2014, ഓഗസ്റ്റ് 12, ചൊവ്വാഴ്ച

വാതിൽ മലർക്കെ തുറന്നുവച്ച് നോക്കിനില്ക്കുന്നുണ്ട് ത്രേസ്യാമ്മചേടത്തി .
ഒരല്പം അക്ഷമ , പരിഭവം ,സങ്കടം ഒക്കെ വായിച്ചെടുക്കാം ആ
ചുളിവുവീഴാത്ത മുഖത്തുനിന്ന് .
വൈകിപ്പോയതിന് ക്ഷമ ചോദിച്ച് , ആ മൃദുവായ വിരലുകൾ മുത്തി ,
പിറകെ നടന്നു .കടുക് പൊട്ടിച്ചിട്ട പുഴുങ്ങിയ കപ്പയും ചിരട്ടയിൽ
ഇടിച്ചെടുത്ത ചമ്മന്തിയും കട്ടൻചായയും ഓരോന്നായി മേശമേൽ ...
ഇന്ന് കേൾവിക്കാരിയാകാൻ പറ്റില്ല . വൈകിപ്പോയത്തിൻറെ ശിക്ഷ.

അരമണിക്കൂർ ബസ് യാത്രയ്ക്ക്  മുക്കാൽ മണിക്കൂർ  നടന്ന് ,കഥ പറഞ്ഞ് ,
ബസ്സിന്റെ അരികുസീറ്റ് പിടിച്ച് , ഓരോ നിമിഷത്തെയും പുതിയ പുതിയ
കാഴ്ചകളുടെ നുറുങ്ങുകളായി പെറുക്കിയെടുത്ത് , എവിടെയൊക്കെയോ
പറക്കാൻ ചിറകുകൾ തുന്നിക്കൂട്ടിയ, മതിവരാത്ത കലാലയജീവിതത്തിന്റെ,
സൗഹൃദത്തിന്റെ സുവർണകാലം .ഒരു  കഥയുടെ പരിവേഷത്തോടെ ആ
ഏട്  ത്രേസ്യാമ്മചേടത്തിയുടെ വിടർന്ന കണ്ണുകളിലേയ്ക്ക്  പറത്തിവിട്ട് ,
നാളേയ്ക്കായി ഇറങ്ങാൻ നേരം ഞാൻ ചോദിച്ചു ,

''ഇനിയൊരു  ഒരു 'കാര്യം'  പറയട്ടെ ?''
'' പറയൂ .''
'' മടുത്തു , ശരിക്കും ...''.
'' ഇത്രയും വേഗം .... ! മൂന്നുമാസം പോലും തികഞ്ഞില്ലല്ലോ,പോയിട്ട്?"
''ഇവിടെ ഒരു കാറ്റുപോലും ചോദിച്ചു മടങ്ങുന്നതിങ്ങനെയാണ് ,
പേര് ?..ഉത്തരത്തിന്റെ വാലിൽ നിന്ന് പ്രതീക്ഷിച്ചത് കിട്ടിയില്ലെങ്കിൽ
അടുത്ത ചോദ്യം ? ഏതു മതത്തീന്നാ ? പുതിയ നാടല്ലെ , വിരോധം
ഭാവിക്കാതെ , ഉള്ള് കാട്ടാതെ പെറ്റമ്മയുടെ മതം വ്യക്തമാക്കുമ്പോൾ
അടുത്ത ചോദ്യം എൻ എസ് എസോ എസ് എൻ ഡി പിയോ ? ഒരു
ന്യൂനപക്ഷത്തിന്റെയോ   ഭൂരിപക്ഷത്തിന്റെയോ  വക്താവാണെന്ന
തരംതിരിവില്ല ഇവിടത്തെ കാറ്റിന് .കാറ്റുകൊള്ളാത്തൊരു കൂട് ......?

ത്രേസ്യാമ്മചേടത്തി ഒരൽപംകൂടി കുനിഞ്ഞു .കവിളിലെ  തണുപ്പിലലിഞ്ഞ
ബേബി പൗഡറിന്റെ മണം.''ഞാൻ നിന്നെ അറിയുന്നു , നീ എന്നെയും.അത് 
ഏതു മതത്തെ സാക്ഷ്യ പ്പെടുത്തിയാണ് ........ലോകം മാറിമറിയുന്നു , ഒരു
'മനുഷ്യനെ' കണ്ടുമുട്ടാൻ തന്നെ ഏറെ ദൂരം അലയേണ്ടി വരുന്നു .............''
വാക്കുകളുടെ ആ പ്രവാഹത്തിൽ ഓരോ വരിയുടേയും അവസാനം ഞാൻ
വായിച്ചു നിർത്തിയത് ഏതു ലിപിയിലെഴുതിയാലും ഉറവ വറ്റാത്ത ഒരു വാക്ക് .!

