'അനുക്കുട്ടീ ' അമ്മയുടെ നീട്ടിയുള്ള വിളി . ഈ അമ്മ ഒന്നു നേരെ കളിക്കാന്‍
സമ്മതിക്കൂലല്ലോ . പരീക്ഷ കഴിഞ്ഞിട്ടല്ലെയുള്ളൂ . എന്തൊരു വെപ്രാളാ ,
അനൂന്റെ പാവക്കുട്ടിക്ക് നല്ലൊരു പൊട്ട് തൊടാന്‍പോലും സമ്മതിച്ചില്ല .
'' ടീച്ചര്‍ ഇപ്പൊ എത്തും , വേഗം പോയി കുളിച്ച് ഡ്രസ്സ് മാറിയേ '' .
പഠിക്കാന്‍ ഇഷ്ടാ , പക്ഷെ കുറച്ച് കളിക്കണ്ടേ ? മുറ്റത്തൊക്കെ
ഇറങ്ങി നടന്ന് പൂക്കളേം തേന്‍ കുടിക്കാന്‍വട്ടമിട്ട് പറക്കുന്ന
പൂമ്പാറ്റകളേം ഒക്കെ കാണണ്ടേ ? മഴ നനയണ്ടേ ? മഴവെള്ളം
ചവിട്ടി തെറുപ്പിച്ച് ഓടണ്ടേ ?
അടുത്ത വീട്ടിലെ ദേവു അവളുടെ അനുജത്തിക്കുട്ടിയുടെകൂടെ
കളിക്കുമ്പോ ഈ അനു ഇവിടെയിരുന്നു കൊതിയോടെ നോക്കുന്നത്
അമ്മ കാണുന്നതല്ലേ . കല്യാണിക്ക് രണ്ടു ചേട്ടന്മാരുള്ളത് എന്തു
നല്ലതാണെന്ന് അമ്മയോട് എത്ര പ്രാവശ്യം പറഞ്ഞിരിക്കുന്നു .
ഈ അമ്മയ്ക്കെന്തേ ഒട്ടും അലിവ് തോന്നാത്തത്.
ഡാന്‍സ് ടീച്ചര്‍ അമ്മയോട് പറയുന്ന കേട്ടു , '' വേഗം ഗ്രഹിക്കും , നല്ല കഴിവുണ്ട് .''
എന്നൊക്കെ . ടീച്ചര്‍ ചോദിച്ചു , '' അന്‍വിദയ്‌ക്ക് ആരെപ്പോലെ ആകാനാ ഇഷ്ടം ? ''
അനു പറഞ്ഞു , ആരേം പോലെ ആകണ്ടാ , നന്നായി പഠിച്ചാ മതി , എന്ന് . ടീച്ചറും
അമ്മയും പൊട്ടിച്ചിരിച്ചു . ദൂരെയിരുന്നു തലയാട്ടുന്ന ബൊമ്മ ഇപ്പൊ ചിരിച്ചത് അനു
പറഞ്ഞത് കേട്ടായിരിക്കും . അവന്‍റെ തല പിടിച്ച് നേരെ ആക്കീട്ട് തന്നെ ബാക്കി കാര്യം .
ചായയും കുടിച്ച് , അനൂന്റെ കവിളില്‍ ഒരുമ്മയും തന്ന് ടീച്ചര്‍ ബസ്സിന് സമയായി
എന്നും പറഞ്ഞു ഓടിപ്പോയി .
അച്ഛന്‍ ഓഫീസീന്ന് വരുന്നതിനു മുന്പ് എത്തിക്കോളാംന്നു പറഞ്ഞ് അമ്മയ്ക്ക്
ഉറപ്പും ഒരു ഉമ്മേം കൊടുത്ത് അനു ദേവൂന്റെ വീട്ടിലേയ്ക്ക് ഒരൊറ്റ ഓട്ടം .
