ഒരു നിമിഷം നില്ക്കുക
ഞാനിതാ വരുന്നൂ ... മാനമിരുണ്ടു കറുക്കുന്നു പെയ്തു കനിയണം ആ കണ്ണീരുടുത്തുവേണം എന്റെ പുഴയ്ക്ക് മാനം മറയ്ക്കാന്‍ തൊടിയില്‍ പൈക്കള്‍ കൂട്ടത്തോടെ കരയുന്നുണ്ട് പെയ്യും , പെയ്യാതിരിക്കില്ല കൊതിയന്‍ പൈക്കിടാവിന്റെ , പാല്‍പ്പത മിന്നുന്ന കഴുത്തില്‍ ഞാനൊരു മണികെട്ടി , അവനെ കണ്ണില്‍ നിറയ്ക്കട്ടെ വിടര്‍ന്ന വാഴക്കൂമ്പിലെ ഒരുതുള്ളി തേന്‍ നാവിന്തുമ്പ് നുണഞ്ഞോട്ടെ അത്തിമരച്ചില്ലയില്‍ കുയിലെത്തി ഒരിക്കല്‍ക്കൂടി ഏറ്റുപാടണം അടുപ്പില്തിട്ടയിലെ ചൂടേറ്റു കൂനിക്കൂടിയിരിക്കാന്‍ കള്ളിപ്പൂച്ച പതുങ്ങിപ്പതുങ്ങി വരുന്നുണ്ട് അവളുടെ കണ്ണിലെ കനല് ഒരു നിമിഷം കടമായ് ചോദിക്കട്ടെ ചിറകിലൊതുങ്ങാ കുഞ്ഞുങ്ങളെ ചേര്‍ത്തുനിര്‍ത്തി തള്ളക്കോഴി സൂര്യനെ തിരയുന്നുണ്ട് ആ ചിറകിനടിയിലെ ചൂട് ഞാനൊന്നറിയട്ടെ പൊട്ടുകുത്താനൊരു തെച്ചിപ്പൂവിതള് ഞാനടര്ത്തിയെടുക്കുന്നു ഓര്മമരത്തിലെ കായ്കളെല്ലാം എണ്ണിക്കഴിഞ്ഞു മുറ്റത്തെ തുളസിച്ചെടിയെ കെട്ടിപ്പിടിച്ച് , ഒരുമ്മ കൊടുത്ത് , പൊട്ടിച്ചിരിച്ച് ദേ , ആ റോസാപ്പൂവിനുള്ളില്‍ ഞാനൊളിക്കുന്നു നുള്ളിയെടുത്ത് , നെഞ്ചോടു ചേര്‍ത്തുപിടിച്ച് തെക്കേ മുനമ്പ് നോക്കി പറന്നോളൂ വഴിമധ്യേ കേള്ക്കാന്കൊതിക്കുന്ന കനവിലെ , കനിവുള്ളൊരു ചോദ്യം നീയെനിക്കു തരണം വാടിയോ പൂവേ ?!!! # |