വാക്കായ് പിറക്കണം
കാർമേഘമാലയിൽ
ഒരു വെളുത്ത മുത്തായ്
മറഞ്ഞിരിക്കണം
മേഘരാഗത്തിലും
ഇളകാതിരിക്കണം
മഴയുടെ
മഞ്ഞിന്റെ
പുഴയുടെ
പൂവിന്റെ
കിളിയുടെ
കനവിന്റെ ...
മറ്റൊരു പേരായ്
നീ ധ്യാനിക്കുന്നൊരു
കന്യാപദമായ്
ഒരുങ്ങി നിൽക്കണം .
ഒരു വരിക്കായ് തപസ്സിരിക്കണം
ഇരുൾതിരുമുറ്റം വീണ്ടും കറുക്കും
താരങ്ങൾ
കൂട്ടത്തോടെ കളിക്കാനിറങ്ങും
അന്ന്
നീ അവസാനവരിയെഴുതും
അതിൽ അവസാനവാക്കായ്
സൂര്യകാന്തം പോൽ
ഞാൻ പൊഴിയും
വീണ്ടും വീണ്ടും വായിച്ച്
നീയതിന്റെ പൊരുളാകും .
ഒരു നാൾ
ചുവന്നു ചുവന്ന്
സൂര്യനൊരു പട്ടുടയാടയായ്
ഭൂമിയെ പൊതിയും
അന്ന്
വാക്കും പൊരുളുമായ്
നാമൊടുങ്ങും ..!