കാട്ടിലൊരുവൾ
കാടായ് കരഞ്ഞന്നാണ്
കണ്ണീരിലെന്റെയുടൽ
രണ്ടായ് പിളർന്നത്.
മുറിവിന്നാഴത്തിൽ
ഞാനെന്നെയുടച്ചത്.
ഒരു മായക്കാഴ്ചയായ്,
കഥാതന്തുവായൊടുങ്ങിയത്.
അന്നൊരു
വിലാപപർവ്വമായയെന്നെ
പൊതിഞ്ഞെടുത്തത്
രാജരക്തമിരമ്പുന്ന
നിന്റെ ബലിഷ്ഠമായ കൈകൾ.
കൊട്ടാരക്കെട്ടിനുള്ളിൽ
എന്നിൽ തെളിയാതിരുന്ന
നിന്റെ
ഛായാചിത്രത്തെയോർത്ത്
നീ
ഒരലർച്ചയായൊടുങ്ങവെ,
ഞാൻ കാണുന്നുണ്ട്,
അങ്ങകലെ
പ്രണയംകൊണ്ട്
മുറിഞ്ഞുപോയൊരു
കാട്ടുപെണ്ണിന്റെ,
നിന്റെ അതിശക്തനായ-
മകന്റെ
അമ്മയായവളുടെ ചുണ്ടിൽ
മിന്നിമറയുന്ന
അതിഗൂഢമായൊരു ചിരി.
ഏതു കടലിനാണ്
അവളുടെ കണ്ണീർപ്പുഴയെ
ഒതുക്കിപ്പിടിക്കാനാവുകയെന്ന്
ചിന്തിച്ച്,
പേർത്തും പേർത്തും
ചിന്തിച്ച്
കണ്ണൊന്നു ചിമ്മിയടയ്ക്കെ,
നിന്നോടെങ്ങനെ
പറയാതിരിക്കാനാവും.
ഹേ...
വൃകോദരാ,
നീ തച്ചുടയ്ക്കും മുമ്പേ
രണ്ടായ് നുറുങ്ങിയവളാണ്
ഞാനെന്ന മായ/നേര്..!