അവിടെ എന്താ എല്ലാരും കിണറ്റിനു ചുറ്റും കൂടി നില്‍ക്കുന്നത് . ദേവൂം കൂട്ടുകാരും
കൈകൊട്ടി ചിരിക്കുന്നല്ലോ . അനു അടുത്തേയ്ക്ക് ചെന്നു . അയ്യോ സുന്ദരിപ്പൂച്ച
കിണറ്റിനകത്ത് . എന്നും അവളുടെ കൂടെ കളിക്കുന്നതാണ് . അമ്മ തരുന്ന വറുത്ത
മീനും കൊണ്ടാണ് അവളെ കാണാന്‍ പോവുക. ആര്‍ത്തിയോടെ അതും തിന്ന്
സ്നേഹം കൂടാന്‍ വരും . അപ്പൊ അവള്‍ക്ക് ഏറ്റവും ഇഷ്ടം അനൂനോടാണെന്നു
തോന്നും . അവളുടെ വാല് എന്തു രസാ കാണാന്‍ . ഇവളെങ്ങനെ കിണറ്റിനകത്ത്
പോയി ?
ടെവൂന്റമ്മ കാണിച്ചുതന്നു . അവള്‍ ചെറിയൊരു ചെടിയില്‍ തൂങ്ങി
അള്ളിപ്പിടിച്ചിരിക്കുന്നു . ചെടി പിഴുതുപോയാല്‍ അവള്‍ വെള്ളത്തില്‍ . അവളെ
രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നു . ദേവൂം കൂട്ടുകാരും ചിരിക്കുന്നുണ്ട് ഇപ്പോഴും .
അവളുടെ വെപ്രാളം കണ്ടിട്ടും ഇവര്‍ക്കെങ്ങനാ ചിരിക്കാന്‍ തോന്നുന്നത് ?
അനു തിരികെ നടന്നു , അനൂ ന് ഇതൊന്നും കാണാന്‍ വയ്യാ . അമ്മയോട്
പറഞ്ഞപ്പോ ' സാരമില്ല , മോള് വിഷമിക്കണ്ടാ , അവര്‍ രക്ഷപ്പെടുത്തും '' എന്ന്
പറഞ്ഞു . അനൂന് സങ്കടം സഹിക്കാന്‍ വയ്യാ , പൂജാമുറീല്‍ പോയി ദൈവങ്ങളുടെ
അടുത്തിരുന്നു . എല്ലാരും ചിരിച്ചോണ്ടിരിക്കുന്നു . സുന്ദരിയെ രക്ഷിക്കണെന്ന്
രണ്ടു കൈയും കൂപ്പി കണ്ണടച്ച് പ്രാര്‍ഥിച്ചു . അനൂന്റെ കണ്ണ് നിറഞ്ഞു . ഇന്നിനി
മറ്റൊന്നും ആവശ്യപ്പെടില്ലാന്നു ദൈവങ്ങളോട് സത്യം ചെയ്തു . അമ്മ വിളിക്കുന്നല്ലോ .
' അനൂ , പോയി നോക്കിയേ , പുറത്ത് എടുത്തൂന്ന് തോന്നുന്നു . അനു ഓടി .
സുന്ദരി മിടുക്കിയായി നടക്കുന്നു . ഒരു കൂസലുമില്ലാ . ഒനും സംഭാവിചില്ലാന്ന മട്ടില്‍
കുലുങ്ങിക്കുലുങ്ങി വാലും ഇളക്കി നടക്കുന്നു . അവള്‍ കിണറ്റിനകത്ത് കിടന്നപ്പോ
കൈകൊട്ടിച്ചിരിച്ച കൂട്ടുകാര്‍ക്കൊപ്പം വികൃതികള്‍ കാണിക്കുന്നു . അനു അടുത്ത്
ചെന്നു നിന്നിട്ട് കണ്ട ഭാവം പോലും ഇല്ലാ . ആദ്യമായി കാണുന്നപോലെ .
അനു തിരിഞ്ഞു നടന്നു . സാരമില്ല . അവള്‍ക്ക് അറീല്ലല്ലോ , അനു ദൈവങ്ങളോട്
കരഞ്ഞു പറഞ്ഞതുകൊണ്ടാണ് അവള്‍ രക്ഷപ്പെട്ടതെന്ന് . അതിനുള്ള ബുദ്ധി
ഉണ്ടായിരുന്നെങ്കില്‍ അവള്‍ കിണറ്റിനകത്ത് എടുത്തുചാടുമാരുന്നോ ? ഇല്ല ...
അല്ലേ ???????????
**************************************************