അനഘ കണ്ണാടിയില്‍ നോക്കി , നെറ്റിയിലെ ചന്ദനകുറിക്ക് കൂടുതല്‍ തെളിച്ചം .
മുഖത്തെ കാളിമ കൂടുന്നതുകൊണ്ടാവം അങ്ങനെ . മൃദുത്വം നഷ്ടപ്പെട്ട ചുണ്ടുകള്‍ ,
തെളിച്ചം നഷ്ടപ്പെട്ട നീണ്ട വലിയ കണ്ണുകള്‍ ... വിലകൂടിയ മരുന്നുകളും ആധുനിക
ചികിത്സകളും നല്‍കിയ സമ്മാനങ്ങള്‍ .. വേദനയുണ്ടാക്കുന്നതൊന്നും കാണണ്ട എന്ന്
വീണ്ടും ശപഥം എടുത്ത് അവള്‍ കിടക്കയ്ക്കരികിലെയ്ക്കു നീങ്ങി .
ഇന്ന് അനഘയുടെ ഇരുപതാം പിറന്നാള്‍ , ആഘോഷങ്ങളില്ലാതെ ....
ആരവങ്ങളില്ലാതെ ഒരിക്കല്‍ കൂടി .. വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും
ഒരു പക്ഷെ തന്‍റെ ഹൃദയത്തിന്‍റെ മിടിപ്പുകളെ പിടിച്ചുനിര്‍ത്തിയേക്കാം . അമ്മ , രാവിലെ
നെറ്റിയിലും കവിളിലും തന്ന സമ്മാനങ്ങള്‍ കുളിര്‍മ്മയോടെ അവിടെത്തന്നെയുണ്ട്..
അമ്മയെ ഒരു ദിവസം പോലും അവധിയെടുക്കാന്‍ താന്‍ സമ്മതിക്കാറില്ല . അമ്മയുടെ
ഒരു നോട്ടത്തില്‍ ...ഒരു വാക്കില്‍ ആശ്വാസം കണ്ടെത്തുന്ന എത്രയോ രോഗികള്‍ ..അവരെ
നിരാശപ്പെടുത്തരുതെന്നു
തന്നെയാണ് തന്‍റെയും ആഗ്രഹം . നേരത്തെ എത്താമെന്ന് വാക്ക്
തന്ന് അമ്മ പോകുന്നതും അമ്മയുടെ വരവും കാത്തിരിക്കുന്നതും എന്നേ തനിക്ക്
ശീലമായിരിക്കുന്നു .
ഇന്നലെയും മഴ പെയ്തിരുന്നു . ഇന്നും മാനം കറുത്തിരുന്ടിരിക്കുന്നു .
ഭൂമിയില്‍ പതിക്കാനുള്ള വെമ്പലോടെ ഉരുണ്ടു കൂടിയ മേഘങ്ങള്‍ , പ്രത്യാശയോടെ
സൂര്യനെ മറച്ചുകൊണ്ട് നില്‍ക്കുന്നു . ജനാലകള്‍ തുറന്നിട്ട് , കട്ടിലില്‍ തലയണകള്‍
ചാരിവച്ച് അനഘ മാനം നോക്കി കിടന്നു . മഴ പെയ്തൊഴിയുമ്പോള്‍ രാത്രിയില്‍
നക്ഷത്രങ്ങള്‍ ഒന്നൊന്നായി വന്നണയും . അതില്‍ ഏറ്റവും തിളക്കമുള്ള ഒരു നക്ഷത്രത്തെ
കൈക്കുംബിളിലാക്കി അമ്മയുടെ നെറ്റിയില്‍ പതിപ്പിക്കണം . ചമയങ്ങള്‍ ഒന്നുമില്ലെങ്കിലും
തന്‍റെ അമ്മ എത്ര സുന്ദരിയാണെന്ന് അവളോര്‍ത്തു . അമ്മയുടെ കണ്ണുകളില്‍ നിന്നും
അടര്‍ന്നു വീഴാന്‍ മടിച്ചു നില്‍ക്കുന്ന കണ്ണീര്‍ക്കണങ്ങള്‍ സൂര്യനെ സ്വന്തമാക്കിയ പോലെ .
