2022, ഫെബ്രുവരി 1, ചൊവ്വാഴ്ച

കൂടൊഴിഞ്ഞു
ഞാൻ'എന്ന വരി 
നീയെങ്ങനെയാണ്
വായിക്കുക.
ഒരടയാളവാക്കുപോലും 
കൈമാറാതിരിക്കെ.
നിലാവിന്റെ ജാലകവിരി
മെല്ലെയൊതുക്കിവെക്കണം.
വെളിച്ചത്തിൽ മുങ്ങി
നിശ്ചലമായിരിക്കുന്നുണ്ടാവും
ദൂരെയൊരൂഞ്ഞാൽ.
ഊഞ്ഞാൽപ്പലകയിലേക്ക്
പറന്നുവന്നിരിക്കുമപ്പോൾ
ഒരു കുഞ്ഞു വെളുത്തതൂവൽ.
കിനാവേയെന്ന് നീട്ടിവിളിക്കണം.
ഒരു മാത്ര.....
മറുവിളി മാഞ്ഞുപോകും.
ഇരുണ്ട്,
ജാലകവിരി ഊർന്നുവീഴും.
രാപ്പാടികൾ പതിവിലുമുച്ചത്തിൽ 
പാടിപ്പറന്നുപോകും.
ചീവീടുകൾ ശ്വാസമെടുക്കാതെ
ചിലച്ചുകൊണ്ടേയിരിക്കും
കറുകറുത്തൊരു പൂവ്
കാറ്റിന്റെ കൈക്കുള്ളിൽനിന്ന്
നിന്റെ 
വിരൽത്തുമ്പിലേക്കടർന്നുവീഴും.
അപ്പോൾ നീ......
ഇനിയും ജനിച്ചിട്ടില്ലാത്ത 
നിനക്കെങ്ങനെയാണ് 
എന്നെക്കുറിച്ചെഴുതാനാവുക.