2016, സെപ്റ്റംബർ 1, വ്യാഴാഴ്‌ച

പ്രണയസത്യകം


നമ്മൾ നടന്ന
വഴിയിലിന്നും
വെയിൽ
പൂവിട്ടിരിക്കുന്നു.

നിഴൽപറ്റി 
കൊഴിഞ്ഞുവീണ
വിയർപ്പിന്റെ
മണികൾ.

ഉലയാതിരിക്കാൻ
നീട്ടിത്തന്ന
നിന്റെ വലംകൈ
തണുപ്പ്.

നമ്മൾ 
പറത്തിയ പട്ടം
ഉയരത്തിലുയരത്തിൽ 
ചിറകു വിരിച്ച്‌ 
ഞാൻ നീയെന്ന്
വരഞ്ഞ്
നമ്മളെന്നെഴുതിയ 
പരാവർത്തനം.

എത്ര
സുതാര്യമായാണ്
വാനം
നീല കുടഞ്ഞിട്ട്
അലക്കിവെളുപ്പിച്ച്‌
ചുവപ്പിൽ മുക്കി 
നമുക്കുവേണ്ടി 
തിരശ്ശീലയൊരുക്കുന്നത്.

എത്ര
രാഗാർദ്രമായാണ്
പുഴ
പച്ചിലപുതപ്പ്
വകഞ്ഞു മാറ്റി
കര തൊട്ടു നനച്ച്‌
കടലണയാൻ 
ദാഹിക്കുന്നത്.

നോക്ക്,
നമ്മെയിരുത്തി
ദിശയറിയാതൊഴുകാൻ
ഇക്കരെ 
കാത്തുകിടക്കുന്നു
ഒരു തുഴയില്ലാത്തോണി.