ചില രാത്രികളിൽ
ഉറക്കത്തിനത്താഴമൊരുക്കിവെച്ച് നിലാവ് താഴേയ്ക്കിറങ്ങും.
മുലകുടിച്ചുകൊണ്ടൊക്കത്തിരിക്കുന്ന
കിനാക്കുഞ്ഞിനെ ചേലകൊണ്ട്
മറച്ചുപിടിക്കും.
വിരിതൊടാത്ത ജനലിനരികത്ത്
പതിവുപോലെ നിലയുറപ്പിക്കും.
പള്ളനിറഞ്ഞ കുഞ്ഞ്
നിലാവിനേക്കാൾ ചന്തത്തിൽ ചിരിക്കും.
ചുവരുകൾ തമ്മിൽ തമ്മിൽ
അടക്കംപറയുന്നിടത്തൊട്ടുനേരം
ചെവികൂർപ്പിച്ചങ്ങനെ നിൽക്കുമവൾ.
ഇന്നലെയുമവർ കേട്ടതാണത്രെ
നേർത്തുനേർത്തലിഞ്ഞലിഞ്ഞില്ലാ-
തായൊരു തേങ്ങൽ,
മൂടപ്പെട്ട ഏതോ പുഴയുടേതുപോലെ.
തുടികൊട്ടുന്ന നെഞ്ചോടുചേർന്ന്
ആ വിരലിൽ മുറുകെപ്പിടിച്ച്
കൈകാലിളക്കിക്കളിക്കുന്ന
കുഞ്ഞിനെയും
ചിരിപടരുന്ന ചുവരുകളെയും
തെല്ലുനേരം നോക്കിനിന്നിട്ട്
അവൾ പടവുകൾ കയറാൻ തുടങ്ങും.
അത്താഴമുണ്ടുനിറഞ്ഞവന്
കൈകഴുകിത്തുടയ്ക്കാനവളുടെ
ചേലത്തുമ്പ് നീട്ടിക്കൊടുക്കേണ്ടതുണ്ട്.