2021, നവംബർ 23, ചൊവ്വാഴ്ച

സ്വപ്നങ്ങൾ നിർമ്മിക്കുന്ന
ഒരുവളിലേക്കായിരുന്നു 
അവസാനമായി 
ഞാനൊരു യാത്രപോയത്.

കാൽവിരൽ കുത്തി
അവൾ 
അനായാസമായി
കടലിനെ കരയാക്കി നടക്കും.
മേഘങ്ങളെ ആട്ടിൻപറ്റങ്ങളാക്കി
ആകാശച്ചെരുവിലൂടെ
മേച്ചുനടക്കുമ്പോൾ
അവളൊരു മാലാഖയെപ്പോലെ.

സ്വപ്നങ്ങളും പേറി
വരിവരിയായി നടന്നുപോകുന്ന
ഉറുമ്പുകൾക്ക്
അവൾ
ഈർക്കിൽതുമ്പുകൊണ്ട് വഴികാട്ടും.

നിലാവിനെ നിർമ്മിക്കാൻ
അവൾക്കൊരൊറ്റ പിച്ചകപ്പൂവിതൾ
ആ നേരത്ത് 
അവളുടെ വിരൽത്തുമ്പുകൾ
കൂടുതൽകൂടുതൽ നേർത്തുവരും
നിലാവതിൽ പറ്റിപ്പിടിച്ചിരിക്കും.

നനുനനുത്ത ഓർമ്മകളുടെ
ചൂട്ടും കത്തിച്ചുപിടിച്ച് 
അവൾ 
രാപ്പാലം കടക്കാനൊരുങ്ങുമ്പോൾ 
നക്ഷത്രങ്ങളൊരുമിച്ചുകൂടിനിന്ന്
കണ്ണുചിമ്മും.

തിരികെപ്പോരാനൊരുങ്ങി,
ചിരിക്കുന്ന സൂര്യനെക്കെട്ടിയ
പൊട്ടാത്ത ചരട് 
അവളെന്റെനേർക്ക് നീട്ടി
എന്റെ വിരൽത്തുമ്പിലിരുന്ന്
അവൻ ചില്ലകൾക്കു മുകളിലൂടെ
പച്ചയിലകളെയുരുമ്മിയുരുമ്മി പറന്നുനടക്കുന്നതും
ഇരുട്ടുപരക്കുന്നതിനു മുമ്പ്
എന്റെ തലമുടിച്ചാർത്തിനുള്ളിൽ
ഓടിവന്നൊളിക്കുന്നതും
ഞാനൊന്നു കണ്ടു, കണ്ണുകളടച്ച്.

താഴേക്കിറങ്ങിനിന്ന്
ചരടു പിടിക്കുന്ന നേരത്ത്
എന്റെ വിരൽത്തുമ്പുകളും
അവളുടേതുപോലെ നേർത്തുനേർത്ത്..!