എന്‍റെ അച്ഛന് ദൈവത്തിന്‍റെ ഛായയായിരുന്നു . നല്ല ശീലങ്ങള്‍
മാത്രം പഠിപ്പിച്ച ഗുരുനാഥന്‍ ....പഠിപ്പിച്ചതൊക്കെയും ചൊല്ലി
ചൊല്ലി മന:പാഠമാക്കി ഞാനും ഗുരുവായി . വായ വിട്ടിറങ്ങുന്ന
വാക്ക് ശുദ്ധവും സഭ്യവുമായിരിക്കണമെന്നും ആരെയും
വേദനിപ്പിക്കാന്‍ നമുക്കവകാശമില്ലെന്നും ഞാനും ചൊല്ലി പഠിപ്പിച്ചു ..
അച്ഛന്‍റെ വലിയ വയറിനു മുകളില്‍ കാലിനു വിശ്രമം കൊടുത്ത്
ഉറങ്ങിയ ബാല്യം തന്നെയാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും
സുന്ദരമായ കാലം . എന്‍റെ കുട്ടികള്‍ക്ക് അവരുടെ അമ്മയുടെ
നെഞ്ചിലെ മിടിപ്പുകളുടെ താളം കേട്ട് സുഖമായി ഉറങ്ങാന്‍
കഴിഞ്ഞതുംഅച്ഛന്‍ പഠിപ്പിച്ച സ്നേഹത്തിന്‍റെ പാഠം അക്ഷരത്തെറ്റ്
കൂടാതെ പഠിച്ചതുമൂലം ...
കണ്ടിട്ടില്ലാത്ത ലോകത്തേയ്ക്ക് പോയി മറഞ്ഞെങ്കിലും ഞാനെന്നും
അച്ഛനെ കാണുന്നു എന്നത് എന്‍റെ മാത്രം അറിവ് . കൂരിരുട്ടില്‍
മിന്നാമിനുങ്ങായി വന്നു പ്രകാശം വിതറി , രൂപമെടുക്കുന്ന
അച്ഛന്‍റെ പ്രായഭേദങ്ങള്‍ .....
മുറ്റത്തെ മഴവെള്ളത്തില്‍ കടലാസ്സിന്റെ കളിവഞ്ചിയുണ്ടാക്കി
ഒഴുക്കി വിടാന്‍ ഞങ്ങളോടൊപ്പം കൂടുന്ന അച്ഛന്‍ ..
സമൃദ്ധമായതലമുടിയില്‍ കാലം തെറ്റി വന്നണയുന്ന വെള്ളിരേഖകള്‍
പിഴുതു കൊടുക്കുന്നതിനു കൂലി തരാമെന്നു പറയുന്ന അച്ഛന്‍ ....
മത്സരത്തിനൊടുവില്‍ ചേട്ടന്‍ തലമുടി സ്വന്തമാക്കുമ്പോള്‍ ഒരു
പരാതിയുമില്ലാതെ നെഞ്ചിലെ മുടിയില്‍ സമൃദ്ധി കണ്ടെത്തുന്ന
എന്നെ നോക്കി ചാരുകസേരയില്‍ ഉറക്കം നടിച്ചു കിടക്കുന്ന അച്ഛന്‍ ..
അടുക്കളയിലെ കസേരയില്‍ വിശാലമായിരുന്നുഅധ്യാപികയായിരുന്ന
അമ്മയ്ക്ക് ഉറക്കെ പത്രം വായിച്ചു കൊടുക്കുന്ന
പ്രധാനാധ്യാപകനായിരുന്ന അച്ഛന്‍ .....അമ്മയോടു പിണങ്ങി
ചോറുപാത്രം എടുക്കാതെ സ്കൂളില്‍ പോകാനിറങ്ങിയ എന്നെ
തിരികെ വിളിച്ചു , തുടയില്‍ കണക്കിനു പ്രഹരം തന്ന് , 'അന്നം '
ഈശ്വരനാണെന്ന് വേദനയിലൂടെ എന്നെ പഠിപ്പിച്ച അച്ഛന്‍ ...
