2010, നവംബർ 1, തിങ്കളാഴ്‌ച

''നടന്നുപോയവള്‍ ''

എന്‍റെ ബ്ലോഗെഴുത്ത് തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു .
ഇന്ന് ഞാന്‍ ഒരാളെ പരിചയപ്പെടുത്തുന്നു . ഷീബ അമീര്‍ .
സാമൂഹ്യപ്രവര്‍ത്തക , കഥാകാരി , കവയിത്രി , എന്‍റെ ആത്മമിത്രം .

ആയിരത്തിതൊള്ളായിരത്തിഅറുപത്തിയൊന്നില്‍ പുന്നയൂര്‍ക്കുളം
വലിയകത്ത് പെരുംബുള്ളിപ്പാട്ട് വീട്ടില്‍ ജനിച്ച് തൃശ്ശൂരില്‍ വളര്‍ന്നു .
''നേടിയെടുക്കുക എന്നതിന് പകരം അവനവനായിത്തീരുക എന്നതാണ്
നേട്ടമെന്നും ഹൃദയത്തിന്‍റെ ആര്‍ദ്രതയാണ് ഏറ്റവും വലിയ ശക്തി
എന്നും ഒരുമയിലൂടെയാണ് ഒരാള്‍ ഒരാളാകുന്നതെന്നും ജീവിച്ചു
കാണിച്ചു കടന്നു പോയ '' സാമൂഹ്യപ്രവര്‍ത്തകനായിരുന്ന
ശ്രീ . പി .കെ .എ . റഹിം എന്ന വാപ്പയുടെ മകള്‍ . ദീര്‍ഘകാലമായി
രോഗപീഡ അനുഭവിക്കുന്ന കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും
സാന്ത്വനമായി '' SOLACE ' എന്ന തണല്‍ ,അശരണരായ സ്ത്രീകള്‍ക്കായി
'Creative Expressions ' എന്ന പേരില്‍ തൊഴിലവസരം നല്‍കുന്ന
സ്ഥാപനം , ഇങ്ങനെ വാപ്പ എന്ന വെളിച്ചത്തെ പിന്തുടരുന്നു മകളും .

ഷീബ അമീറിന്‍റെ 'നടന്നുപോയവള്‍ ' എന്ന പുസ്തകത്തിലെ
ജീവിതാനുഭവങ്ങളുടെ പകര്‍ത്തലില്‍ നിന്ന് ഒരെണ്ണം നിങ്ങള്‍ക്കായി
തരുന്നു . '' മകന്‍റെ മജ്ജ മകള്‍ക്ക് മാറ്റിവയ്ക്കപ്പെട്ട് , മകനും മകളും
ആശുപത്രി കെട്ടിടത്തിന്‍റെ വിവിധ നിലകളിലെ രണ്ടു വാര്‍ഡുകളില്‍
കിടക്കുമ്പോള്‍ അവയ്ക്കിടയിലെ ഒരിടനാഴിയിലെ കസേരയിലിരുന്ന്
ഉരുകുന്ന ഒരു അമ്മയുടെ വേദന എന്നെ വല്ലാതെ അലട്ടി '' ഇത് ആ
പുസ്തകത്തിന്‍റെ അവതാരികയില്‍ ശ്രീമതി . ജെ .ലളിതാംബിക , IAS
എഴുതിയ വാചകം , അതിലെ അമ്മ ഷീബ അമീറും.

''ഹൃദയസ്പര്‍ശം ''

രണ്ടുദിവസമായി എന്തു കാര്യം ചെയ്യുമ്പോഴും ഓര്‍മ വരുന്നത്
ആ രണ്ടു കണ്ണുകളാണ് . ആ വീടാണ് .

ചാണകം മെഴുകിയ മുറ്റം .അരികില്‍ ചെണ്ടുമല്ലിയും നിത്യകല്യാണി
പൂക്കളും . ചവിട്ടുപടി കയറിയാല്‍ അറ്റം വരെ കെട്ടിയ തിണ്ണ .

പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കഴിഞ്ഞ തവണ
രാജനെ കാണാന്‍ ചെന്നപ്പോള്‍ കുറെ സുഖമുണ്ടായിരുന്നു . പറമ്പില്‍
കുരുമുളക് പറിക്കുന്നിടത്ത് നിന്നാണ് അന്ന് ഓടിവന്നത് . കഴുത്തില്‍
ക്യാന്‍സര്‍ ആണ് രാജന് . അസുഖവും വച്ച് ഇതൊക്കെ
ചെയ്യുന്നുണ്ടെന്നറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കും ഉത്സാഹമായിരുന്നു .

