2011, ഓഗസ്റ്റ് 4, വ്യാഴാഴ്‌ച
മോചനം .
ഏകാന്തയുടെ
തടവറയാണിപ്പോൾ
എന്റെയീ ഒറ്റമുറി വീട്.
എന്‍റെ വാക്ക്
നിന്‍റെ വാക്കുമായിണചേര്‍ന്ന്
ചാപിള്ള ജനിച്ച ദിവസമാണ്
ഞാനെന്‍റെ മുറിക്ക്
ചുവരുകള്‍ കെട്ടിയത്.
വാതിലിന്‍റെ നെഞ്ചില്‍
ആഴത്തില്‍ പതിഞ്ഞിരിക്കുന്ന
കനമുള്ള ഒരു താഴ് അകത്ത്.
സ്പര്‍ശമേറ്റ് തുറക്കാതിരിക്കാന്‍
ഞാന്‍ മുറിച്ചെറിഞ്ഞ
എന്‍റെ വിരലുകള്‍ പുറത്ത്.
ഇരുളും വെളിച്ചവും
മാറിമാറി പുണര്‍ന്ന്
കട്ടപിടിച്ച നിശബ്ദത.
നീണ്ട പല്ലുകളും
കൂര്‍ത്ത നഖങ്ങളും വെട്ടിമാറ്റി
പതുങ്ങിയെത്തുന്നു,
നെറികെട്ട വാക്കുകളുടെ
ആത്മാക്കള്‍.
അവരുടെനേര്‍ക്ക്
ഉയര്‍ത്തിപ്പിടിക്കുന്നു
ഞാനീ വിരലുകളില്ലാത്ത കൈകള്‍.
എന്‍റെ ചിരി മുഴങ്ങുന്നതറിയാതെ
പുഴുക്കളുപേക്ഷിച്ച അസ്ഥികള്‍
തിരയുകയാണവര്‍.