2016, സെപ്റ്റംബർ 7, ബുധനാഴ്‌ച

ഒരു മരണം ഓർമ്മപ്പെടുത്തുന്നത്

ഉറക്കത്തിന്റെ പകുതിയിലേയ്ക്ക് കയറിവന്ന് യാത്രചോദിക്കും ചിലർ .
അന്നുവരെ കണ്ടതിൽവെച്ച് ഏറ്റവും മനോഹരമായ ചിരിയോടെ ,
പതിഞ്ഞ ശബ്‌ദത്തിൽ , പ്രായത്തിന്റെ വടുക്കൾ മാഞ്ഞുപോയ
മുഖത്തോടെ .മറുവാക്കായി ഒന്നും കൊടുക്കാനാവാതെ ഉറക്കത്തിന്റെ
ബാക്കിവെച്ച വഴിയിലൂടെ വീണ്ടും നടന്നുതുടങ്ങും നമ്മൾ .പുലർച്ചയിൽ
കേൾക്കുന്ന വാർത്തയിൽ മുറിഞ്ഞ് ,കഴിഞ്ഞുപോയ രാത്രിനേരത്തെ
ഓർത്തെടുത്ത് ഒന്നും പറയാനായില്ലല്ലോയെന്ന് വേദനിക്കും .

അതുപോലൊരു ചിറക് എനിക്കും ? എവിടൊക്കെയാവും അവസാന
ശ്വാസവും ഞാനുമൊപ്പം പറക്കുക ?

നീയെന്നെ ചിരിച്ചുകൊണ്ട് യാത്രയാക്കണം.തൊട്ടടുത്ത് ,മുറ്റം വരെയേ
ഞാൻ പോകുന്നുള്ളൂവെന്ന് നീയറിയണം .നാളെ വിരിയുന്ന പൂവിന്റെ
ഇതളിൽ നീ ചെവി ചേർക്കണം , ഏറ്റവും പ്രിയമായി നീയെന്നെ വിളിച്ച
പേര് പതിയെ വിളിക്കണം .വിളികേൾക്കും  ..നിനക്കതു നന്നായി തന്നെ
കേൾക്കാനാവും .കേട്ടിട്ടുള്ള അതേ ഈണത്തിൽ ..........

ഓരോ പൂവ് വിരിയുമ്പോഴും നീ ഓർക്കുക,നിന്നെ കേൾക്കാൻ ഞാനിതാ
തൊട്ടടുത്തുണ്ടെന്ന് . എനിക്കുറപ്പുണ്ട് നമ്മുടെ മുറ്റം ചെടികൾകൊണ്ട്
നീ നിറയ്ക്കും .നിലം തൊട്ടുകിടക്കുന്ന മുക്കുറ്റിപ്പൂക്കൾ ചൂടിയിരിക്കുന്ന
മഞ്ഞുതുള്ളികളിൽ നീയെന്റെ മുഖം തിരയും. രാജമല്ലിയും പാരിജാതവും
കുടമുല്ലയും അരളിയുമൊക്കെ വീണ്ടും വന്ന വഴിയെക്കുറിച്ചോർത്ത് 
നീയെന്റെ വിരലിൽ മുറുകെ പിടിക്കും ................

എനിക്കറിയാം ഒരു പൂവെങ്കിലും വിരിയാതെ നമ്മുടെ മുറ്റത്തിനിമേൽ
ഒരു സൂര്യനുമുദിക്കില്ലെന്ന് .