2019, സെപ്റ്റംബർ 19, വ്യാഴാഴ്‌ച

പച്ചമഷിയടയാളങ്ങൾ

എത്ര പെട്ടെന്നാണ്
കടന്നുപോയ ബസ്സിന്റെ
അരികു സീറ്റിൽ
വിടർന്ന കണ്ണുകളോടെ
നോക്കിയിരിക്കുന്ന
പെൺകുട്ടിയിലേയ്ക്ക്
മെടഞ്ഞിട്ട തലമുടി
മുന്നിലേയ്ക്കിട്ട്
ഞാനോടിക്കയറിയത്.

പായുന്ന കാഴ്ചകളിൽ
കണ്ണുകൾ നട്ടുവെച്ചത്.

പിൻസീറ്റിലിരുന്ന്
കവിളറ്റത്തെ
നുനുത്ത രോമങ്ങളുടെ
ചുഴിയിലേയ്ക്ക്
പേനകൊണ്ടു വരഞ്ഞവനെ
രൂക്ഷമായൊന്നു നോക്കിയത്.

ഒരേ വരികൾ വായിച്ച്
ഒരേ ചുഴിയിലെറിയപ്പെട്ട്
വായനകൾ കൈമാറിയത്.

ക്ളാസ്സ് മുറിയുടെ
നിര തെറ്റാത്ത വിശാലതയെ
മുറിയാത്ത വാക്കുകൾകൊണ്ട്
വിടർന്ന കണ്ണുകളും
കാതുകളുമാക്കി മാറ്റുന്നവനെ 
ദൂരെ മാറി നിന്നു കണ്ടത്.

അകന്നു നിൽക്കുന്ന
നക്ഷത്രങ്ങളെക്കുറിച്ചു പറഞ്ഞും  
നിഴലിനെ മറികടന്നാൽപ്പോലും
വീടിനു നോവുമെന്നു കരഞ്ഞും
നിശബ്ദനാക്കിയത്.

കാറ്റാടിയിലകളോട്
കേട്ടതൊക്കെ മറക്കണമെന്ന്
ഒറ്റയ്ക്കുനിന്നു പറഞ്ഞത്.

എത്ര പെട്ടെന്നാണ്
തിരക്കു വകഞ്ഞുമാറ്റി
ഞാനെന്റെയിടത്തിലേയ്ക്ക്
ചാടിയിറങ്ങിയിരുന്ന്
ഒക്കയുമേറെ
മാറിയിരിക്കുന്നെന്ന്
നരവീണ തലമുടിയിഴകളോട്
സ്വകാര്യമായി പറയുന്നത്.
_____________________________