2014, ജനുവരി 30, വ്യാഴാഴ്‌ച

അമ്മയ്ക്കൊരു കഥ പറഞ്ഞുകൊടുക്കണം ,അമ്മ കേട്ടിട്ടില്ലാത്ത ,
ഇതേവരെ വായിച്ചിട്ടില്ലാത്ത ഒരു കഥ .
ഇന്ന് വല്ലാത്തൊരസ്വസ്ഥതയിലാണ്  അമ്മ.
വാക്കിനെ കുത്തിയുടച്ചു വിഴുങ്ങുന്ന ചുമ . പറഞ്ഞുതീരാത്ത ഒരു
മറുപടിയുടെ അറ്റത്തു നിന്നാണ് , പണ്ടെന്നെ കുരുക്കിയിട്ട വില്ലനായ
ഒരു ചുമയുടെ ഓർമയിലേക്ക് ഞാൻ കുഴഞ്ഞുവീണത്‌ .

ആശുപത്രിയിലെ മനംപുരട്ടുന്ന പകലുകളിൽനിന്ന്  അമ്മയില്ലാത്ത
വീട് , എന്നെ പുതപ്പിച്ചുറക്കിയ വിരസതയുടെ കുറെ ദിവസങ്ങൾ .
കൂട്ടുകാരോടൊത്ത് പഠിക്കാനാവാതെ ,കളിക്കാനാവാതെ,ബെഞ്ചിന്മേൽ
പൊതിച്ചോർ തുറന്നുവച്ച്  കൂട്ടംകൂടിയിരുന്ന്  അമ്മമാരുടെ വാത്സല്യം
പങ്കിട്ടെടുക്കാനാവാതെ ......

സന്ധ്യാനേരം നിലത്ത് പായവിരിച്ച് , അമ്മയിരിക്കും. പിന്നെ ഞാൻ
തിരഞ്ഞെടുത്തു  കൊടുക്കുന്ന പുസ്തകത്തിലെ കഥകളോരോന്നായി  
വായിക്കും .ഉറക്കെ ചിരിക്കാനാവാതെ ഞാൻ  മടിയിൽ കിടന്ന് ആ
സാരിത്തുമ്പ്  നനയ്ക്കും .

അമ്മയെ നെഞ്ചിൽ ചേർത്തിരുത്തണം.ശോഷിച്ചുനീണ്ട ആ വിരലുകൾ
കൈകൾക്കുള്ളിൽ പൊതിഞ്ഞുപിടിക്കണം .ഒരു കഥ പറയട്ടേ എന്ന്
ചോദിച്ച് , പറയാൻ തുടങ്ങണം .

പണ്ടുപണ്ടൊരിക്കൽ , അമ്മ പറഞ്ഞ കഥ കേട്ട് , മേശയുടെ അടിയിലും
അലമാരയുടെ മറവിലും പോയിരുന്ന്  ആരുംകാണാതെ തേങ്ങിക്കരഞ്ഞ
ഒരു കുട്ടിയുടെ കഥ .
ആ കഥ വീണ്ടും വീണ്ടും  പറഞ്ഞവരോടൊക്കെ പിണങ്ങി ,പൂക്കളുടെയും
പൂമ്പാറ്റളുടെയും ഭാഷ പഠിക്കാൻ ഒറ്റയ്ക്ക്  അലഞ്ഞുനടന്നവൾ ............
കാണാത്തൊരമ്മയെ കാട്ടിക്കൊടുക്കാൻ കിളികളോട് കെഞ്ചിപ്പറഞ്ഞ്‌ ,
തീരത്തുറങ്ങുന്ന അമ്മയെ തിരയെടുക്കുമെന്ന് പേടിച്ച് , അറിയാവുന്ന
ഉത്തരങ്ങളൊക്കെ തെറ്റിച്ചെഴുതി ,ജീവിത പരീക്ഷകളിലൊക്കെ തോറ്റുതോറ്റ് ,
ഒടുവിൽ ആത്മഹത്യയോ കൊലപാതകമോ എന്ന് തെളിയിക്കപ്പെടാത്ത,
മുറിവുകളൊന്നുമില്ലാത്ത ശരീരത്തിന്  സ്വയം ചിതയൊരുക്കിയവളുടെ കഥ .

കഥ അവസാനിക്കുംമുമ്പേ അമ്മ ഉറങ്ങും . അപ്പോൾ അങ്ങ്  മേലെ,
കറുത്ത  അമ്മയുടെ വെളുത്ത മക്കളിൽ ഏറ്റം പ്രിയപ്പെട്ടൊരാൾ
എന്നെ നോക്കിനിന്ന്  കണ്ണുചിമ്മും !!!

