2016, സെപ്റ്റംബർ 26, തിങ്കളാഴ്‌ച



കല്ലുകൊത്താൻവന്ന
കാക്കാത്തിപ്പെണ്ണിന്
പണിക്കൂലിക്കായൊരു
കവിത കൊടുത്തപ്പൊ
ഊരിത്തന്നതാണവൾ
വെള്ളക്കല്ലിന്റെ മൂക്കുത്തി.

കിഴക്കേനട പൊന്നുപൂശാൻ
തിരക്കിട്ടോടിവന്ന തട്ടാൻ
മൂക്കിന്റെ നീളം കണ്ടളന്ന്
കുത്തിത്തന്നതാണ് പിന്നെ.

നിലംപറ്റി നിന്നില്ലെങ്കിൽ
കാറ്റിന്റെ ചില്ലയതുടനെ 
കട്ടോണ്ടു പോകുമെന്ന്
മുറ്റത്തു ചിരിക്കുന്നു
മുക്കുറ്റിപ്പെണ്ണൊരുത്തി.