2022, ജനുവരി 27, വ്യാഴാഴ്‌ച

കട്ടിലിൽ കിടത്തി
നാലാളൊരുമിച്ച്
അക്കരെയെത്തിക്കാൻ 
ചുമന്നുകൊണ്ടുപോയ
ഒരുവളെക്കുറിച്ചെനിക്കറിയാം.
(പ്രായം ഒരുമാസം തികയാത്ത
കുഞ്ഞായിരുന്നു ഞാനന്ന്.)
നീണ്ടുചുരുണ്ട തലമുടി
കട്ടിലിന് താഴേയ്ക്ക് 
പുഴപോലൊഴുകിയിറങ്ങിയിരുന്നുവെന്ന്
ഓർമ്മകൾ അയവിറക്കി
പെണ്ണുങ്ങളെന്നെ ചേർത്തുനിർത്തി
കണ്ണീര് തുടച്ചിട്ടുണ്ട്.
ഒരിക്കലല്ല,പലതവണ. 
തിരികെ ചുമന്നുകൊണ്ടുവരുമ്പോൾ
ആ കണ്ണുകൾ അടഞ്ഞിരുന്നെന്ന്,
മുലപ്പാൽ ചോർന്നൊലിച്ചിരുന്നെന്ന്,
കരഞ്ഞുകരഞ്ഞ് അമ്മമ്മയ്ക്ക്
ഭ്രാന്തായെന്ന്,
പ്രണയിച്ച് സ്വന്തമാക്കിയവളുടെ
നഷ്ടത്തിലും 
അച്ഛൻ ഭ്രാന്തുപിടിക്കാതെ
പിടിച്ചുനിന്നെന്ന്,
പിന്നീടൊരുനാൾ പാലം വന്നെന്ന്,
ആശുപത്രീം പള്ളിക്കൂടോം
ആപ്പീസുമെല്ലാം
വീടിനടുത്തേക്ക് വന്നെന്ന്.
ഞാനുറങ്ങുംമുമ്പേ അച്ഛനെത്തി
ചുമലിലേറ്റിനടന്നതും
എന്നെ കരയിക്കാതെ കൊണ്ടുനടന്ന 
പകലിന്റെ കഥ മുഴുവൻ
അച്ഛനോടെനിക്ക് 
പറഞ്ഞുകേൾപ്പിക്കാനായതും
ദൂരം അടുത്തായതുകൊണ്ടു മാത്രം.
ലോകം വളർന്നു
ഒപ്പം
ഞാനും എന്റെ ചിന്തകളും
മലകളെ സ്നേഹിച്ചു
പുഴകളെ സ്നേഹിച്ചു
പുല്ലിനെ,പുൽച്ചാടിയെ സ്നേഹിച്ചു 
മനുഷ്യനെ സ്നേഹിച്ചു.
മനുഷ്യന് 
സമയത്തെക്കാൾ വിലപ്പെട്ട
മറ്റൊന്നും ഭൂമിയിലില്ലെന്ന്
ഓരോ യാത്രയിലും കുറിച്ചുവെച്ചു.
'വേഗമാണ്'
എനിക്ക് സ്വന്തമായതെങ്കിൽ
'പ്രകാശവേഗമാണ്' 
നിനക്കുവേണ്ടതെന്ന്
നാളെയോട്...
എനിക്കെത്തിപ്പെടാനാവാതെപോയ 
ഇടങ്ങളിൽ
നീ എത്തിപ്പെടണമെന്നും.
അതിന് 
നിഴലുകളുടെ മേൽ പ്രകാശംപരന്ന് 
വെളിച്ചപ്പെടേണ്ടതുണ്ട്.
(കവിതയല്ല....)