2010, മാർച്ച് 24, ബുധനാഴ്‌ച

സ്നേഹാമൃതം .
-----------------
ഓര്‍മ്മയുണ്ടോ കളിക്കൂട്ടുകാരാ എന്നെ
ചന്തമെഴുന്ന മയില്‍പ്പീലിയും
മുറിവാക്കുപോലും മറവിക്കു വിട്ടില്ല ,
കാര്‍മേഘമൊത്തൊരാ നിന്‍ മുഖവും .

അക്ഷരത്തെറ്റു തിരുത്തി ഞാനന്നു നിന്‍
ചെവിയില്‍ പിടിച്ചതും ഗുരുവായ് ചമഞ്ഞതും
തോട് പൊട്ടിച്ചൊരു പുളിയുടെ ചെറുമുട്ട
സ്വാദ് നുണഞ്ഞതും നീ മറന്നോ ..

തോല്‍ക്കാനൊരുക്കമില്ലെന്നു പറഞ്ഞു ഞാന്‍
മത്സരിച്ചന്നു കാല്‍ മുട്ട് മുറിഞ്ഞതും
പച്ചിലച്ചാറ് പിഴിഞ്ഞ് നീ അന്നെന്റെ
രക്ഷകനായതും നീ മറന്നോ ..

കാട്ടുതെച്ചിപ്പഴം നൂറു തികച്ചു നീ
ചേമ്പിലക്കുമ്പിളില്‍  തന്നു മറഞ്ഞതും
പനിനീരടര്‍ത്തി ഞാന്‍ പകരമായ് തന്നതും
മുള്ളു തറച്ചതും നീ മറന്നോ..

ഊഞ്ഞാലിലായത്തിലാടി നീ മാനത്തെ
തൊട്ടുവിളിക്കാന്‍ തുനിഞ്ഞത് കണ്ട് ഞാന്‍
പേടിച്ചരണ്ട് കണ്‍പൊത്തി പിറകോട്ട്
ഓടിയൊളിച്ചതും നീ മറന്നോ..

പടവില്‍ ഞാനൊറ്റക്ക് മിഴി നട്ട് നില്‍ക്കുമ്പോള്‍
മുങ്ങാംകുഴിയിട്ട് സംഭ്രമിപ്പിച്ചതും
കൈക്കുമ്പിളില്‍ ചെറുമീനുമായ് വന്നെന്‍റെ
കവിളില്‍ പിടിച്ചതും നീ മറന്നോ..

പിരിയുവാന്‍ നേരത്ത് ഓടിക്കിതച്ചു നീ
മയില്‍പ്പീലിയും മഷിത്തണ്ടുമായ് വന്നതും
തേങ്ങിയ നമ്മളെ ചേര്‍ത്തുപിടിച്ചമ്മ
ആശ്വസിപ്പിച്ചതും നീ മറന്നോ..

കുന്നിക്കുരുവിന്റെ വെള്ളിച്ചിമിഴുമായ്
വിങ്ങിക്കരഞ്ഞു നിശബ്ദയായ് നിന്നൊരെന്‍
കുഞ്ഞിളം നെറ്റിയില്‍ കുളിരുമ്മ തന്നതും
കണ്ണീര്‍ തുടച്ചതും നീ മറന്നോ ..

ദൈവം വിരല്‍ തൊട്ട് വെള്ളിയായ് തീര്‍ത്തൊരീ
ഈറന്‍ മുടിയില്‍ വിരലനക്കീടവേ
പിന്‍വിളി കാതോര്‍ത്തു മൗനമായ് ചോദിപ്പൂ ,
ഓര്‍മ്മയുണ്ടോ കളിക്കൂട്ടുകാരാ ......