വെള്ളിയാഴ്ച വൈകുന്നേരങ്ങളില്‍ കളിയ്ക്കാന്‍ പോകാന്‍ വല്യ
ഉത്സാഹമാണ് . രണ്ടു ദിവസത്തെ അവധി എങ്ങനെ രസകരമാക്കാം
എന്ന ആലോചനായോഗവും കളിയുടെ അവസാനം ഉണ്ടാവും . ഒത്തിരി
കൂട്ടുകാരുണ്ടാരുന്നു ഞങ്ങളുടെ സംഘത്തില്‍ . രണ്ടുമൂന്ന് വീടുകള്‍ക്ക്
അപ്പുറത്താരുന്നു ഞങ്ങളുടെ കളിസ്ഥലം .
ഭൂരിപക്ഷത്തിന്റെ അഭിപ്രായം അനുസരിച്ച് കളി തിരഞ്ഞെടുക്കും .
ഒളിച്ചു കളിയായിരുന്നു എനിക്കിഷ്ടം , കാരണം ചങ്ങാതി നൂറുവരെ
ശ്വാസം പിടിച്ചു എണ്ണുമ്പോള്‍ ഒളിക്കാന്‍ പോണത് അടുത്തുള്ള
കാവിനുള്ളിലാണ് . കൂട്ടത്തിലുള്ള ഏറ്റവും ചെറിയവള്‍ എന്‍റെ
പാവാടയില്‍ തൂങ്ങി ഒപ്പം കൂടും . അന്നും പുതിയ കാഴ്ചകള്‍
വല്ലതും ഉണ്ടോന്ന് നോക്കി മെല്ലെ നടന്നു . കിളിക്കൂട്ടില്‍ അനക്കം
ഇല്ലാ . കുഞ്ഞുങ്ങള്‍ ചുണ്ട് നീട്ടി പുറത്ത് വരുന്നുണ്ടോന്നു നോക്കി
നിന്നു . ഒളിപ്പിച്ചു വച്ചിരിക്കുന്ന മാണിക്യം ഒന്നു തിരഞ്ഞാലോ ?
വേണ്ട , അഥവാ അത് കവര്‍ന്നെടുത്താല്‍ തല തല്ലി ചാവില്ലേ
സര്‍പ്പം ?
വരിവരിയായി നീങ്ങുന്ന വല്യ ഉറുമ്പുകള്‍ . സവാരിക്കിടയില്‍
ഒരല്പം നിന്ന് , അവരെന്തോ സ്വകാര്യം പറയുന്നു . കല്യാണം
കൂടീട്ടോ മരണം കണ്ടിട്ടോ ഒക്കെ വരുന്നതാവാം . കുഴിയാനയെ
പിടിച്ച് കൈക്കുള്ളിലാക്കിയ അമ്മിണിക്കുട്ടിക്ക് ചെറിയ ഒരു
പിച്ച് കൊടുത്ത് അതിനെ താഴെ ഇടീച്ചു . പകരം ഒരു കുല പൂവ്
അടര്‍ത്തിക്കൊടുത്തു . സമയം പോയതറിഞ്ഞില്ല . സൂര്യന് എന്തേ
ഇത്രേം വെപ്രാളം .
വീട്ടിലേയ്ക്ക് ഓടി . അമ്മയെ ദൂരെ നിന്ന് കണ്ടു . എന്തോ ഒരു
പന്തികേട് മണക്കുന്നു . ശബ്ദമുണ്ടാക്കാതെ പതുങ്ങി കയറാന്‍
ഒരുങ്ങുമ്പോള്‍ അമ്മ പിടിച്ചുനിര്‍ത്തി . തെങ്ങിന്‍റെ ചോട്ടില്‍ നിന്ന്
ഒരു കമ്പും അമ്മ കരുതീരുന്നു . കുഞ്ഞു പാവാട ഒതുക്കിപിടിച്ച്
തുരുതുരെ അമ്മയുടെ രോഷം പെയ്തു തീര്‍ത്തു . സന്ധ്യക്ക് നാമം
ചൊല്ലേണ്ട സമയത്ത് മതിമറന്ന് കളിച്ചതിനുള്ള ശിക്ഷ .
ആരെങ്കിലും കേട്ടാലോ എന്നൊന്നും അന്നേരം ചിന്തിച്ചില്ല .
അലറിക്കരഞ്ഞു . ചെത്തി മിനുക്കാത്ത വടിയായിരുന്നതുകൊണ്ട്
തുടയില്‍ ഒത്തിരി ചുവന്ന വല്യ വരകള്‍ പ്രത്യക്ഷപ്പെട്ടു .
അച്ഛന്‍റെ ചാരു കസേരയില്‍ അച്ഛനേം നോക്കി കിടന്നു . സന്ധ്യാനാമം
ചൊല്ലീല്ല . നല്ല വാക്കോതുവാന്‍ ത്രാണിയുണ്ടാവണമെന്നും സത്യം
പറയാന്‍ ശക്തിയുണ്ടാവണമെന്നും ഒന്നും ദൈവത്തോട് പറഞ്ഞില്ല .
ദൂരെ നിന്നും അച്ഛന്‍റെ ടോര്‍ച്ചിന്റെ വെട്ടം കണ്ടപ്പോള്‍
സന്തോഷമായി . അമ്മയ്ക്ക് രണ്ടു വഴക്ക് വാങ്ങി കൊടുക്കണം .