എന്നാല്‍ കഴിഞ്ഞ ദിവസം ഞങ്ങളവിടെ ചെന്നു , ''അച്ഛന് എണീറ്റ്‌
നടക്കാന്‍ പറ്റാത്തത്ര കിടപ്പാണ് '' മരുമകള്‍ വന്ന് പറഞ്ഞു . രാജന്‍
കിടക്കുന്നിടത്തെയ്ക്ക് ഞങ്ങള്‍ ചെന്നു . ഭാര്യ വീശിക്കൊടുക്കുന്നുണ്ട്.
വെളുത്ത നീണ്ട ശരീരം കുറച്ചുകൂടി മെലിഞ്ഞു .കഴുത്തിലെ ട്യൂമര്‍
ഇപ്പോള്‍ വലുതായിരിക്കുന്നു . അതില്‍ തുണി ചുറ്റിക്കെട്ടിയിട്ടുണ്ട് .

അനങ്ങാതെ , തല ചരിച്ച് , കവിള്‍ തലയിണയില്‍ അമര്‍ത്തിവച്ച് ,
കിടക്കുകയാണ് .ഞങ്ങളുടെ കാല്‍പ്പെരുമാറ്റം കേട്ടതും കണ്ണുകള്‍
തുറന്നു , ഞങ്ങളെ നോക്കി '' ദൈവമേ ആ നോട്ടം അഭിമുഖീകരിക്കാന്‍
പറ്റുന്നില്ലല്ലോ '' കണ്ണുകള്‍ കുറച്ചു മങ്ങിയിട്ടുണ്ട് .നേര്‍ത്ത വെള്ളപ്പാട
വന്നപോലെ . കറുത്ത തിളങ്ങുന്ന നക്ഷത്ര കണ്ണുകള്‍ക്കാണ് തീക്ഷ്ണത
കൂടുതലെന്ന് ആരാണ് പറഞ്ഞത് ?

ശാന്തതയേറുംതോറും ആ കണ്ണുകള്‍ ശാന്തമായിക്കൊണ്ടിരുന്നു . അവ
ഇടയ്ക്കെങ്കിലും ഒന്നു ചിമ്മിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിച്ചു .

നമ്മള്‍ അനുഭവത്തിലൂടെ പഠിക്കുന്ന , പഠിപ്പിക്കുന്ന കാര്യങ്ങള്‍
മനസ്സിലൂടെ വരിയിട്ട് പോകുന്ന പുളിയുറുംബുകളായി .''രോഗിക്കുവേണ്ടി
ഒന്നും ചെയ്യാനില്ലാത്ത ഒരവസ്ഥയില്ലെന്നു പറയുന്നു പാലിയേറ്റീവ് കെയര്‍ ''

രാജന്‍ ഗുളികകളൊന്നും കഴിക്കുന്നില്ല .കഴിക്കാന്‍ സാധിക്കുന്നില്ല . പക്ഷെ
അതുകൊണ്ട് ബുദ്ധിമുട്ടൊന്നുമില്ല .ഡോക്ടറുടെ ചോദ്യങ്ങള്‍ക്ക് പതുങ്ങി ,
പതുക്കെ ഉത്തരങ്ങള്‍ വന്നു . '' രാജന് ബുദ്ധിമുട്ടൊന്നും ഇല്ലാത്ത സ്ഥിതിക്ക്
മരുന്നൊന്നും വേണ്ട '' ഡോക്ടര്‍ പറഞ്ഞു .

