2016 സെപ്റ്റംബർ 22, വ്യാഴാഴ്‌ച


നമ്മൾ ചുരം കയറാൻ തുടങ്ങുന്നു .കൂടെ കൊണ്ടുപോന്ന കവിതയുടെ പെട്ടകം
നമ്മെ വഹിച്ചുവന്ന വാഹനത്തിൽ ഉപേക്ഷിക്കാം .ഒറ്റ ദിവസംകൊണ്ട് നീ
എനിക്കൊപ്പം വളർന്നിരിക്കുന്നു .ആദ്യമായി ഞാൻ ചുരം കയറിയപ്പോൾ
കണ്ണമ്മാ ,നീ ഒരുങ്ങുകയായിരുന്നു എന്റെ ഗർഭപാത്രത്തിൽ മുളപൊട്ടാൻ .

അടിവാരത്ത് ,ഞാനന്ന് കണ്ട കുട്ടിയെ നമ്മുടെ വാഹനം ഏൽപ്പിക്കാം
കവിതയുടെ പെട്ടകം ഇനി അവനുള്ളതാണ് .ഓരോ ഹെയർപിൻ വളവുകളിലും
അൽപനേരം നിന്ന് ' ഇതാണ് ,നീ തേടിയലഞ്ഞിടം 'എന്നെന്നോട് മന്ത്രിച്ചവളെ
നോക്കി നിൽക്കണം . ഓരോ തരി മണ്ണും ഓരോ തളിരിലയും പറയുന്നു 'ഇതാണ് ,
ഇതാണ് നിന്റെ ഭൂമിക' .ഇത്രയും നനച്ചിട്ടില്ല ഒരു മഴയും . ഞാൻ ഞാനെന്ന്
തൊട്ടുവിളിച്ചിട്ടില്ല . ഇത്രമേലിത്രമേൽ അടക്കിപ്പിടിച്ചിട്ടുമില്ല........
വരൂ , നമുക്ക് നടന്നു തുടങ്ങാം .

ഇപ്പോൾ നമ്മൾ നിൽക്കുന്നത് ഒമ്പതാമത്തെ വളവിൽ .അല്ല സ്വർഗത്തിൽ ...
നോക്കൂ , പ്രകൃതി എത്ര സുന്ദരിയാണ് .ഈ പച്ചയല്ലേ അവൾക്കേറ്റം ഇണങ്ങുക .

എന്റെ കൂട്ടിലെത്താൻ ഇനിയുമേറെ നടക്കണം .ദേ , നോക്ക് ചങ്ങലയണിഞ്ഞ
ഒരു മരം കാണുന്നില്ലേ ,കെടാതെ കത്തുന്ന വിളക്കും .ഇതാണ് കരിന്തണ്ടൻ
ഉറങ്ങുന്നിടം. കുറച്ചുനേരം നമുക്കിവിടെ നിൽക്കാം .

നീ ആ പാറ കാണുന്നുണ്ടോ എന്നോ മയിലുകൾ ആടിയിരുന്നിടം.പച്ചപ്പ് കണ്ടുകണ്ട്
ഓരം ചേർന്ന് നടക്കൂ .അസ്തമയമടുക്കുമ്പോൾ വാഹനങ്ങൾക്ക് വേഗത കൂടുതലാണ് .

നാഗമരത്തിൽ ഇപ്പോൾ കുഞ്ഞു കുരുവികൾ കൂടണഞ്ഞിരിക്കുന്നു .എന്തൊരു
തണുപ്പാണല്ലേ .നമ്മൾ വരുമെന്നറിഞ്ഞിട്ടാവാം ആരോ വാതിൽ തുറന്നിട്ടിരിക്കുന്നു.
ഇതാണ് ഇനി നിന്റെയും കൂട് .നാളെ മുതൽ നമ്മുടെ ശ്വാസത്തിന്റെ താളംകേട്ട്
പൂക്കളുണരും .ചുരംകയറി വരുന്ന ഓരോ മഴയുടെ ഭാവങ്ങളിലും നമുക്ക് നനയണം .
മഞ്ഞ് പൊഴിഞ്ഞു വീഴുമ്പോൾ കരിയിലകൾക്കൊപ്പം താളമിടണം.കിളിപ്പേച്ച് 
പഠിക്കണം .മലമുഴക്കിയുടെ പാട്ടുകേട്ട് , ഇവൾക്കെന്താ 'അമ്മ തേനും വയമ്പും കൊടുക്കാതിരുന്നതെന്ന് തമ്മിൽ തമ്മിൽ ചോദിക്കണം .പൂക്കൾ നുള്ളിയെറിഞ്ഞ്
രസിക്കാനെത്തുന്ന വികൃതികളോട് അവർക്കു നോവുമെന്ന് പറഞ്ഞുകൊടുക്കണം.
ഇതാ തൊട്ടെന്ന് ഓടിമറയുന്ന കാറ്റിനോട് നമ്മളിനി ചുരമിറങ്ങുന്നില്ലെന്ന് പറയാം .

നീയിപ്പോൾ അറിഞ്ഞുതുടങ്ങിയിട്ടുണ്ടാവും പ്രകൃതിയും പ്രണയവും രണ്ടല്ലെന്ന് .
അവളിലുണർന്ന് , അവളെയെറിഞ്ഞ് , അവളിലണയാൻ നിന്റെയുള്ളിലും ഒരു
തിരി ആരോ കത്തിച്ചുവെയ്ക്കുന്നുണ്ടാവും .

നീ കണ്ടിട്ടുണ്ടോ ,
പൂക്കാത്ത കാട്ടുമരത്തിൽ മിന്നാമിനുങ്ങുകൾ നിറയെ പൂക്കളായ്  വിരിഞ്ഞിറങ്ങുന്നത് ?
വിളക്കുകൾ കെടുത്തിവെച്ച് , വരൂ ...
ഞാനീ ജനാലകൾ തുറന്നിടട്ടെ ..............