2014, ജനുവരി 23, വ്യാഴാഴ്‌ച

ചുരമിറങ്ങി , താമരശ്ശേരിയിൽനിന്ന് , കൊയിലാണ്ടി വഴി
പിഷാരിക്കാവ്‌  കണ്ട്  ആനക്കുളത്ത് .
പുതിയ വീട്ടിൽ പഴയ ഞങ്ങൾ വീണ്ടുമൊരിക്കൽക്കൂടി പഴയവരായി .
ചുരുണ്ടുകൂടി വയറിനുള്ളിൽ കിടന്ന, കാണാതെ കണ്ണിൽ പതിഞ്ഞവൾ
ഒമ്പതാംക്ലാസ്സുകാരിയായി ,ഒരു നിറഞ്ഞചിരിയായി രൂപപ്പെട്ട് മുന്നിൽ .
എന്റെ ചിരിയെ നിഷ്കരുണം തോല്പ്പിച്ചിരുന്ന ചിരിയുടെ അതേ പതിപ്പ് .
കാണാൻ കൊതിച്ചെത്തിയത്  കണ്‍നിറയെ കണ്ടു .

വടക്കുവടക്കൊരു ദേശത്താണ് ഞങ്ങൾ അയൽക്കാരായത് .
കോട്ടയ്ക്കുനേരെ തുറക്കുന്ന രണ്ടു വാതിലുകളിൽനിന്ന് ഇറങ്ങിവന്ന് ,
വിരഹിണിയായി , കവിൾ ചുവപ്പിച്ചവളെ നോക്കിനിന്ന നാളുകൾ .
വിശാലമായ പച്ചപ്പിൽ ചമ്രംപടിഞ്ഞിരുന്ന്  കഥയും കഥയില്ലായ്മയും
എണ്ണിയെണ്ണി ,നിമിഷങ്ങളെ ചിരികൊണ്ട്  പെറുക്കിക്കൂട്ടി ,അനുഭവങ്ങളിൽ
നഷ്ടമായ തൂവലുകൾ സ്വപ്നങ്ങളുടെ ഉടലുകളിൽ തുന്നിച്ചേർത്ത് , ഒരേ
ആകാശവീഥിയിൽ ചിറകടിച്ച്  പറന്ന് , ചിരികൊണ്ട് സന്ധ്യകളെ
വീണ്ടും ചുവപ്പിച്ച ,ഒരിക്കലും മറക്കാനാവാത്ത നാളുകൾ .ഞങ്ങൾ
പറഞ്ഞതൊക്കെയും അവൾ കേട്ടിട്ടുണ്ട് .ആ ഇരുട്ടിൽ ഞങ്ങൾക്കൊപ്പം
അവൾ ചിരിച്ചിട്ടുണ്ടാവും .അവളുടെ ചിരിയുടെ തുടക്കവും അവിടെനിന്നാവും.
ചിരിയുടെ ബാലപാഠം ഞാൻ എവിടെനിന്നാവും ഹൃദിസ്ഥമാക്കിയത് ?
ചിരിക്കുടുക്കയെന്ന് പേരുചൊല്ലി വിളിച്ചൊരമ്മയോട് ചോദിക്കാൻ
വഴിയറിയില്ലെനിക്ക് .

ഓടിമറയുന്ന വഴികൾ.ഓർമയിലൂടെ അരിച്ചെത്തുന്ന ചിരിമഴകളുടെ
ആരോഹണാവരോഹണങ്ങൾ ..
ഒറ്റയാത്രകൊണ്ട് പരിചിതമായ ആ വഴിയിൽ ഒരിടത്ത് ഒരല്പനേരം .
ദൂരെയൊരു ഓർമ്മമരത്തിലെ പൂക്കളെ തഴുകിയെത്തിയ നേർത്ത
കാറ്റിലൂടെ,എന്നോ കണ്ണുചുവപ്പിച്ച ഒരു ചിരിസ്പർശം.ഏത് രസമാപനി
കൊണ്ടാണ് ഞാനാ ചിരിയെ അളന്നെടുക്കുക ..............
യാത്രയവസാനിക്കുംമുമ്പ് ഞാനെൻറെ ഒസ്യത്ത് എഴുതി അവസാനിപ്പിച്ചു .

' ചിരിയിലൂടെ എനിക്ക് തിരിച്ചുപോകണം .



2014, ജനുവരി 10, വെള്ളിയാഴ്‌ച





ഇത് 'കാറ്റത്തെ കിളിക്കൂടല്ല , വീട്ടിനുള്ളിലെ കുഞ്ഞുകിളിക്കൂട് .
മെയ്‌  മാസത്തിലാണ് കണ്ടത് .ഉള്ളിലൊരു കിളിമുട്ടയുണ്ടെന്ന്
അറിഞ്ഞത് മാസങ്ങൾക്ക് ശേഷവും .
ഓരോ ദിവസവും, അമ്മക്കിളി പറന്നുവരുമെന്നും കുഞ്ഞു
ചുണ്ടിലേയ്ക്ക്  ഇരപകരുമെന്നും വെറുതെ കിനാവു കാണും .
ചൂടുപകരാതെ പറന്നുപോയ കിളിയെ നിങ്ങളാരെങ്കിലും കണ്ടോ
എന്ന് അടുക്കളജനാലയ്ക്കൽ കലപില കൂട്ടാനെത്തുന്നവരോടൊക്കെ
എന്നും ചോദിക്കും .

ആകാശത്തെ അളന്നെടുക്കാൻ ചിറകുകൾ മോഹിച്ചൊരു
ജീവൻ ഇപ്പോഴും അതിനുള്ളിൽ തുടിക്കുന്നുണ്ടെന്ന് വെറുതെ
വിശ്വസിക്കും, വെറുതെ .....