അനഘ ജനവാതിലിലൂടെ പുറത്തേയ്ക്ക് നോക്കി . കൈയെത്തുന്ന
ദൂരത്തായി പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ല . അവളെത്ര സുന്ദരി ..സുഗന്ധം പരത്തുന്ന
മുല്ലപ്പൂക്കള്‍ അണിഞ്ഞ് അഭിമാനത്തോടെ ഒരുങ്ങി നില്‍ക്കുന്നു . അവളോര്‍ത്തു, താനും
ഇതുപോലെ ഒരിക്കല്‍ തന്‍റെ അമ്മയ്ക്കും അഭിമാനമായിരുന്നല്ലോ . ആശുപത്രിയുടെ
തിരക്കുകളില്‍ നിന്ന് ഓടിയെത്തുന്ന അമ്മയ്ക്ക് താനും സമ്മാനങ്ങള്‍ കരുതി
വയ്ക്കുമായിരുന്നല്ലോ . ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയും മത്സരങ്ങളില്‍
വിജയിച്ചുമൊക്കെ . മാലാഖയായി വേഷമിട്ടാല്‍ കണ്ണുതട്ടുമെന്നു ഭയന്ന് അമ്മ
തടസം പറഞ്ഞതും ടീച്ചറോട് പറഞ്ഞ് തന്നെ ഒഴിവാക്കിയതുമൊക്കെ ഇന്നലെ
കഴിഞ്ഞതുപോലെ . അന്ന് തനിക്ക് അമ്മയോട് വല്ലാത്തത് ദേഷ്യം തോന്നിയിരുന്നു ..
മഴയുള്ള ഒരു രാത്രിയിലാണ് അച്ഛന്‍ അമ്മയോടു വഴക്കിട്ടു
പോയതെന്നറിയാം.എന്താണ് കാരണമെന്ന് താന് ഒരിക്കലും അമ്മയോട്
ചോദിച്ചിട്ടില്ല . അന്ന് അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിലും ചുവന്നു
തുടുത്ത കവിളിലും തുരുതുരെ ഉമ്മ കൊടുത്ത് ആശ്വസിപ്പിച്ച ഒരു പത്തു
വയസ്സുകാരിയായിരുന്നു അവള്‍ . അമ്മ എന്നും മൃദുവായി സംസാരിച്ചേ താന്‍
കേട്ടിട്ടുള്ളൂ . അന്നും അങ്ങനെ തന്നെയായിരുന്നു . തന്നില്‍ നിന്നും ഒരിക്കലും
പിരിയാന്‍ കൂട്ടാക്കാത്ത രോഗം തന്നെയായിരിക്കുമോ അച്ഛന്‍ അമ്മയില്‍ നിന്നും
അകലാന്‍ കാരണം ? പലപ്പോഴും അമ്മ പറയുന്നത് കേട്ടിട്ടുണ്ട് 'മോളുടെ കാര്യം
കഴിഞ്ഞേ മറ്റെന്തുമുള്ളൂ ' എന്ന് . കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കാതിരുന്നതും
അതുകൊണ്ടുതന്നെ . ആരോഗ്യമുള്ള ഒരു മകളെ അമ്മയ്ക്ക് കൊടുക്കാതിരുന്ന
ദൈവത്തോട് എന്നും പരാതിയാണല്ലോ തനിക്ക് .
മേഘങ്ങള്‍ മഴയായ് പതിക്കുന്നത് കാണാന്‍ ആകാശത്തേയ്ക്ക്
കൌതുകത്തോടെ നോക്കിക്കിടന്നു അനഘ . ഇളം കാറ്റ് കുളിര് കോരിയിട്ടുകൊണ്ട്
മെല്ലെ വീശുന്നുണ്ട് . ജലദോഷം വരുത്തരുതെന്ന് തങ്ക ചേച്ചിയുടെ ഓര്‍മ്മപ്പെടുത്തല്‍ .
അമ്മ വരുന്നതു വരെ നിധി പോലെ തന്നെ കാക്കുന്ന , അമ്മയുടെ പകരക്കാരി . അമ്മയുടെ
വയറിനകത്ത് താന്‍ സുഖമായി ഉറങ്ങിയപ്പോഴും തനിക്ക് കാവലായി ഉണ്ടായിരുന്നു അവര്‍ .
ശരിയാണ് ..ഒരു തുള്ളി മഴ വീണാല്‍പ്പോലും അപകടത്തിലാകുന്ന തന്‍റെ ആരോഗ്യം ..
അവള്‍ ജനവാതില്‍ മെല്ലെ അടച്ചു . പുറത്ത് മഴയുടെ മൃദുവായ ശബ്ദം . പണ്ട്
തിമിര്‍ത്തു പെയ്യുന്ന മഴയത്ത് , പെറ്റിക്കോട്ടുമിട്ടു, ബഹളമുണ്ടാക്കി കുളിച്ചിരുന്നത് അനഘ
ഓര്‍ത്തു . സോപ്പുമായെത്തുന്ന അമ്മയെ , ബലമായി പിടിച്ചു മഴ നനയിക്കുന്നതും
അമ്മയെ കെട്ടിപ്പിടിച്ചുനിന്നു മഴ നനഞ്ഞ് അവസാനം വിറയ്ക്കുന്നതും അച്ഛനെ നോക്കി
മടിയനെന്നു വിളിച്ച് കളിയാക്കിയതും ഇന്നലത്തെപ്പോലെ ....ഓര്‍മ്മകള്‍ ഒഴുകുകയാണ് ...
