2019, സെപ്റ്റംബർ 27, വെള്ളിയാഴ്‌ച

വരക്കൂട്ട്

കാത്തുനിന്നു 
മടുത്ത്
എങ്ങോട്ടോ
മറഞ്ഞിരിക്കുന്നു
കുളിച്ചൊരുങ്ങിവന്ന
കാറ്റ്.
  
മേശമേൽ
മണം പോകാതെ 
മൂടിവെച്ചിരിക്കുന്ന
ഉച്ചനേരത്തിന്റെ  
രുചിക്കൂട്ടുകൾ.

നിരയായ് നിന്ന 
തണലിപ്പോൾ
മരങ്ങളിലേയ്ക്ക് 
ചേക്കേറിയിരിക്കും.
 
മണ്ണോടു ചേർന്ന്
ചിറകെന്നാർത്തു
കരയുകയാവും
കൊഴിഞ്ഞു വീണ
തൂവൽ.

സന്ധ്യയുടെ
മടിയിലിരുന്ന്    
മാമുണ്ടിട്ടുണ്ടാവും
കാത്തു നിന്ന്
വിശന്നു തളർന്ന 
ഇടവഴി.

ഞാനെന്റെ 
ഒറ്റജാലകം
പതിയെ തുറന്ന്  
പാഞ്ഞടുക്കുന്ന 
തിരയിലേയ്ക്ക്
വിരൽത്തുമ്പു നീട്ടി 
കടലിനെ രുചിക്കുന്നു.
 
നീയെഴുതിയ  
വരിയിൽനിന്നൊരു
വാക്കഴിച്ചെടുത്ത്      
എന്റെ വരിയിൽ
കോർത്തുവെയ്ക്കുന്നു.

ഉടയാത്ത 
സാരിഞൊറികളും
അഴിയാത്ത 
ചുണ്ടുകളും 
ഒന്നുകൂടി ഭംഗിയാക്കി  
നിലാവു കുടഞ്ഞ് 
മേലാകെ പുതച്ച്
വരികളുടെ ചുമലിൽ 
ചാരിയിരുന്ന് 
ഞാനൊരു കിനാവിനെ
വരയ്ക്കാൻ തുടങ്ങുന്നു.