ഒരു നനഞ്ഞ
പകലിനെ
ഉയിരാഴത്തിൽ-
നിന്ന്
ചികഞ്ഞെടുത്ത്
കണ്ണിൽ പുഴകുത്തി
മുനകൂർപ്പിക്കുന്നിരുട്ട്.
നേർത്തൊരൊച്ച-
കൊണ്ടുപോലും
കിളിയുറക്കത്തെയു-
ണർത്താതെ
കണ്ണീർകൊണ്ടൊ
-രോർമ്മയെ
തേയ്ച്ചു മിനുക്കി
തിരി തെറുക്കുന്നു
പാതിയടർന്ന ചന്ദ്രൻ.
കേട്ടിരിപ്പിനിടയിൽ
മുറിഞ്ഞുപോയ കഥ
ഇരുട്ടിൽ പരതുന്നു
നക്ഷത്രങ്ങൾ.
നിനക്കു മേലെ
ഒരാകാശമില്ലെന്ന്
ഒരിളം തൂവലടർത്തി
ഇലപ്പച്ചയിലെഴുതി,
കാറ്റിന്റെ
വിരൽപിടിക്കുന്നു
ഇന്നലെ'യെന്ന കവിത.
ഋതുവേതെങ്കിലുമൊന്നിൽ
ഒരിലയനക്കമായെങ്കിലും
നീയെന്നെ,
അടയാളപ്പെടുത്തുക.