2019, മാർച്ച് 19, ചൊവ്വാഴ്ച

മരണവൃത്താന്തം

പടിപ്പുര കടന്ന്
പുറത്തിറങ്ങി നിന്ന്
സാക്ഷ നീക്കി ഒരുവട്ടംകൂടി
നോക്കിക്കാണുകയാണ്.

ഇച്ചിരി വെട്ടവുമായി
ഒരു മിന്നാമിനുങ്ങ്
കൂട്ടിനു പറന്നെത്തുമെന്ന്
നിശ്വാസംകൊണ്ട്
കൈവീശി ഒരിറ്റുനേരം.

ഉറങ്ങിയ പൂക്കൾക്ക്
പുതപ്പുകളുമായി
നക്ഷത്രങ്ങളെക്കൂട്ടി
നിലാവുമെത്തുമായിരിക്കും.

തുറന്നുകിടക്കുന്ന
ജനാലക്കൊളുത്തുകളിൽ
തൂങ്ങിയാടുന്ന കാറ്റ്.
മിഴിച്ചുനോക്കുന്ന
വരികളിൽനിന്നെപ്പൊഴോ
ഊർന്നുപോയ തെളിച്ചം.
തുറന്നുവെച്ചിരിക്കുന്ന
പാട്ടുപെട്ടിയിൽ നിന്നെന്നോ 
ഒഴുകിപ്പോയൊരു
ഭാവഗീതത്തെയോർത്ത് 
ഇരുട്ടുകുടിച്ചു വയറുനിറച്ച
വായനമുറിയുടെ
വിളറിവെളുത്ത ചുവര്.

മരണാനന്തരവഴികളിൽ
എവിടെവെച്ചാവും
വീണ്ടും കണ്ടുമുട്ടുകയെന്ന്
ചീവീടുകളുടെയൊച്ച നേർപ്പിച്ച്,
വീടിന്റെ വരാന്തയിൽ
മടക്കിവെച്ചിരിക്കുന്ന പുൽപ്പായ.

ആൾക്കൂട്ടത്തിൽ
ഒറ്റയാവുകയെന്നതിനെക്കാൾ
ഒറ്റയെന്ന വാക്കിനുള്ളിലെ 
ഒരേയൊരൊന്നാവുക,
മരിക്കുക വീണ്ടും മരിക്കുക..!
_________________________________