാഴ്‌ച


ഇറക്കിവെക്കാമെന്ന് 
കരുതിയാണടുത്തേക്ക് 
ചെന്നത്,
നോവുകൾ കുത്തിനിറച്ച 
ഭാണ്ഡക്കെട്ടിന്
ഒരു ചുമടുതാങ്ങിയാകുമെന്ന്
വെറുതെ മോഹിച്ച്. 
സൂക്ഷിച്ചുനോക്കിയപ്പോഴുണ്ട്
കറുത്ത കവിൾത്തടങ്ങളിലൂടെ 
രണ്ടുറവകൾ. 
കരയുന്ന രാവിനെ 
കാട്ടിത്തന്നിരുന്നില്ല കിനാവുകൾ. 
നീയും'എന്നൊരു വാക്കിന്റെ മൂർച്ചയിൽ 
തോളിൽനിന്നറ്റുവീഴുന്നെന്റെ 
തലയുമതിന്റെ ഭാരവും.

2024, ജനുവരി 24, ബുധനാഴ്‌ച

വായിക്കാൻ
കഴിയാതെപോയ 
ആ കത്തിന്റെ വടിവൊത്ത 
ആദ്യത്തെ വരിയിലാണ്
ഞാനൊരു ചാല് കോരിയിടാറ്. 

മലമുകളീന്നൂർന്നിറങ്ങി 
ആർത്തുചിരിക്കുന്ന
ജലകണികകൾപോലെ 
മനോഹരമായിരുന്നിരിക്കും 
ഓരോ അക്ഷരമണിയും 
ഉണർന്നെണീറ്റും
ഈറനുടുത്തും 
വിയർത്തൊലിച്ചുമൊക്കെ 
തിക്കിത്തിരക്കുകൂട്ടി
വരികളിൽ
 കൂടുകൂട്ടീട്ടുണ്ടായിരുന്നിരിക്കും 
മഷിയണിയാനെത്തിയവർ. 
പുലർച്ചയെ പഠിപ്പിക്കാൻ
പാട്ടുമായ് വന്നവർ
വിയർത്തുവരുന്ന ഉച്ചയ്ക്ക്
വിശറിയായ് കൂടെയിരിക്കുന്നവർ
സന്ധ്യയെയും തോളിലിട്ട്
ചന്തയിൽപോയി മടങ്ങിയവർ 
രാവിനത്താഴമൊരുക്കാൻ 
അടുപ്പുകൂട്ടി തിരക്കുകൂട്ടുന്നവർ 
അങ്ങനെയങ്ങനെയെത്രപേർ 
പലപലവരികളിലായി
വന്നിരുന്നിട്ടുണ്ടാവും.

ഒഴുകിവരുന്ന 
വാക്കുകളുടെ നനവിൽ 
പൊതിഞ്ഞു-
വെയ്ക്കാമെന്നോർത്തതാണ്  
ആ വിതയില്ലാകാലത്തെ
പെരുംനോവിന്റെ വിത്തുകൾ.

കൂടില്ലാകാലമായിരുന്നന്ന്
കടന്നുപോയൊരു കാറ്റ്
ചില്ല കുലുക്കി തട്ടിയെടുത്ത് 
പറന്നു പറന്നു പോയി
കടലിന് കൊടുത്തതാവാം. 

വായിക്കാൻ
കഴിയാതെപോയ  
ആ കത്തിലെ മിഴിവൊത്ത
അവസാനവാക്കിന്റെ ഓരത്താണ്
ഞാനെന്റെ രാവിന് പായ വിരിക്കാറ്. 

2024, ജനുവരി 11, വ്യാഴാഴ്‌ച

എത്ര മൃദുവാണ് 
നിന്റെ വിരലുകളെന്ന് 
പലവട്ടം പറഞ്ഞെന്റെ 
വിരലിനൊരാകാശം 
പതിച്ചുതന്നതും 
വിരലറ്റ നേരങ്ങളിൽ 
പതിയെ പതിയെയെന്ന്
ഒരു തലോടലാൽ
നിന്നോളം 
തരളമല്ലേതുമെനിക്കെന്ന്
നിറഞ്ഞു കവിഞ്ഞതും...

വിരൽ മുറിച്ചെന്നെ 
മുറിവാക്കി മാറ്റിയവനേ, 
ദൈവമായതുകൊണ്ടുമാത്രം 
നിനക്ക് മാപ്പ്.