മഴ തോര്‍ന്നു . അനഘ വീണ്ടും ജനവാതില്‍ തുറന്നിട്ടു . ഉതിര്‍ന്നു
വീണ മുല്ലപ്പൂക്കള്‍ പരവതാനി വിരിച്ചിരിക്കുന്നു . കാറ്റിന് മുല്ലപ്പൂവിന്‍റെ സുഗന്ധം .
സന്ധ്യയാകാറായി . നിലവിളക്ക് തെളിക്കണം . ഇന്നും പരാതികള്‍ ഒന്നൊന്നായി പറയണം .
അമ്മയ്ക്ക് കൂട്ടായി ആരോഗ്യമുള്ള ഒരു മകളെ കൊടുക്കാമായിരുന്നില്ലേ എന്ന് ഇന്നും
ദൈവത്തോട് ചോദിക്കണം .
ടോമി കുരയ്ക്കുന്ന ഒച്ച കേട്ടു . അമ്മ എത്തിയിരിക്കുന്നു . വളരെ
ദൂരെനിന്നു തന്നെ അമ്മയുടെ വരവ് അവന്‍ അറിയും . താന്‍ എത്തുന്നതിനു മുന്പേ
അവന് അമ്മയുടെ അടുത്തെത്തണമെന്ന് വാശിയാണ് . സ്നേഹപ്രകടനങ്ങള്‍ നടത്തി ,
അമ്മയുടെ തലോടല്‍ കിട്ടിയല്ലാതെ അവന്‍ പിന്തിരിയുന്ന പ്രശ്നമില്ല . അനഘയ്ക്ക്
വല്ലാത്ത അരിശം തോന്നാറുണ്ട് അവനോട്.
ഇനി അമ്മയുടെ ലോകത്ത് അനഘ മാത്രം . കുളി കഴിഞ്ഞ്
വിടര്‍ത്തിയിട്ടിരിക്കുന്ന നീണ്ടു ചുരുണ്ട മുടി ...അമ്മ എന്തു സുന്ദരിയാണ് .തന്‍റെ
മുന്നില്‍ മാത്രമേ അമ്മ മുടി വിടര്‍ത്തിയിടാറുള്ളൂ . അലമാരയില്‍ അടുക്കി മാറ്റി
വച്ചിരിക്കുന്ന നിറമുള്ള സാരികള്‍ അമ്മയ്ക്ക് എന്തു ഭംഗി നല്‍കും .. അമ്മ അതൊന്നും
തൊടാറെയില്ല . നിറം മങ്ങിയ സാരികളിലും അമ്മ സുന്ദരി തന്നെ . അലമാര തുറന്ന്,
പതിവുപോലെ വന്നുചേര്‍ന്ന പിറന്നാള്‍ സമ്മാനം അമ്മ അനഘയുടെ കൈകളിലേയ്ക്ക്
വച്ചു . അവള്‍ അത് ഇതുവരെയും തുറന്നുനോക്കിയിട്ടില്ലാത്ത സമ്മാനങ്ങള്‍ക്കൊപ്പം
ചേര്‍ത്തുവച്ചു . അച്ഛന്‍ മുടങ്ങാതെ കൊടുത്തയക്കുന്ന സമ്മാനപ്പൊതി ....അതിനുള്ളില്‍
എന്താണെന്നറിയാന്‍ ഒരിക്കല്‍പോലും ആഗ്രഹം തോന്നിയിട്ടില്ല .
അമ്മ അടുത്തുവന്നിരുന്നു . പായസം കുടിക്കുന്നതിനിടയിലും
ആശുപത്രി വിശേഷങ്ങള്‍ അറിയാനായിരുന്നു അനഘയ്ക്ക് താല്പര്യം . ഒരിക്കലും
ഒരു രോഗിയും മരിക്കുന്നതായി അമ്മ പറയാറില്ല . എല്ലാവരും രോഗത്തില്‍ നിന്നും
മുക്തി നേടുന്നവര്‍ . പിന്നെ കിടക്കയില്‍ നിവര്‍ത്തിയിട്ടിരിക്കുന്ന പുസ്തകങ്ങള്‍
അടുക്കി വയ്ക്കുന്ന കൂട്ടത്തില്‍ അമ്മയുടെ വിരലുകള്‍ പാട്ട് പെട്ടിയുടെ സ്വിച്ചിലേയ്ക്ക് നീണ്ടു .