ഇവിടെ , 'ഇനിയെന്റെ ചങ്ങാതികൾ മരിച്ചവരാണ്‌ ' .


#

2014, ഓഗസ്റ്റ് 6, ബുധനാഴ്‌ച

പടവുകളിലേയ്ക്ക്  നോക്കി നിന്നു .
ഒരു നിമിഷം ധ്യാനത്തിനായി കണ്ണുകളടച്ചു പിടിച്ചു .
മിനുസപ്പെടുത്തിയ നിലത്ത് , അടുത്തടുത്തു വരുന്ന കാലൊച്ച ..
ഒരു വടിയുടെ , താളത്തോടെയുള്ള അനുഗമനം .
വിഖ്യാതമായ മാന്ത്രികവടി .
'' ഞാൻ കടമറ്റത്തു കത്തനാർ , നീ ? ''
പേര് ഓർത്തെടുക്കാൻ മിനക്കെടാതെ ഞാൻ പറഞ്ഞു ,
'' ' വീട് നഷ്ടപ്പെട്ട ഒരു കുട്ടി ' ''
കത്തനാർ ചിരിച്ചു .
'' എന്നാണ്‌ നിനക്ക് ആദ്യമായി വീട് നഷ്ടമായതെന്ന് ഓർമ്മയുണ്ടോ ?'
എനിക്ക്  ഓർത്തെടുക്കേണ്ടി വന്നില്ല .
'' വാക്കേറുകൊണ്ട്  കരൾ മുറിയുമെന്ന് തിരിച്ചറിയാൻ തുടങ്ങിയ ബാല്യത്തിലെ
ഒരു ദിവസം .''
കത്തനാർ വീണ്ടും ചിരിച്ചു .
ഞാൻ തുടർന്നു , '' ഓരോ തവണ വീട് നഷ്ടപ്പെടുമ്പോഴും കടൽക്കരയാകെ
ഒരു മുഖം തിരയും ,തളരുമ്പോൾ കടലിന്  കാണാത്ത അമ്മയുടെ മുഖം വരയ്ക്കും.
തിരകളെ അമ്മയുടെ നീണ്ട കൈകളാക്കും , എന്നിട്ട് ആ കൈകളിൽ .......''
കത്തനാർ ചിരിച്ചില്ല .
'' കുട്ടിയെ നഷ്ടമായ വീടുകളെക്കുറിച്ച്  നീ വേവലാതിപ്പെടാറുണ്ടോ ?
ഒളിച്ചിരുന്നു കരയാൻ ഒരലമാരയോ ഒരു മേശയോ തികയാതെ ഒരു
മരത്തണലിനായി പ്രാർഥനയോടെ നില്ക്കുന്നവരെക്കുറിച്ച് ?''

ഉത്തരം പറയാൻ ധൃതിപ്പെടുന്നതിനു മുന്പേ  ഒരു സാക്ഷ്യപ്പെടുത്തലായി
കാഞ്ഞങ്ങാടു നിന്ന് കോട്ടവാതിൽ പിന്നിട്ട്‌ , അമ്മിണിയും മുവാറ്റുപുഴയിലെ
കുഴിമാടത്തിൽ നിന്ന് ത്രേസ്യാമ്മചേടത്തിയും .കഥകൾ കേട്ടും പറഞ്ഞും
വരാന്തയിൽ വിശ്രമിച്ച അമ്മിണിയുടെ തലയിലെ ഭാണ്‍ഡക്കെട്ടിനു അതേ വലിപ്പം .
കഴിഞ്ഞമാസം വിടചൊല്ലിപ്പിരിഞ്ഞ ത്രേസ്യാമ്മചേടത്തീടെ കമ്മലിന് അതേ
തിളക്കം .രണ്ടുപേരെയും കെട്ടിപ്പിടിക്കാൻ കൈവിടർത്തുമ്പോൾ അകന്നുപോകുന്ന
കാലൊച്ച , പൊടുന്നനെ അപ്രത്യക്ഷമാകുന്ന മാന്ത്രികവടി .........!