പൊതിക്കെട്ടുമായി ഹോസ്ടലിന്റെ വരാന്തയില്‍ എന്നെ കാണാന്‍
കൊതിയോടെ കാത്തുനിന്ന എന്‍റെ അച്ഛന്‍ ...എന്നെ കൈ പിടിച്ചു
കൊടുത്ത് സുരക്ഷിതയാക്കിയ സ്നേഹനിധിയായ അച്ഛന്‍ ...
എന്‍റെ മുഖത്ത് പ്രകടമാകുന്ന ഭാവങ്ങളിലൂടെ എന്‍റെ മനസ്സ്
കൃത്യമായി വായിച്ചെടുത്തിരുന്ന അച്ഛന്‍ .. അവസാനം
ആശുപത്രി കിടക്കയില്‍ ശാന്തനായി , സംതൃപ്തനായി ഉറങ്ങുന്ന
ഒരു വെളുത്തുതുടുത്ത ശിശുവായി എന്‍റെ പ്രിയപ്പെട്ട അച്ഛന്‍ .
അച്ഛനെ കാണാനായി ഉറങ്ങിയ ഒരു രാത്രി ...... മുറുക്കി
പിടിച്ചിരിക്കുന്ന കൈക്കുള്ളിലെന്തോ ഒരു തിളക്കം .
ആ പ്രകാശത്തില്‍അച്ഛന്‍റെ മുഖം കുറേക്കൂടി ദീപ്തമായിരിക്കുന്നു .
ഇമ വെട്ടാതെ ഞാന്‍ നോക്കി നിന്നു , സമ്മാനം എന്താണെന്നറിയാന്‍
തിടുക്കമുണ്ടായിട്ടും , ക്ഷമയോടെ കാത്തുനിന്നു . വിലമതിക്കാനാവാത്ത
എന്തോ ഒന്നാവുമെന്നു ഞാനുറപ്പിച്ചു .
അച്ഛന്‍ മെല്ലെ കൈനിവര്‍ത്തി , ഞാനൊന്ന് ഞെട്ടിയോ ? മനോഹരമായ
ആ താക്കോല്‍ ..... ഒരിക്കല്‍ എന്‍റെ മോഹങ്ങളും സ്വപ്നങ്ങളും
താഴിട്ടു പൂട്ടി വച്ച് , സൂക്ഷിക്കാന്‍ഏല്‍പ്പിച്ച പെട്ടിയുടെ താക്കോല്‍ .
തിരികെതരാന്‍ ദൈവം മറന്നു പോയ താക്കോല്‍ ...
എന്‍റെ വിറയാര്‍ന്ന കൈകളിലേയ്ക്ക് വച്ചുതന്നിട്ട് അച്ഛന്‍ പറഞ്ഞു ,
"മോഹിച്ചോളൂ , എന്‍റെ കുട്ടി സ്വപ്നം കണ്ടോളൂ ,നിനക്കാവുംവിധം .
സപ്തവര്‍ണങ്ങളും ചാലിച്ച് ചിത്രം വരച്ചോളൂ .'' വര്‍ണചിത്രം
പകര്‍ത്താന്‍ ചുവരും ചായങ്ങളും ഇല്ലെന്നും കണ്ണട, എന്‍റെ
കാഴ്ചകളെ അലോസരപ്പെടുത്തുന്നു എന്നും ഞാന്‍ പറഞ്ഞില്ല .
അച്ഛനു വേദനിച്ചാലോ ... ഒരു പക്ഷെ വളരെ പാടുപെട്ടു
ഈശ്വരനില്‍ നേടിയതാവാം . അവാച്യമായ ആനന്ദത്തോടെ
മറയുന്ന അച്ഛനെ നോക്കി , ചിറകുകളും മോഹിച്ചു ഞാന്‍ നിന്നു .
ഉണര്‍ന്ന് ജനവാതിലിലൂടെഞാന്‍ നോക്കി , വെളിച്ചത്തിന്എത്താന്‍
സമയമായിട്ടില്ല ,കണ്ണടച്ചു കിടക്കാം , കണ്‍തടങ്ങളില്‍ സ്വപ്‌നങ്ങള്‍
മുത്തമിടുന്നതും കാത്ത് ..ഇനി ഉറക്കത്തിലും ഉണര്‍ന്നിരിക്കണം ,
സ്വപ്‌നങ്ങള്‍ കാണാനായി ............
*******************************************