2011, സെപ്റ്റംബർ 21, ബുധനാഴ്‌ച

ഒന്ന്‌ ഒഴുകാനായെങ്കില്‍ .........

നീണ്ട ഒരിടവേളയ്ക്ക് ശേഷം ഞാനവളെ കാണാന്‍പോവുകയാണ് .അടുത്തിരിക്കണം ,
ഒത്തിരി നേരം. പറയാന്‍ ഒരുപാടൊരുപാട് കഥകള്‍ , ഓരോന്നും അവളുടെ ഓരോ മൂളലിലും അലിഞ്ഞുചേരുന്നത് നോക്കിയിരിക്കണം .

ഒരാൾപ്പൊക്കമുള്ള പുല്‍ചെടികള്‍ക്കിടയിലൂടെ നടക്കുമ്പോള്‍ പിറകില്‍ നിന്ന്
ഒരോർമ്മപ്പെടുത്തല്‍ , ''അധികനേരം ഇരിക്കണ്ട ,പഴയപോലല്ല ,സൂക്ഷിക്കണം.''
ഒറ്റക്കുതിപ്പിന് അടുക്കളവാതിലിലെത്താം,പിന്നെയെന്തിനീ ഓര്‍മ്മപ്പെടുത്തല്‍ ?!
കാര്യമില്ലാതെ നൊമ്പരപ്പെട്ടു .

ഒന്നേ നോക്കിയുള്ളൂ ,ഞാനെന്തേ ഇത്രയും വൈകി?കരഞ്ഞുകലങ്ങികുഴിയിലാണ്ട കണ്ണുകള്‍ .ചെവികള്‍ എത്ര തുറന്നുപിടിച്ചിട്ടും അവള്‍ പറയുന്നതൊന്നും എനിക്ക്
കേള്‍ക്കാനാവുന്നില്ല .അതോ മിണ്ടാത്തതോ! അവളുടെ ഉള്ളം എനിക്കിപ്പോള്‍
കാണാനാവുന്നില്ല .

അവളെ തൊടാനാവാതെ നോക്കിയിരുന്നു .എനിക്കെല്ലാം പറഞ്ഞേ തീരൂ .
ചങ്ങാത്തംകൂടിയതുമുതല്‍ ...

''ഞാനെറിഞ്ഞു തന്ന ചെറിയകല്ലുകള്‍ ഒന്നൊന്നായി പിടിച്ചെടുത്ത് വട്ടത്തില്‍ചുഴറ്റി
എന്നെ പൊട്ടിച്ചിരിച്ചദിവസം നീയെനിക്ക് പ്രിയപ്പെട്ട കൂട്ടുകാരിയായി .സമ്മാനമായി
നീ തന്ന പലനിറത്തിലുള്ള ചെറിയ ഉരുളന്‍ കല്ലുകള്‍ എന്‍റെ വെള്ളിച്ചിമിഴില്‍ ഇന്നും
ഉടയാത്ത കുപ്പിവളകള്‍ക്കൊപ്പം കിന്നാരം പറഞ്ഞിരിപ്പുണ്ട് .

പാദസരം തൊട്ടുനോക്കാന്‍ ആദ്യമായി അനുവദിച്ചത് നിന്നെയായിരുന്നു .എന്‍റെ കണങ്കാലുകള്‍ നിന്നിലൂടെ കണ്ടപ്പോൾ അവയിലൊരെണ്ണം ഒരു നാൾ നീ കൈക്കലാക്കുമെന്ന് ചിന്തിച്ചതേയില്ല .ഒട്ടും സങ്കടം തോന്നിയില്ല ,കാരണം നീയും എന്നെപ്പോലെ ആയിരുന്നല്ലോ .

കറങ്ങുന്നപമ്പരം കൊതിയോടെ നോക്കുന്നതു കണ്ട് ,നിനക്ക് തന്നതും ചേട്ടന്‍
ചെവിയില്‍ പിച്ചിനോവിച്ചതും നമ്മളൊരുമിച്ച് കരഞ്ഞതും ഞാന്‍ മറന്നിട്ടില്ല ,നീയും
മറന്നിട്ടുണ്ടാവില്ല അതൊന്നും .

