2023, സെപ്റ്റംബർ 2, ശനിയാഴ്‌ച

തികച്ചും ശൂന്യമായ
ചില ഇടവേളകളുണ്ട്
വായിക്കാനാവാതെ
പാട്ടുകേൾക്കാനാവാതെ
നിസ്സംഗതയുടെ ഒറ്റപ്പെടലിന്റെ
ഒരു നേർചിത്രം പോലെ.

മയക്കത്തിന്റെ ചിറകുകൾ
വാരിയെടുത്തു കൊണ്ടുപോകാറുണ്ട്
ഓർമ്മകളെ മേയാൻ വിടുന്ന
തണൽവഴികളിലൂടെ.
പ്രത്യാശയുടെ കൂട്ടിലോ
നിരാശയുടെ മരുഭൂവിലോ
അവസാനിപ്പിക്കും 
വഴിതെറ്റിപ്പോകാത്ത ചിറകടക്കം.

നെഞ്ചോടുചേർത്തു പിടിച്ച
സ്ലേറ്റും പുസ്തകവുമായി
പാടവരമ്പിലൂടെ 
അമ്മയുടെ പിറകേ  നടന്നുനടന്ന്
ഞാൻ ഒന്നാം ക്ലാസ്സിലെ
മുൻബെഞ്ചിൽ ചെന്നിരിക്കുന്നു.
പാറുക്കുട്ടി ടീച്ചറിന്റെ കേട്ടെഴുത്ത് 
ഒരക്ഷരതെറ്റും വരുത്താതെ
ഒന്നാമതെത്തുന്നു.
അവിടുന്ന് വരാന്തയിലൂടെ
നാലാംക്ലാസ്സിലേയ്ക്ക്.
നിലത്ത് വട്ടത്തിൽ ചമ്രംപടിഞ്ഞിരുന്ന്
കൂട്ടുകാരുമൊത്ത് 
പൊതിച്ചോർ പങ്കിട്ടുകഴിക്കുന്ന ഉച്ച.
ചെറിയ കെട്ടിടത്തിൽനിന്ന്
അമ്മയുള്ള വലിയ കെട്ടിടത്തിലേയ്ക്ക്. 
കുട്ടികളില്ലാത്ത സീത ടീച്ചറിന്റെ വീട്ടിൽ
പലഹാരം കഴിച്ച് കഥയും കേട്ടിരിക്കുന്ന 
ചില രാത്രികൾ.

കലാലയത്തിലെ വിശാലമായ
ക്ലാസ്സ് മുറിയുടെ മുഴക്കത്തിൽ 
ഒരു കുഴലൂത്തുകാരന്റെ 
പിന്നാലെയെന്നപോലൊരു കവിത 
മുന്നിലിരിക്കുന്ന കുട്ടികൾക്ക് 
അഭിമുഖമായി 
എന്റെ വിരൽപിടിച്ചങ്ങനെ
'മനസ്വിനി'യായി ഒഴുകിപ്പരക്കുന്നു
നീണ്ട കരഘോഷം 
എത്തിനോക്കുന്ന അപരിചിതരായ കുട്ടികൾ.

ജന്തുശാസ്ത്രവും ജനിതകഘടകങ്ങളും
കൂട്ടുകൂടാനാളില്ലാതെ
കട്ടിയുള്ള പുതപ്പിനുള്ളിൽ
ഉറങ്ങിക്കിടക്കുന്ന
എന്റെ ചെറിയ വായനമുറിയുടെ
നിശ്ചലദൃശ്യങ്ങൾ. 

കത്തിക്കരിഞ്ഞ
കവിതകൾ,ഡയറിക്കുറിപ്പുകൾ,
ആസ്വാദനങ്ങൾ.........
ഒലിച്ചുപോകുന്ന ചാരക്കൂട്ടിന്  മുകളിലൂടെ
വിരൽതുമ്പുപിടിച്ച്  നടന്നുപോകുന്നു 
നിഷേധമെന്ന വാക്കെഴുതാനറിയാതെ
തോറ്റുപോയൊരു കവിത.

മയക്കത്തിൽ നിന്നുണരുമ്പോൾ
സമയസൂചികളിൽ
അടയാളപ്പെടുത്തി വെച്ചിരിക്കുന്നു 
എന്റെ ഒടിഞ്ഞുപോയ കാലുകൾ.