2023, ഒക്‌ടോബർ 3, ചൊവ്വാഴ്ച

ആർത്തലച്ച് മഴ വരുന്ന ചില കാലങ്ങളിൽ 
എന്റെ പുരയിലെ കലങ്ങളും ചട്ടികളും 
കുഞ്ഞുപെട്ടിയുമൊക്കെ ആരോടും        മിണ്ടാതെ 
പുഴയ്ക്കൊപ്പമിറങ്ങിപ്പോകും.
കോഴികളും ആടുകളുമൊക്കെ 
വെള്ളത്തിനു മുകളിലൂടെ ചിറകിട്ടടിച്ചും 
ചെവിയിട്ടടിച്ചും 
നീന്തിനീന്തി കാണാതാവും.
മഴയിറങ്ങിപ്പോകുമ്പോൾ കുമ്പിട്ടു-
നിൽക്കുന്ന പുരയെ നാലാളൊരുമിച്ച് 
നിവർത്തി നിർത്തും. 
ഒടിഞ്ഞ കൈകാലുകളിൽ പ്ലാസ്റ്ററിട്ട് 
ഉറപ്പിക്കും. 
അയ്യത്ത് മേയുന്ന അടുത്ത വീട്ടിലെ 
പശുവിന്റെ ചാണകമെടുത്തുകൊണ്ടു-
വന്ന് നിലം മെഴുകിയൊരുക്കും. 
ഒട്ടിയൊട്ടിയില്ലാതായ വയറുമായി
കുഞ്ഞുങ്ങൾ 
മഴയും പുഴയും ഒരുമിച്ചിറങ്ങിപ്പോയ 
മുറ്റത്തെ ചെളിവെള്ളത്തിൽ ചവിട്ടി 
ചെരുപ്പിട്ടതായി അഭിനയിച്ചു കളിക്കും. 
വെയില് വരുമ്പോൾ 
അടുപ്പ് ചിരിക്കാൻ തുടങ്ങുമ്പോൾ 
ഒക്കെയും മറക്കും.
അടച്ചുറപ്പില്ലാത്തതുകൊണ്ട് രാത്രി 
പുഴ പറയുന്നതൊക്കെ അക്ഷരംവിടാതെ കേൾക്കാം. 
പണ്ട് മഴ ഊക്കോടെ ചാടിവീണൊഴുകി-
യിരുന്ന തന്റെ കൂട്ടരെയും
അവരുടെ കൈവഴികളെയും 
ജീവനോടെ കുഴിച്ചുമൂടിയവരുടെ- ചരിത്രം 
എണ്ണിയെണ്ണി പറഞ്ഞവൾ
നെടുവീർപ്പിടും. 
അവരുയിർത്തെഴുന്നേറ്റൊഴുകട്ടെ
ഞാനീ മണ്ണിൽനിന്നെവിടേയ്ക്കുമില്ല.
പുഴയുടെ മണമാണോരോ അണുവിലും. 
ഇനിയും മഴ കലിതുള്ളി വരും 
ഒരു നാൾ ഞാനും നീന്തിനീന്തി 
അക്കരെയെത്താതെ 
അറിയപ്പെടാത്ത ഒരു ചരിത്രമായേക്കും.