നെയ്യപ്പത്തിന്റെ മണവും രുചിയും കാറ്റിനുമുന്പേ ഓടിയെത്തി നിനക്ക് തന്നിട്ട് ,
കൈയില്‍ പടര്‍ന്ന വെളിച്ചെണ്ണ ഉടനെ ആരും കാണാതെ കുഞ്ഞുപാവാടയില്‍
തുടയ്ക്കുന്നതു കണ്ട് നീ ഒളികണ്ണിട്ടു ചിരിച്ചു .

കളിച്ചുരസിച്ച് ,കുളിരുംപുതച്ച് ,അമ്മയുടെപിറകെ തിരിഞ്ഞുനോക്കിനടക്കുമ്പോള്‍
നീ എന്തൊക്കെയോ പറയുകയും പാടുകയും ചെയ്തു .

അന്നെനിക്കെന്തിഷ്ടമായിരുന്നു നിന്‍റെപുറത്ത് മലര്‍ന്നുകിടന്ന് സൂര്യനെ നോക്കാന്‍ .
ഞാനൊരു മിടുക്കികുട്ടിയാണെന്ന് നീയും അവനും ഒരുപോലെ സമ്മതിച്ചിരുന്നു .

അമ്പരപ്പോടെ ,വയസ്സറിയിച്ച കാര്യം പറഞ്ഞപ്പോൾ നീ ചിരിച്ചത് 

രണ്ടു കൈകളിലെയും കുപ്പിവളകള്‍ ഒരുമിച്ച് കിലുങ്ങുന്നതുപോലെ .
നിന്നോടൊപ്പമുള്ള
കുളി നിരോധിച്ച അന്ത്യശാസനം ഓടിവന്ന് വേദനയോടെ പറഞ്ഞപ്പോൾ
നീ ചിരിച്ചത് പൊട്ടിവീണ മാലയിലെ മുത്തുകള്‍ ചിതറുന്നത്‌ പോലെയും .

കഥയിൽ,കവിതയിൽ നമ്മൾ സന്ധ്യകൾ പകുത്തതും,ചിരിച്ചുംകരഞ്ഞും 

 നിന്നിൽ നനഞ്ഞ് ..ഒടുവിലൊരുനാൾ '' നിൻറെ പ്രണയമാണോ അനേകം
കാതങ്ങൾക്കപ്പുറം നില്ക്കുന്ന അവൻറെ ചുണ്ടുകളെ ഇത്രയും ചുവപ്പിക്കുന്നത് '' 
എന്ന് , കഥയിൽ
ചോദ്യമില്ലെന്ന് നിന്നെ പഠിപ്പിച്ച എന്നോട് , എണ്ണമില്ലാത്ത ചുണ്ടുകൾകൊണ്ട്‌
കൊലുസ്സില്ലാത്തകാലുകളിൽ മുത്തി നീ ചോദിച്ചതും, കൂടണയാൻ പറന്നുപോയ
കിളികളെ സാക്ഷിയാക്കി എന്റെ കണ്ണീരിൽ നീ ന
ഞ്ഞതും നമ്മൾ പിരിഞ്ഞതും ...''

ഇന്ന് ഗര്‍ത്തങ്ങളിലേയ്ക്ക് ആഴ്ന്നിറങ്ങി ,ചിരിക്കാനാവാതെ,പാടാനാവാതെ 

ഒരു നെടുവീര്‍പ്പായി നീ !വികൃതമാക്കപ്പെട്ട ഉടലിൽ സാന്ത്വനം പോലെ തലോടുന്ന ,
കർമസാക്ഷിയായവന്റെ വിരലുകൾ ....

നീ നനച്ചു വളര്‍ത്തി , ഞാന്‍ അടര്‍ത്തിയെടുത്ത തെച്ചിപ്പഴങ്ങള്‍ ,കാറ്റില്‍ തലയാട്ടി
താളംപിടിച്ചുനിന്ന ഓണപ്പുല്ലുകള്‍,കാവല്‍ നിന്ന മുളംകൂട്ടങ്ങള്‍ എല്ലാം ഓര്‍മകള്‍ക്ക്
വഴിമാറിത്തന്നിരിക്കുന്നു .പഴയചിത്രത്തിലെ നിന്നെ കാണാനാവാതെ, നെഞ്ചിലെ
ഭാരമൊന്നിറക്കിവയ്ക്കാനാവാതെ ഉഴലുമ്പോള്‍ ഞാനറിയുന്നു , ഇന്നും നിന്നെ
ഞാനൊരുപാടൊരുപാട് സ്നേഹിക്കുന്നു .