അമ്മ കുട്ടിക്കാലത്ത് ഇങ്ങനെയൊന്നും ആയിരുന്നില്ലേ ? അച്ഛന്‍
അടുത്തെത്തി . അടിയുടെ പാടുകള്‍ കാണത്തക്കവിധം പാവാട
അല്പം മുകളിലേയ്ക്ക് ചുരുട്ടിക്കയറ്റി വച്ചിരുന്നു . അച്ഛന്‍ അടുത്ത്
വന്ന് കസേര വലിച്ചിട്ടു ഇരുന്നു . കാര്യങ്ങളൊക്കെ ഒറ്റ ശ്വാസത്തില്‍
പറഞ്ഞു കേള്‍പ്പിച്ചു . അടുക്കളയിലാരുന്ന അമ്മയെ വിളിച്ചു , ഇത്രേം
വേണ്ടിയിരുന്നില്ലാന്നു പറഞ്ഞു വഴക്ക് കൊടുത്തപ്പോള്‍ ആശ്വാസമായി .
പിന്നെ അന്നത്തെ വിശേഷങ്ങള്‍ പറഞ്ഞു കേള്‍പ്പിക്കാന്‍ അച്ഛന്‍റെ
പിന്നാലെ കൂടി . അമ്മയോടു അന്ന് മിണ്ടാന്‍ പാടില്ലെന്നും ഉറപ്പിച്ചു .
അച്ഛന്‍ ഉരുട്ടി തരുന്ന ആദ്യ ഉരുള ചോറിനു എന്തൊരു രുചിയാരുന്നു .
എന്‍റെ അവകാശമായിരുന്നു എന്നും അച്ഛന്‍റെ ഊണുപാത്രത്തിലെ
വിഭവങ്ങള്‍ എല്ലാം ചേര്‍ത്ത് അച്ഛന്‍ ആദ്യം ഉരുട്ടിയെടുക്കുന്ന ആ
സ്നേഹത്തില്‍ പൊതിഞ്ഞ ഉരുള ചോറ് . വല്യ കുട്ടിയായി എന്ന്
എപ്പോഴോ മനസ്സില്‍ തോന്നിയപ്പോള്‍ ഞാന്‍ നഷ്ടമാക്കിയത് . നാളെ
കളിക്കാന്‍ പോവില്ലാന്ന് ശപഥവും ചെയ്തു ഉറങ്ങാന്‍ പോയി .
രാവിലെ പല്ലുതേയ്ക്കുന്നത്തിനിടയില്‍ അടിയുടെ പാടുകള്‍ നോക്കി .
അവിടെത്തന്നെയുണ്ട് , എല്ലാം കുറേക്കൂടി തെളിഞ്ഞിരിക്കുന്നു .
കുയിലിന്റെ പാട്ട് കേള്‍ക്കുന്നു , എതിര്‍ പാട്ട് പാടാന്‍ തോന്നീല്ല .
എന്തിനാണ് ആ പാവത്തിനെ പറ്റിക്കുന്നത് . അമ്മ അടുത്തുവന്ന്
'പിണക്കം തീര്‍ന്നില്ലേന്നു ചോദിച്ചു . മുഖം കുറേക്കൂടി വീര്‍പ്പിച്ചു
നിന്നു . അമ്മ അകത്തേയ്ക്ക് പോയപ്പോള്‍ തിരിഞ്ഞു നോക്കി ,
പാവം അമ്മ . എന്നാലും കളിക്കാന്‍ പോണില്ലാന്ന് തന്നെ ഉറപ്പിച്ചു .
വയ്ക്കോല്‍ കൂനയുടെ അടുത്തേയ്ക്ക് പോയി , ചങ്കരിക്ക് അല്‍പം
വയ്ക്കോല്‍ എടുത്തു കൊടുക്കട്ടെ . വല്യ വയ്ക്കോല്‍ കൂനയ്ക്കടുത്തു
എത്തിയപ്പോള്‍ കോഴികുഞ്ഞുങ്ങളുടെ നേര്‍ത്ത കരച്ചില്‍ . ചുറ്റിലും
നടന്നു നോക്കി . വെറുതെ തോന്നിയതാവുമോ . അതാ ഇറങ്ങി വരുന്നു
വയ്ക്കോല്‍ കൂനയ്ക്കുള്ളില്‍ നിന്ന് തള്ളക്കോഴിയും പത്തു പതിനഞ്ചു
കുഞ്ഞുങ്ങളും . ഞാന്‍ അവിടെ നിന്നുകൊണ്ട് തന്നെ ഉറക്കെ വിളിച്ചു .
എല്ലാരും ഓടിയെത്തി . എല്ലാര്‍ക്കും അതിശയവും സന്തോഷവും .
പുള്ളിക്കോഴി ആരുമറിയാതെ അടയിരുന്ന് കുട്ടികളെയും കൊണ്ട്
നാടുകാണാന്‍ ഇറങ്ങിയിരിക്കുന്നു . ഞാന്‍ മനസ്സില്‍ പറഞ്ഞു , ഇന്ന്
എന്‍റെ കൂട്ടുകാര്‍ ഇവരാണ് , കൂടെ നടക്കണം , അമ്മക്കോഴി
ആഹാരം ചികയുമ്പോള്‍ കാക്കയോ പരുന്തോ വന്ന് സൂത്രത്തില്‍
ഇവരെ റാഞ്ചിക്കൊണ്ടുപോയാലോ ......................
*****************************************************