2013, ജൂൺ 25, ചൊവ്വാഴ്ച

വൈകുന്നേരത്തെ ചൂടുചായയ്ക്കൊപ്പം  ഇറങ്ങിപ്പോയതായിരുന്നു നീറുന്ന
ഒരു കാഴ്ചാവിവരണം .
വയനാട്ടിലെ , ഒരു സർക്കാർ  പുനരധിവാസകേന്ദ്രത്തിലെ ,പനിപിടിച്ചു
ചുരുണ്ടുകൂടിയിരിക്കുന്ന ഒരു കൊച്ചു കുട്ടിയുടെ ചിത്രം.അവന്റെ പേരറിയില്ല ,
ഒരു ആദിവാസി പെറ്റതാണെന്നറിയാം .
ഞാൻ കാണാതെ കണ്ട അവന്റെ മുഖം ,ഉറക്കത്തിലും പനിച്ചു വിറച്ച് .....
ഞെട്ടിയുണർന്നത് പണ്ടൊരു കാലത്തിലേയ്ക്ക് !

ചേച്ചിയുമായി  വെറുതെ പിണങ്ങി,പുതപ്പുമെടുത്ത്  അടുത്ത മുറിയിൽ
ഉറങ്ങാൻ പോയ, ബാല്യകാല  രാത്രികളിലേയ്ക്ക് .....
അമ്മയ്ക്കും അച്ഛനും നടുവിലായി ഉറങ്ങാൻ  ,പനിയാണെന്ന്  കള്ളം
പറഞ്ഞതും ശിക്ഷ കിട്ടല്ലേന്നു കണ്ണടച്ച് പ്രാർഥിച്ചതും ..പിന്നെ
അച്ഛന്റെ വല്യ വയറിനു മുകളിൽ കാൽ കയറ്റി വച്ച് , ഒരു രാജ്യം
കീഴടക്കിയ ജേതാവിനെപ്പോലെ   അച്ഛന്റെ കൂർക്കം വലിയുടെ
 താളത്തിൽ  ഉറങ്ങിയതും ...
വർഷങ്ങൾക്ക് ശേഷം കുട്ടികൾ നെഞ്ചോടു പറ്റിചേർന്നുറങ്ങിയപ്പോഴും
അന്നത്തെ ആ പള്ളിയുറക്കത്തിന്റെ സുഖം മറക്കാനായില്ല .വരമായി എനിക്ക്
കിട്ടിയ  ബാല്യം .

ആ കുട്ടി ... അവൻ കൊതിക്കുന്നുണ്ടാവില്ലേ അവന്റെ അമ്മയുടെ
നെഞ്ചിലെ ചൂട് ? നെറ്റിയിൽ  ഒരു തലോടൽ ? മുപ്പതോളം വരുന്ന അനാഥ
ബാല്യങ്ങൾക്ക് നടുവിൽ  അവനത്  കൊതിക്കുന്നുണ്ടാവില്ല ....

കാണാൻ കൊതിച്ച വയനാടൻ മഴയുടെ ഭംഗി ചോർന്നൊലിക്കുന്നതു പോലെ.
താമരശ്ശേരി ചുരം ആദ്യമായി കയറിയപ്പോൾ  കണ്ട  സ്വർഗീയസൗന്ദര്യം
മാഞ്ഞുമാഞ്ഞ്  പോകുന്നതുപോലെ ...............