കട്ടിലിനടുത്തായി നീക്കിയിട്ട ചാരുകസേരയില്‍ കണ്ണുകളടച്ചു കിടന്നു പാട്ട് കേള്‍ക്കുന്ന
അമ്മ ഒരു അപ്സരസാണെന്ന് തോന്നി . താന്‍ ഉറങ്ങാന്‍ കിടക്കുമ്പോഴേയ്ക്കും
അമ്മയ്ക്ക് ഫോണ്‍ കോളുകളുടെ ബഹളമാണ് . രോഗികളുടെയും അവരുടെ
ബന്ധുക്കളുടെയും പിന്നെ സംശയം ചോദിച്ചുകൊണ്ട് സഹപ്രവര്‍ത്തകരുടെയും .
ഈയിടെ കുറച്ചു നാളായി വൈകിയെത്തുന്ന ഒരു ഫോണ്‍
കോള്‍ അമ്മയെ എന്തെന്നില്ലാത്ത സന്തോഷത്തിലെത്തിക്കുന്നത് അനഘ ശ്രദ്ധിച്ചിരുന്നു .
അമ്മയുടെ വേദനകളും അനുഭവങ്ങളുമൊക്കെ മറയില്ലാതെ പറഞ്ഞ് ആശ്വസിക്കാന്‍
ആരെയോ അമ്മയ്ക്ക് കൂട്ടിനായി കിട്ടിയിരിക്കുന്നു . വെറും മൂളലുകളില്‍ മാത്രം
ഒതുങ്ങിയിരുന്ന സംസാരം സമയത്തെ അവഗണിച്ചുകൊണ്ട് നീണ്ടുപോകുകയായിരുന്നു .
ആദ്യമൊക്കെ ഉറക്കം നടിച്ചും പിന്നീട് ഉറങ്ങാനായി പ്രാര്‍ഥിച്ചുകൊണ്ടും അനഘ
കിടന്നു . അമ്മയുടെ മുഖത്ത് വിടരുന്ന സന്തോഷം ..പ്രകാശം ഒക്കെ കണ്ണടച്ച് കിടന്ന്
അവള്‍ കണ്ടുകൊണ്ടിരുന്നു . തന്‍റെ ജീവിതത്തിലൊരിക്കലും അമ്മയെ ഇത്രയും
സന്തോഷവതിയായി കണ്ടിട്ടില്ലല്ലോ . അമ്മ കുറേക്കൂടി ചെരുപ്പമായിരിക്കുന്നു .
പാടാന്‍ മറന്ന അമ്മ , പാട്ടുകള്‍ മൂളാന്‍ തുടങ്ങിയിരിക്കുന്നു . ഇടതൂര്‍ന്ന മുടിക്കിടയില്‍
നിന്നും വെള്ളിരേഖ കണ്ടുപിടിക്കാന്‍ പാടുപെടുന്നു ..ആരും കാണാതെ നെറ്റിയില്‍
പൊട്ടു കുത്തി നോക്കുന്നു ..വീണ്ടും മായ്ക്കുന്നു ...അങ്ങനെ തന്‍റെ അമ്മ ജീവിതത്തെ
സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു . ആരായിരിക്കും അതിനു കാരണക്കാരനായ ആള്‍ ?
അമ്മയുടെ മനസ്സിന് കുളിര്‍മ പകരുന്ന ആ വാക്കുകള്‍ എന്തൊക്കെയാവും ? എന്തായാലും
അതൊരു മാന്ത്രികന്‍ തന്നെയാവും .. സ്നേഹത്തിന്‍റെയും സാന്ത്വനത്തിന്റെയും ചരടുകള്‍
കൊണ്ട് അമ്മയെ കെട്ടിയിട്ട മാന്ത്രികന്‍ ...അടുത്ത പിറന്നാളിന് അമ്മയോട് ഒരു
സമ്മാനം ആവശ്യപ്പെടണം .. തന്‍റെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് പറയണം .
കണ്ണടച്ച് കിടന്ന് അനഘ ഈശ്വരനോട് ഉള്ളുരുകി പ്രാര്‍ഥിച്ചു . തന്‍റെ അമ്മയുടെ ഈ
സന്തോഷം ഒരിക്കലും തിരിച്ചെടുക്കരുതെ എന്ന് . തന്നെ തിരികെ വിളിച്ച് ഒപ്പം
നടത്തുമ്പോള്‍ അമ്മയ്ക്ക് കൂട്ടിനായി ഇവിടെ ഒരാള്‍ ഉണ്ടാകണേ എന്ന് .......