2022, ഏപ്രിൽ 6, ബുധനാഴ്‌ച

അനിവാര്യതയെന്ന്
ഒരാൾ പോലും
പരോക്ഷമായെങ്കിലും
പറയാത്ത,
ജീവിതമെന്ന് പേർവിളിക്കുന്ന
ഒന്നിനെ,
തിരക്കൊഴിഞ്ഞ കവലയിൽ
കണ്ടുമുട്ടുന്നു.

ഒരു ചായയാവാമെന്ന്
ഒരുമിച്ചൊരു വാക്ക്.

കപ്പുകൾക്കിടയിൽ
പറന്നിറങ്ങിവന്നിരിക്കുന്ന
ഈച്ചയെ
ഒരു ശത്രുരാജ്യത്തെപ്പോലെ
ഭയപ്പെട്ട്
നടുവിരൽകൊണ്ടൊരുമിച്ച്   
ഞൊട്ടിയോടിക്കുന്നു.

മേശപ്പുറത്ത്
നിവർത്തിവെച്ചിരിക്കുന്ന
അനിവാര്യത'യിൽ
കൊതിപ്പിക്കുന്നതെന്തോ
തിരയുന്നതുപോലെ
ഞാനിമവെട്ടാതെയങ്ങനെ
നോക്കിയിരിക്കുന്നു.

അഴിഞ്ഞുവീഴുന്ന
ഇന്നലെയുടുത്തിരുന്ന  
മേൽവസ്ത്രങ്ങൾ,
വിരലറ്റത്ത് പറ്റിപ്പിടിച്ചിരിക്കുന്ന
പകുതിയുച്ചരിച്ചതിന്റെ
ജീർണ്ണിച്ച അവശിഷ്ടങ്ങൾ.

ചില്ലുജാലകത്തിനപ്പുറം
ഇലകളൊഴിഞ്ഞ ചില്ലയിൽനിന്ന്
ഒരു തൂവൽപോലുമില്ലെന്ന
കൊഴിഞ്ഞുവീഴുന്ന നോട്ടം.

വരാനിരിക്കുന്ന 
പെയ്ത്തുകളെക്കുറിച്ച്
വാചാലരായിരുന്ന്
നിവർത്തിയിട്ടതിനെ
വാരിയെടുത്ത്
ഒരു കുഞ്ഞിനെയെന്നവണ്ണം
അടക്കിപ്പിടിച്ച്,
ഒരു വിളിപ്പാടകലെയുണ്ടെന്ന്
അലിഖിതമായൊരു
പ്രതിജ്ഞയിൽ
ഞങ്ങളങ്ങോട്ടുമിങ്ങോട്ടും
കൈകൊടുത്തു പിരിയുന്നു.
(ദി(ദ)ശാസന്ധി)