നാളെകളുടെ രേഖീയമായ
ഏതോ ഒരക്കത്തിന്റെ വിരൽ പിടിച്ച്
ഞാൻ നടന്നു കയറുകയാണ് .
കണ്ണട നന്നായി തുടച്ച്
കൊതിതീരെ നോക്കിനില്ക്കുന്നു
പച്ചയുടുത്ത ഉന്മാദിനികളുടെ നടനം .
നേർത്ത വരകൾ പോലെ
കിതച്ചുവരുന്ന മഴയൊരു വിരൽത്തുമ്പാൽ
ഒരു മുത്തെടുത്ത് നെറ്റിമേലൊട്ടിക്കുന്നു .
ഞാനിവിടെയുണ്ടെന്ന് ഓരോ മരവും
അരുമയായ് ഞാനിട്ടപേരിനെ
മുന്നിലേയ്ക്ക് മുന്നിലേയ്ക്ക് കൊണ്ടുനിർത്തുന്നു .
കൈവെള്ളയിലിരുന്നൊരു നീരുറവ
ചുളിവു വീണ കവിളിണകൾ
കനിവോടെ തൊട്ടു നനയ്ക്കുന്നു .
നന്നായിണങ്ങുന്നുവെന്നു തലോടി
കാറ്റുവിരലുകൾ ,ഒതുക്കിവെച്ച നര
നെറ്റിയിലേയ്ക്കു വിരിച്ചിടുന്നു .
ആ കാണുന്നതാണെന്റെ വീടെന്ന്
തണുപ്പിനെ കുടഞ്ഞെറിഞ്ഞ്
ഞാനോടിച്ചെന്നു കണ്ണുനിറയ്ക്കുന്നു .
തൂക്കുവിളക്കുവെട്ടത്തിലുറക്കെച്ചിരിച്ച്
ഞാനുറങ്ങിയിട്ടില്ലെന്നവളെന്നെ
ഇരുട്ടിനെ പരിചയപ്പെടുത്തുന്നു .
ചില്ല നിറഞ്ഞ മിന്നാമിനുങ്ങുകളെ കാട്ടി
ഇവളും ഋതുമതിയായെന്ന്
കവിളിലൊരു നുണക്കുഴി കുത്തുന്നു .
ബ്രാഹ്മമുഹൂർത്തത്തിലുണരണമെന്ന്
ഇരുട്ടിനെ മടിയിലുറക്കി
തണുപ്പിനെ വാരിയെടുത്ത് പുതയ്ക്കുന്നു .
നീയെന്നെ ചേർത്തുപിടിച്ചൊരു ചിത്രം
ചുവരിന്നും മായാതെ കാത്തുവെച്ചിരിക്കുന്നു .!