വയറൊട്ടി നെഞ്ചിന്‍കൂടിന്റെ എല്ലുകള്‍ മാത്രം കാണാം . എന്നാല്‍
അയാളുടെ കൈകള്‍ക്ക് മാത്രം ക്ഷീണം ബാധിച്ചിട്ടില്ല .ഞാനാ കൈകളില്‍
പിടിച്ചു . പതുക്കെ ചുണ്ടുകള്‍ വിടര്‍ന്നു . ഒരു ചെറിയ ചിരി . എന്നെ
സമാധാനിപ്പിക്കാനായിരുന്നോ ചിരിച്ചത് ? എന്‍റെ കൈയില്‍ രാജന്‍
അമര്‍ത്തിപ്പിടിച്ചു . കണ്ണുകളില്‍ നനവ്‌ . കട്ടിലിന്‍റെ തലയ്ക്കല്‍ കിടന്ന
ഒരു തുണിയെടുത്ത് ഞാനാ കണ്ണുകള്‍ തുടച്ചു . തീയില്‍ തൊട്ടതുപോലെ
ഞാന്‍ കൈ വലിച്ചു '' ഞാനെന്താണീ ചെയ്തത് , ആ കണ്ണീര്‍ തുടയ്ക്കാന്‍
ഞാന്‍ തുണിയെടുത്തത് എന്തിനാണ് , '' പിന്നെ എന്‍റെ കൈവിരല്‍ കൊണ്ട്
വേദനിപ്പിക്കാതെ ഞാനാ കണ്ണുകള്‍ തുടച്ചു . കറുപ്പും വെളുപ്പുമാര്‍ന്ന
ആ മുടിയിഴകളിലൂടെ ഞാന്‍ വിരലോടിച്ചു . അപ്പോള്‍ രാജന്‍ അനുഭവിച്ച
സുഖം എന്‍റെ വിരല്‍തുമ്പില്‍ ഞാന്‍ അറിഞ്ഞു .

ഒരു കൊല്ലം മുന്‍പ് , എന്‍റെ ഒരമ്മാവന്‍ തീരെ സുഖമില്ലാതെ
മരണത്തിലേയ്ക്ക് പൊയ്ക്കൊണ്ടിരുന്നത് ഓര്‍മ വന്നു . മിക്കവാറും
ദിവസങ്ങളില്‍ ഞാന്‍ കാണാന്‍ ചെല്ലുമായിരുന്നു . അടുത്തുചെന്നിരുന്നു
ആ കൈകളില്‍ പതുക്കെ തൊടുമ്പോള്‍ , എന്‍റെ കൈ ഹൃദയത്തോട്
ചേര്‍ത്തുവച്ച് പറയുമായിരുന്നു '' എന്തു സുഖമാണ് '' , എനിക്കറിയാം
ആ സുഖത്തെക്കുറിച്ച് . എന്‍റെ നിസ്സഹായതയില്‍ നിന്ന് , ആ
നിസ്സഹായാതയിലെയ്ക്ക് സ്നേഹം പകരുമ്പോഴാണ് ആ സുഖം
ഉണ്ടാകുന്നത് .രാജന്‍റെ കൈകളില്‍ സ്പര്‍ശിച്ചപ്പോള്‍ , എന്‍റെ വിരല്‍തുമ്പ്‌
കേട്ടറിഞ്ഞതും അതേ ശബ്ദമായിരുന്നു . ''എന്ത് സുഖമാണ് ''.

ഞങ്ങള്‍ ഇറങ്ങാന്‍ നേരത്ത് രാജന്‍റെ ഭാര്യ കരയുന്നുണ്ടായിരുന്നു .
''കഴിയുന്നത്ര അടുത്തിരിക്കണം, വെറുതെ വിരലുകളില്‍ മുടിയൊക്കെ
തലോടണം '' എന്നെക്കാള്‍ ഒരായിരം മടങ്ങ്‌ അവര്‍ അയാളെ
സ്നേഹിക്കുന്നില്ലേ , എന്നെക്കാള്‍ ഒരു കോടി അവര്‍ സങ്കടപ്പെടുന്നില്ലേ ,
പക്ഷെ എനിക്കത് പറയാതിരിക്കാന്‍ കഴിഞ്ഞില്ല . രാജനുവേണ്ടി മറ്റു
കാര്യങ്ങള്‍ ചെയ്യുന്നതില്‍ മുഴുകി ഇതൊക്കെ മരന്നുപോയാലോ .

മരണത്തിലേയ്ക്ക് അടുക്കുകയാണ് അയാള്‍ , പരാതിയോ പരിഭവമോ
ഇല്ലാതെ .
രാജനുവേണ്ടി ഇനി ഇതുമാത്രമേ ചെയ്യേണ്ടതുള്ളൂ . വെറുതെ
വിരലുകള്‍ ......മുടിയിഴകളിലൂടെ തലോടല്‍ .
**************************************************