2011, ഫെബ്രുവരി 24, വ്യാഴാഴ്‌ച

നല്ലമുത്തശ്ശി .


ഇന്നലെ കിനാവിലെന്‍ മുത്തശ്ശി ചിരിച്ചെത്തി
ഓര്‍മതന്‍ ഭാണ്ഡം മെല്ലെയഴിച്ചു നിലത്തിട്ടു
തിളങ്ങും മുത്തോരോന്നും പെറുക്കിയെടുത്തു ഞാന്‍
കനവിന്‍ മഞ്ചലേറി മുത്തശ്ശിക്കൊപ്പം കൂടി .

വെറ്റില , നാലും ചേര്‍ത്തിടിച്ച കുഴമ്പിന്‍ ചോപ്പ്
വിരലില്‍ പടര്‍ത്തി ഞാനിരുന്നു ചാരത്തായി .
ചുണ്ടുകള്‍ ചോപ്പിച്ചോരാ നന്‍മതന്‍ മുഖം കണ്ട്
കൈകളില്‍ മുഖം താങ്ങിയിരുന്നു കുതൂഹലം .

തിമിര്‍ത്തമഴയ്ക്കൊപ്പം കുളിച്ച് വിറപൂണ്ടെന്നെ
അണച്ചു പിടിച്ചുമ്മ നെറ്റിയില്‍ പകരുന്നു
മടിയിലരുമയായിരുന്നു നാമം ചൊല്ലി
വന്ദിച്ചു വിളക്കിനെ ആദരാലെഴുന്നേറ്റു .

പഠിച്ച പാഠങ്ങളൊന്നൊന്നായുരുവിട്ട്
പുസ്തകം മടക്കുന്ന നേരമെന്നരികത്ത്‌
അത്താഴം പകര്‍ന്നൊരു പാത്രവും,കഥയുമായ്
ഊട്ടുവാന്‍ ,  ഉറക്കുവാന്‍ മുത്തശ്ശിയണയുന്നു .

മുടിയില്‍ തഴുകുമാ വിരലിന്‍ ദേവസ്പര്‍ശം
മൊഴിയും കഥ കേട്ട് മെല്ലെ ഞാനുറങ്ങുന്നു
കൃഷ്ണനും കുചേലനും ഏകലവ്യനും പിന്നെ
യുദ്ധവുമെല്ലാം തൊട്ടുമുന്നിലെന്നറിയുന്നു .

ഇറങ്ങീ മഞ്ചത്തില്‍ നിന്നുടനെ ചുറ്റും നോക്കി
മുത്തശ്ശി മറഞ്ഞുവോ കനവെന്നറിഞ്ഞു ഞാന്‍
എവിടെ തിരയേണ്ടതറിയാതുഴലുന്നു
മായ്ച്ചെടുത്തുവോ കാലം നല്ല മുത്തശ്ശീ രൂപം!

കാലത്തെ തിരയുവാന്‍ ,തിരിച്ചു പിടിക്കുവാന്‍
വെറുതെ മോഹിച്ചു ഞാന്‍ കണ്ണുകളടയ്ക്കുമ്പോള്‍
ഊര്‍ന്നു വീണൊരു മുത്ത്‌ , കിലുങ്ങീ മൃദുവായി
''കണ്ണടയ്ക്കരുതുണ്ണീ , ഉറക്കം വിളിക്കാതെ ''.

#

2011, ഫെബ്രുവരി 6, ഞായറാഴ്‌ച

നാമാന്തരകരണം

പണ്ടൊരിക്കല്‍
അമ്പിളിമാമനെ കണ്ട്
മോഹിച്ച് 
വാശിപിടിച്ച് കരഞ്ഞപ്പോള്‍
ചേച്ചി
കളിയായി വിളിച്ച പേര്
'' കഴുത ''
ഏറ്റവും സുന്ദരനായ
പുരുഷന്റെ മുഖം
സൂര്യന് സ്വന്തമെന്ന്
വാശിയോടെ പറഞ്ഞപ്പോള്‍
ആങ്ങള
വിളിച്ച പേര്
'' പൊട്ടി കഴുത ''
നക്ഷത്രങ്ങള്‍ ചിരിക്കുന്നത്
എനിക്ക് വേണ്ടിയാണെന്ന്
വിശ്വസിപ്പിക്കാന്‍
വാശിപിടിച്ചപ്പോള്‍
കെട്ടിയോന്‍
വിളിച്ച പേര്
'' മരക്കഴുത ''
ഇന്ന് കടലിനെ നോക്കി
ഞാനെന്തെങ്കിലും
വാശിയോടെ പറഞ്ഞാല്‍
എന്‍റെ മകന്
എന്നെ വിളിക്കാന്‍
എന്താണൊരു പേര്  ?

#