2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

കണ്ണുകളടച്ച് 
പടവുകൾ എണ്ണിക്കൊണ്ടിരിക്കെ
ദേവകിയമ്മ കൈയിൽ പിടിച്ചു.
വേവിച്ചുടച്ച കപ്പയ്ക്ക് മീതെ വിളമ്പുന്ന
തിളച്ച മീൻകറിയുടെ മണത്തെ
ചന്ദനത്തിന്റെ ഗന്ധം കഴുകികളഞ്ഞിരിക്കുന്നു.
എന്നെ നന്നായി പുതപ്പിച്ചു കിടത്തി ഞങ്ങളിറങ്ങി.
പുറത്ത് കാത്തുകിടപ്പുണ്ട് 
കുഞ്ഞൂട്ടമ്മാവൻ ഓടിക്കുന്ന മൂക്കുനീണ്ട പച്ച കുടുക്ക ബസ്.
അച്ഛന്റെ മടിയിലിരുന്ന്
ഓടുന്ന മരങ്ങളും പാടങ്ങളും കണ്ട അതിശയവണ്ടി.
മഞ്ഞപ്പിത്തം കരൾ പറിച്ചാണത്രെ കുഞ്ഞൂട്ടമ്മാവൻ.........
മൂടുപടം അഴിച്ചുമാറ്റാത്ത മഞ്ഞിനോട് കലഹിച്ച്
ദൂരെ മാറിനില്പാണ് സൂര്യൻ.
കരിയിലകൂട്ടി ,തീകായാൻ തുടങ്ങിയിരിക്കുന്നു വല്യച്ഛൻ.  
തീയ്ക്കൊപ്പം കരുകരെ ശബ്ദത്തിൽ 
ചത്തുവീഴുന്ന പ്രാണികൾ.
വിരൽ നീട്ടിപ്പിടിച്ച്‌ ,പറ്റിച്ചേർന്നിരിക്കാൻ 
വെറ്റിലചെല്ലം കട്ടെടുത്ത് ,ചുണ്ട് ചോപ്പിച്ചവൾ ഇനിയും എത്തിയിട്ടില്ല .
കഥകേട്ട് , കഥകേട്ട് അവളൊരു കഥയില്ലാത്തവളായെന്ന്
വല്യച്ഛൻ എങ്ങനെ അറിയാൻ.
പാതയ്ക്കിരുവശവും ഒരേ വലുപ്പവും നിറവുമുള്ള വീടുകൾ.
ഇടതുവശത്തുള്ള ഒരു വീട്ടുമുറ്റത്ത് പത്രക്കാരൻ ചെക്കനെ
അക്ഷമയോടെ നോക്കിനിൽപ്പാണ് അച്ഛൻ.
വേഗതയില്ലാത്ത വണ്ടിയുടെ വേഗത എനിക്കായി വീണ്ടും കുറച്ച്
കുഞ്ഞൂട്ടമ്മാവൻ കരുണയുള്ളവനായി.
വിരലുകൾ കുറേക്കൂടി അമർത്തി ദേവകിയമ്മയും.

നിറഞ്ഞ അകിടുകൾ മൊന്തയിലേയ്ക്ക്  കറന്നെടുത്ത്
കരച്ചിൽ തീർത്ത് അകത്തേയ്ക്ക് കയറിപ്പോകുന്നു അമ്മിണീടമ്മ.
ശാന്തമ്മായീടെ തൂമ്പയുടെ അറ്റത്ത്‌
ചേമ്പ് പുഴുക്കിന്റെ കൊതിയൂറുന്ന മണം.
കുളക്കടവിൽ മുട്ടോളമെത്തുന്ന തലമുടി വിടർത്തിയിട്ട്
മേലെ നോക്കി സ്വപ്നം കണ്ടുനില്പാണ്  സുജാത.
സാന്ത്വനചികിത്സാമുറിയിൽ കണ്ട ആ പാതിയടഞ്ഞ കണ്ണുകൾ
വേണ്ടാ...... ഓർക്കണ്ട.

കവലയിൽ തുണിക്കട നടത്തിയിരുന്ന മജീദ്‌ക്ക കോലായിലിരുന്ന് 
നസീറാടെ ഉമ്മയെ നീട്ടിവിളിക്കുന്നു.
'നസീറാ സ്റോറിലായിയിരുന്നു 
അച്ഛൻ  തുണിമുറിച്ചു വാങ്ങലും
അളവെടുക്കാൻ ശ്വാസംപിടിച്ചു നിന്ന എന്റെ ചില വൈകുന്നേരങ്ങളും.
സ്കൂൾമുറ്റത്ത് ,ഒരേ നിറത്തിൽ നസീറയും ഞാനും ഇരട്ടക്കുട്ടികളാകും.
പിന്നെ അങ്ങോട്ടുമിങ്ങോട്ടും ചന്തം നോക്കി നില്ക്കും.
ഈ മജീദ്‌ക്കയ്ക്ക് ഒരു മാറ്റോമില്ല. 
കുഞ്ഞൂട്ടമ്മാവന്റെ ബസ് ഒന്നു മുരണ്ട്, നിന്നു.
അങ്ങുദൂരെ നിന്നൊരു നിഴൽ
ഒരാണ്‍കുട്ടിയായി രൂപാന്തരം പ്രാപിക്കുന്നു
മണ്ണപ്പം ചുട്ടുവെച്ച് വട്ടയിലകൾ നിരത്തിയിട്ട് 
വലിയ ചിരിപൊട്ടുന്നിടത്ത് 
പിണങ്ങി  മുഖം കനപ്പിച്ച്‌ 
'നിങ്ങട പാട് നോക്കെന്ന് തിരിഞ്ഞുനടന്ന
കുറുമ്പിന്റെ പന്ത്രണ്ടുകാരൻ.
ഒടുവിൽ.........
വാക്ക് തെറ്റിച്ച് 
ആരുടെയോ വിരൽപിടിച്ച്
അവളെക്കൂട്ടാതെ ഇങ്ങോട്ട്  പുറപ്പെട്ടതാണവൻ.
അവനിപ്പൊഴും അതേ പ്രായം.

നിറയെക്കാണാൻ ,കണ്ണുകൾ ആവുന്നിടത്തോളം തുറന്നുപിടിച്ചു.
പെട്ടെന്ന്  ഒരപശകുനത്തിന് ചിറകുമുളച്ചതുപോലെ
വരിക്കപ്ലാവിന്റെ കൊമ്പിൽനിന്ന്‌
കണ്ണാടി തകർത്തുകൊണ്ട് കൂവി പതിച്ച രണ്ടുൾക്കകൾ.!
കമ്പിയിൽ ആഞ്ഞിടിച്ച മൂക്ക്‌ പൊത്തിപ്പിടിച്ച്
വേദനയോടെ,നിശബ്ദമായിക്കരഞ്ഞ്
ഞാനിതാ, ഇരുട്ടിന്റെ അവസാനപടവും
എണ്ണിത്തീർത്തിരിക്കുന്നു .