2020, ജൂൺ 6, ശനിയാഴ്‌ച

നിറയെ പൂവിടുന്ന
പേരറിയാത്ത മരത്തെ
പല പേരുകളിട്ടു വിളിച്ചിരുന്ന 
അച്ഛമ്മ
കനിവില്ലാത്തവനെന്ന്
ദൈവത്തെ വിളിച്ചു.
കാലം പഴകീട്ടും
മണം മാറീട്ടില്ലാത്ത 
തുണിത്തരങ്ങളും
തിളക്കം മാഞ്ഞിട്ടില്ലാത്ത 
പണ്ടങ്ങളും
മടിയിൽ വെച്ച് 
പിന്നാപ്പുറത്തിരുന്ന്
പൊന്നുപോലെ 
നോക്കിയവനെക്കുറിച്ചാ 
മരത്തോടു പറയും.
പുറപ്പെട്ടു പോയവളെന്ന്
എഴുതിത്തള്ളിയവൾ 
വൈക്കോൽക്കുനയ്ക്കുള്ളിൽനിന്ന് 
കുഞ്ഞുങ്ങളെയും കൂട്ടി 
ചികയാനെത്തുന്നതു കണ്ട്
അന്തംവിട്ട് ചിരിക്കുന്നത്,
നക്കിത്തുടച്ച മീൻചട്ടിയുമെടുത്ത് 
നന്ദികെട്ടവളെന്ന് പൂച്ചയെ 
ആട്ടിയോടിക്കുന്നത്,
തൊഴുത്തിലെ പെണ്ണുങ്ങൾ
പെറുന്നതെല്ലാം ആൺതരികളെന്ന് 
ഉച്ചത്തിൽ നിശ്വസിക്കുന്നത്,
ഒക്കെയും കണ്ടിട്ട്,കേട്ടിട്ട്  
പൂവടർത്തിയും
ചില്ല വിതിർത്തിട്ടും 
പച്ചയായ് ചേർന്നു നിൽക്കുമാ മരം.

വീടിനെ നോവിക്കാതെ
കനൽകെടാത്ത ചിതയിലേയ്ക്ക്
അച്ഛമ്മയെ ചേർന്നുകിടക്കാൻ
വേരോടെയവളും വീണുപോയ
ദിവസം. 
അന്നാണ്
ഒരു കവിത വായിച്ച്
ഞാനാദ്യമായ് പച്ചയ്ക്ക് കത്തിയത്.